എൻ്റെ കിളിക്കൂട് 5 [Dasan] 431

കിടന്നുകൊണ്ട് കിളിയെ നോക്കി അടുക്കളയിൽ നിന്നും വരുന്ന നേരിയ വെട്ടത്തിൽ കണ്ണും മിഴിച്ച് അങ്ങനെ കിടക്കുകയാണ്. ഞാൻ പറഞ്ഞില്ലേ അശ്വതി ശ്രീകാന്തിൻ്റെ ഛായ ആണെന്ന്, അതെ ഉണ്ടക്കണ്ണ് അതും മിഴിച്ച് അങ്ങനെ കിടക്കുകയാണ്. ഒന്നും ചോദിക്കാൻ മുതിർന്നില്ല എന്താണ് വായിൽ നിന്നും വരുന്നത് എന്ന് അറിയില്ലല്ലോ, പണ്ടാരോ പറഞ്ഞ പഴമൊഴി ‘പണ്ടേ ദുർബല കൂടെ ഗർഭിണി ‘ എന്നത് പോലെ എന്നെ കാണുന്നത് തന്നെ ചതുർത്ഥിയാണ് പിന്നെ ചോദ്യം കൂടിയായാൽ അതുകൊണ്ട് മിണ്ടാതെ കണ്ണടച്ചു കിടന്നു. ഉറക്കം വരുന്നില്ല എത്ര നേരം കണ്ണടച്ചു കിടക്കും, കണ്ണു തുറക്കുമ്പോൾ ആ ഉണ്ടക്കണ്ണുകൾ അങ്ങിനെ പ്രകാശിച്ചു തുറന്നിരിക്കുന്നു.

 

ഞാനെന്തെങ്കിലും ചെയ്യുമെന്ന് പേടിച്ചിട്ടാണോ കണ്ണും തുറന്നു കിടക്കുന്നത്, ഒരു പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ. ഈ നിദ്രാദേവി ഒന്ന് അനുഗ്രഹിച്ചിരുന്നെങ്കിൽ ഈ സംശയത്തോടുകൂടിയുള്ള നോട്ടത്തിൽ നിന്നും രക്ഷപ്പെടാമായിരുന്നു, ഒരു രക്ഷയും ഇല്ല. അങ്ങനെ ആലോചിച്ചു കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി. വീണ്ടും തലയിൽ ഗ്ലാസ് പതിച്ചപ്പോഴാണ് ഞെട്ടി ഉണർന്നത്, എന്നോടുള്ള ദേഷ്യം തീർക്കാൻ മനപ്പൂർവ്വം ഇതു ശീലമാക്കി ഇരിക്കുകയാണ് എന്നോർത്ത് എഴുന്നേറ്റ് സമയം നോക്കുമ്പോൾ അഞ്ചു മണി.

 

കട്ടിലിനരികിൽ ചെന്ന് കിളിയെ പതിയെ പൊക്കിയിരുത്തി കുനിഞ്ഞ് കിളിയുടെ ഇടതുകൈ എൻറെ തോളിലൂടെ ഇട്ട് പൊക്കി ബാത്റൂമിൽ ആക്കി തിരിച്ചു പുറത്തേക്കിറങ്ങി അടുക്കളയിൽ ചെന്ന് കട്ടൻ ചായ വെച്ചു, അതു തിളച്ച് പഞ്ചസാരയിട്ട് ഗ്ലാസിൽ പകരുന്നതിന് ഇടയിൽ വാതിലിൽ മുട്ടു കേട്ടതുപോലെ തോന്നിയതുകൊണ്ട് അവിടേക്കു ചെന്നു ആളെ ഇറക്കി കൊണ്ടുവന്ന ബെഡിൽ ഇരുത്തിയിട്ട് കാലുകൾ തുടച്ച് മുകളിലേക്ക് വച്ച് ചുവരിൽ തലയിണകൾ വെച്ചു ചാരിയിരുത്തി തിരിച്ചു അടുക്കളയിൽ ഗ്ലാസിൽ പകർന്നിരുന്ന കട്ടൻചായയും ആയി തിരിച്ചു വന്നു കിളിക്ക് കൊടുത്തു.

 

അമ്മുമ്മ വരാൻ ഇനിയും താമസിക്കുമെന്നുള്ളതുകൊണ്ട് അടുക്കളയുടെ ഡോർ തുറന്ന് ലൈറ്റിട്ട് പുറത്തേക്കിറങ്ങി തേങ്ങ പൊതിച്ച് ചെരവി വെച്ച് എൻറെ ചായ ഗ്ലാസും എടുത്തു തിരിയവേ അപ്പുറത്തെ മുറിയിൽ നിന്നും ഗ്ലാസ് വീണ് ചിതറുന്ന ശബ്ദം കേട്ടു, രാത്രിയിൽ സ്റ്റീൽ ഗ്ലാസ് ആണ് എറിഞ്ഞു കളിച്ചിരുന്നത് നേരം വെളുത്തപ്പോൾ ചില്ലു ഗ്ലാസ്സ് ആയോ? എന്ന് ചിന്തിച്ച് എൻറെ ചായ ടേബിളിൽ വച്ച് മുറിയിൽ ചെല്ലുമ്പോൾ ഗ്ലാസ് പൊട്ടി കട്ടിലിനു താഴെ കിടക്കുന്നു.