അവൾ ആദ്യം നോട്ടം മാറ്റിയില്ല.
അതാണ് ഫിലിപ്പിനെ കൂടുതൽ ആശ്ചര്യപ്പെടുത്തിയത്.
അവന്റെ മുഖത്തിന്റെ വെളിച്ചം, മൃദുവായ കണ്ണുകൾ, ആ നിഷ്കളങ്കത..അവൾ കണ്ടുനിന്നു.
പിന്നെ, അറിയാതെ അവളുടെ ചുണ്ടിന്റെ വക്കിൽ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു.
അത് കണ്ട നിമിഷം ഫിലിപ്പിന്റെ ഹൃദയം ഒന്ന് മിടിച്ചു.
അവൻ എന്ത് ചെയ്യണമെന്നറിയാതെ ചെറുതായി തല താഴ്ത്തി.
വീണ്ടും മുകളിലേക്ക് നോക്കുമ്പോഴേക്കും അവൾ പതുക്കെ തിരിഞ്ഞ് മാറിയിരുന്നു.
പക്ഷേ..അവളുടെ ആ ചെറിയ പുഞ്ചിരി ഇനിയും ജനലിനരികിൽ നിൽക്കുന്നതുപോലെ തോന്നി.
ഫിലിപ്പ് കുറച്ചുനേരം കൂടി അവിടെ തന്നെ നിന്നു. വൈകുന്നേര കാറ്റ് അകത്തേക്ക് വീശിയെങ്കിലും അവന്റെ ഉള്ളിൽ പടർന്നത് മറ്റൊരുതരം ചൂടായിരുന്നു.
ആ രാത്രി അവൻ ഉറങ്ങാൻ കിടന്നപ്പോൾ അവന്റെ മനസ്സിൽ വീണ്ടും വീണ്ടും വന്നത് അവളുടെ മുഖമല്ലായിരുന്നു.
അവളുടെ ആ കണ്ണുകളായിരുന്നു.
അവൻ ഉറക്കത്തിലേക്ക് കീഴടങ്ങി.
പിറ്റേന്ന് രാവിലെ.
ഫിലിപ്പ് വളരെ നേരത്തേ എഴുന്നേറ്റു.
പുതിയ ഇടത്തിന്റെ അപരിചിതത്വം കൊണ്ടാവാം, അല്ലെങ്കിൽ ഉള്ളിലെ ആ ചെറു അസ്വസ്ഥത കൊണ്ടാവാം,
അവന് വീണ്ടും ഉറങ്ങാനായില്ല.
പുറത്ത് ഇനിയും മഞ്ഞിന്റെ നനവ് മാറിയിരുന്നില്ല.
മുഖം കഴുകി, മുറി ഒന്ന് വൃത്തിയാക്കി, പുറത്ത് ഇറങ്ങി ചെറുതായി തോട്ടത്തിനരികിൽ നിന്നു.
അപ്പോഴാണ് വീട്ടിനകത്ത് നിന്ന് അന്നാമ്മയുടെ ശബ്ദം കേട്ടത്. ഫിലിപ്പേ… മോനേ… ഭക്ഷണം കഴിക്കണ്ടേ? അവൻ പെട്ടെന്ന് തിരിഞ്ഞു. വരാം അമ്മച്ചി..അവൻ പറഞ്ഞത് കേട്ട് അന്നാമ്മ ഒന്ന് നിശ്ചലമായി.
