“നിനക്ക് അച്ഛനും അമ്മയും ഇല്ലെന്ന് തോന്നുന്ന ദിവസം അന്ന് ഞാൻ പരാജയപ്പെട്ട ദിവസമായിരിക്കും ഫിലിപ്പേ…” ആ രാത്രി…ഫിലിപ്പ് ആദ്യമായി മനസ്സിലാക്കി രക്തബന്ധം മാത്രം അല്ല കുടുംബം. ആ ഓർമ്മ ഇപ്പോൾ വീണ്ടും അവന്റെ മനസ്സിലേക്ക് വന്നു. ജീപ്പിന്റെ സീറ്റിൽ ഇരുന്നുകൊണ്ട് അവൻ നിശബ്ദമായി കണ്ണുകൾ അടച്ചു. ഇത്രയും കാലം താങ്ങിനിർത്തിയ ആ കൈ വിട്ട് പോകുകയാണ് അവൻ… ഇന്ന് ആദ്യമായി ഫിലിപ്പിന് തോന്നി… ജീവിതം മുന്നോട്ട് പോകുന്നത് ചിലപ്പോൾ പിരിയലുകളിലൂടെയാണ്! അവൻ ഓർമ്മകളിൽ നിന്ന് ഉണർന്നു)
അച്ഛൻ ഒരു നിമിഷം അവനെ നോക്കി.
എന്തായിരുന്നു അച്ചോ കാര്യം? പത്രോസ് തിരക്കി.
പത്രോസേ… ഞാനിവന് വേണ്ടി പോയതാടാ. ഒരു ജോലിക്ക്. എത്ര കാലം വരെ ഇവൻ എന്റെ കൂടെ നടക്കും? പത്തിരുപത്തി രണ്ടു വയസ്സായി. ഈ പ്രായത്തിൽ ജീവിതം കുറച്ചു മുന്നോട്ട് കൊണ്ടുപോകേണ്ടതല്ലേ…പത്രോസ് ശ്രദ്ധയോടെ വണ്ടി ഓടിച്ചു കൊണ്ട് പറഞ്ഞു.
അതേതായാലും നന്നായി അച്ചോ…നല്ല പ്രായം ആണ്. ഇപ്പൊ തന്നെ എങ്ങനെയെങ്കിലും പിടിച്ചു കയറടാ മോനേ, അവൻ പറഞ്ഞു.
ആ വാക്കുകൾ വായുവിൽ ഒഴുകി…പക്ഷേ ഫിലിപ്പിന്റെ മനസിലേക്കെത്തിയില്ല.
അച്ഛൻ വീണ്ടും ശാന്തമായി തുടങ്ങി.
നിനക്കും ഒരു ജീവിതം വേണമല്ലോ മോനേ… പഠനം കഴിഞ്ഞു. ഇനി ഒരു ജോലി… അത്ര കണ്ടാൽ മതി.
ഫിലിപ്പ് മിണ്ടാതെ കേട്ടു. എടാ മോനേ… നാളുകൾ കടന്നു പോവും…! ജീവിതത്തിൽ പലപ്പോഴും ഒറ്റപ്പെടേണ്ടി വരും… അതൊക്കെ സഹിക്കാൻ പഠിക്കണം. “കർത്താവിനേയും നോക്ക്…” എത്രയോ പ്രാവശ്യം ഒറ്റപ്പെട്ടിട്ടുണ്ട്…”
