എസ്റ്റേറ്റിലെ രക്ഷസ് 5 [വസന്തസേന] 124

സിംഹാസനത്തിൽ ചാരിയിരുന്ന് നെക്കാർഡോ സമീപം നിന്ന പരിചാരകനെ നോക്കി. ആജ്ഞ മനസ്സിലാക്കിയ പരിചാരകൻ ഒരു പാത്രത്തിൽ നിന്നും എന്തോ പൊടിയെടുത്ത് വൈൻ ഗ്ലാസിലിട്ട് അതിൽ വൈനൊഴിച്ച് നെക്കാർഡോക്ക് കൊടുത്തു. നെക്കാർഡോ അത് കുടിച്ച ശേഷം ഗ്ലാസ് പരിചാരകന് നീട്ടി. അയാളത് വാങ്ങി വീണ്ടും നിറച്ചു കൊടുത്തു. അത് കുടിച്ച ശേഷം നെക്കാർഡോ പരിചാരകനോട് ചോദിച്ചു.

“ഡ്രാക്, അവരെന്താണ് വൈകുന്നത്? ഇനി പോയ കാര്യം നടന്നില്ലെന്നു വരുമോ? ”

“അങ്ങനെ സംഭവിക്കില്ല യജമാനനേ. സുബ്രോസ് പോയ കാര്യം സാധിക്കാതെ മടങ്ങി വരില്ലെന്ന് യജമാനനറിയില്ലേ.” ഡ്രാക് ഭവ്യതയോടെ പറഞ്ഞു. “പിന്നെ പുറത്തു നല്ല ശക്തിയായി മഞ്ഞു പൊഴിയുന്നുണ്ട്. പോരെങ്കിൽ ഇന്ന് അമാവാസിയുമാണ്. കനത്ത ഇരുട്ടല്ലേ അതാവും  കാരണം.”

ഈ സമയം  ഹാളിന്റെ വാതിൽ തുറന്ന് ഒരാൾ അകത്തേക്കു വന്നു. ഫാദർ അർമോസ് കയാസ്. നെക്കാർഡോയുടെ  ബന്ധുവും ഉപദേശകനുമാണയാൾ.

“നെക്കാർഡോ, ദൈവത്തെ ഭയക്കുക. നീ ചെയ്യുന്നത് ദൈവനീതിക്ക് വിരുദ്ധമായതാണ്. പരേതാത്മാക്കളുടെ ശാപം നിന്നെ പിൻതുടരും. അന്ത്യവിധിവേളയിൽ നീയിതിന് സമാധാനം പറയണം.”

“ഫാദർ അർമോസ്.” നെക്കാർഡോ വൈൻ ഗ്ലാസുമായി എഴുന്നേറ്റു. “ഞാൻ പലതവണ താങ്കളോട് പറഞ്ഞിട്ടുള്ളതാണ്, എന്ന് വ്യക്തിജീവിതത്തിൽ താങ്കളുടെ ഉപദേശം വേണ്ട എന്ന്. താങ്കൾ എന്റെ വാക്കുകളെ വീണ്ടും വീണ്ടും ധിക്കരിക്കുന്നു.” നെക്കാർഡോയുടെ ശബ്ദം സൗമ്യമായിരുന്നു എങ്കിലും ഒരു ഭീഷണിയുടെ നിഴൽ അതിലുണ്ടായിരുന്നു.

“ശരി, നിന്റെയിഷ്ടം. പക്ഷേ നിന്നെ കാത്തിരിക്കുന്നത് വളരെ കഠിനമായ മണിക്കൂറുകളാണ്. സൂക്ഷിക്കുക.” ആർമോസ് കയാസ്  തിരിഞ്ഞു നടന്നു.

ആർമോസ് കയാസിന്റെ വാക്കുകളുടെ അർത്ഥം നെക്കാർഡോയ്ക്ക് മനസ്സിലായില്ല. പതിവുപോലെയുള്ള ഒരു ഉപദേശം എന്നേ അയാൾ കരുതിയുള്ളു. പക്ഷെ കൊട്ടാരത്തിലെ ചുവരുകൾക്കുള്ളിൽ തനിക്കെതിരെ ഒരു ഉപജാപം നടക്കുന്നത് നെക്കാർഡോ ജൂലിയസ് അറിഞ്ഞില്ല.

കൊട്ടാരവാതിൽ തുറക്കുന്ന ശബ്ദം കേട്ടു. ഒരു ഭടൻ ഹാളിലേക്ക് വന്നു.

“പ്രഭോ, സുബ്രോസ് എത്തിയിരിക്കുന്നു. അവളെ കൊണ്ടുവരട്ടെ എന്ന് അനുവാദം ചോദിക്കുന്നു.

“വരട്ടെ,” നെക്കാർഡോ അനുവാദം കൊടുത്തു.

സുബ്രോസ് ഹാളിലേക്ക് വന്നു. അയാളുടെ തോളിൽ ഒരു സുന്ദരിയായ സ്ത്രീയായിരുന്നു കിടന്നിരുന്നത്. അവൾ മയക്കത്തിലായിരുന്നു.

“ക്ഷമിക്കണം പ്രഭോ, ചില കടുംകൈകൾ പ്രവർത്തിക്കേണ്ടി വന്നു.” സുബ്രോസ് അവളെ തറയിൽ കിടത്തി. അയാളുടെ ശരീരത്തിൽ അവിടവിടെ  നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. നെക്കാർഡോക്ക് കാര്യം മനസ്സിലായി. നല്ലൊരു യുദ്ധം നടത്തിയാണ് നെക്കാർഡോ അവളെ എത്തിച്ചിരിക്കുന്നത്. പരിചാരകൻ നിറച്ചു കൊടുത്ത വൈൻ ഗ്ലാസുമായി നെക്കാർഡോ എഴുന്നേറ്റു.

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *