പെട്ടെന്ന് മുറിയുടെ കതക് പാളികൾ അടർന്നു വീണു. ഊരിപ്പിടിച്ച വാളുകളുമായി റെയ്മണ്ട് റൊസാരിയോയും സംഘവും മുറിക്കുള്ളിലേക്ക് ഇരച്ചു കയറി. മുറിക്കുള്ളിലെ കാഴ്ച കണ്ട് മനാസ് മുഖം തിരിച്ചു. പൂർണ്ണ നഗ്നരായി കിടക്കുന്ന രണ്ടു ശരീരങ്ങൾ. അതിലൊന്ന് തനിക്കു ജന്മം നല്കിയ മാതാവാണ്.
അവന്റെ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു. പെട്ടെന്നവൻ കട്ടിലിലേക്ക് കുതിച്ചു ചാടി തന്റെ കയ്യിലിരുന്ന കത്തി നെക്കാർഡോയുടെ നെഞ്ചിലേക്കാഴ്ത്തി. നെക്കാർഡോ ഒന്നു പിടഞ്ഞു.
ശബ്ദം കേട്ട് ഞെട്ടിയുണർന്ന ലെഫ്തീനയെ അവരിലൊരാൾ ഒരു കമ്പിളി പുതപ്പിച്ച് പുറത്തേക്കു കൊണ്ടുപോയി. മുറിവേറ്റിട്ടും ചാടിയെഴുന്നേറ്റ നെക്കാർഡോയുടെ മേൽ ഒരു കൂട്ട ആക്രമണമാണ് നടന്നത്. നെക്കാർഡോ മരിച്ചു എന്നുറപ്പാക്കിയ റെയ്മണ്ടും സംഘവും മുറി വിട്ടിറങ്ങി. റെയ്മണ്ട് തന്റെ അനുയായികളോടൊപ്പം പുറത്തു പോയി ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോഴാണ് സുബ്രോസ് അവിടെയെത്തിയത്.
വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അയാളമ്പരന്നു. മുറിക്കുള്ളിലേക്ക് ഓടിയെത്തിയ സുബ്രോസ് അവിടത്തെ കാഴ്ച കണ്ട് ഞെട്ടിപ്പോയി. രക്തത്തിൽ കുളിച്ചു കിടക്കുന്ന നെക്കാർഡോ ജൂലിയസ് പ്രഭു. നെക്കാർഡോ ഒന്നു ഞരങ്ങി. അയാൾ മരിച്ചിട്ടില്ല എന്നു മനസ്സിലായ സുബ്രോസ് അയാൾക്കരികിലേക്ക് ഓടിയെത്തി.
“യജമാൻ.. കണ്ണു തുറക്കൂ, ഞാനാണ് സുബ്രോസ്.”
“സുബ്രോസ്.. ” നെക്കാർഡോ പതിയെ ഞരങ്ങി. അയാൾ പ്രയാസപ്പെട്ടു കണ്ണുകൾ തുറന്നു. “സുബ്രോസ്.. അവരെന്നെ… പക്ഷേ ഞാൻ മടങ്ങി വരും. എന്റെ പ്രതികാരത്തിന് ഞാൻ മടങ്ങി വരും. നീ ഞാൻ പറയുന്നത് പോലെ ചെയ്യണം.” നെക്കാർഡോ, സുബ്രോസിന്റെ ചെവിയിൽ ചില കാര്യങ്ങൾ പറഞ്ഞു.
അതിന് ശേഷം നെക്കാർഡോയുടെ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു. നെക്കാർഡോ പറഞ്ഞതു പ്രകാരം സുബ്രോസ് നെക്കാർഡോയുടെ ശരീരം പാറക്കെട്ടുകൾക്കിടയിലുള്ള ഒരു ഗുഹയിൽ അടക്കം ചെയ്തു. പിന്നെ അയാളവിടെ നിന്നില്ല. നെക്കാർഡോയെ ഇല്ലാതാക്കിയവർ തന്നെ വെറുതെ വിടില്ലെന്ന് അയാൾക്കറിയാമായിരുന്നു.
നെക്കാർഡോ കൊല്ലപ്പെട്ട് മുന്നൂറ്റിയറുപത്തിയഞ്ച് ദിനരാത്രങ്ങൾ കടന്നു പോയി. അതിനുശേഷം വന്ന ആദ്യത്തെ അമാവാസിയിലെ രാത്രി. കനത്ത അന്ധകാരവും മഞ്ഞും അർക്കനാഡോയെ പുതഞ്ഞു. അസാധാരണമാം വിധം മഞ്ഞു കാറ്റ് താഴ്വരയെിൽ വീശിയടിക്കാൻ തുടങ്ങി. ചെന്നായ്ക്കൾ അതിഭീകരമായി ഓലിയിടാൻ തുടങ്ങി. വീടുകളിൽ ഉറങ്ങിക്കിടന്നവർ ഞെട്ടിയുണർന്നു. ഭയാനകമായ എന്തോ ഒന്നു സംഭവിക്കാൻ പോകുന്നു എന്നവർക്ക് തോന്നി.
Super