“ചാക്കോച്ചേട്ടാ…”
അയാളോട് കൊച്ചുകുട്ടന്‍ കാര്യങ്ങള്‍ പറഞ്ഞു. ആശുപത്രിയില്‍ പോയി വരികയാണ്. സംസാരമധ്യത്തില്‍ ഇങ്ങനെ ബോധം കെട്ടു, എന്നൊക്കെ.
“നീയൊരു കാര്യം ചെയ്യ്…”
ചാക്കോ പറഞ്ഞു.
“അടുത്ത വളവ് കഴിഞ്ഞാ നിങ്ങടെ വീട് എത്തീല്ലേ? വിന്‍സെന്റ് ഡോക്റ്ററെയും കൂട്ടി ഞാന്‍ വീട്ടിലേക്ക് വന്നേക്കാം..ചെലപ്പം നിസ്സാര കേസ് എന്തെലുവേ കാണുവൊള്ളൂ…നീ പേടിക്കാതിരി…”
അദ്ധ്യായം – അഞ്ച്
ഗ്രേസിയുടെ മുറിയില്‍ ഡോക്റ്റര്‍ വിന്‍സെന്‍റ്റും ലീലാമണിയും സുധാകരനും ലിസിയും ഐസക്കും കൊച്ചുകുട്ടനും ഉണ്ടായിരുന്നു. ഗ്രേസിയ്ക്ക് മരുന്ന് കൊടുത്തു. അവള്‍ ഉറങ്ങുകയായിരുന്നു.
“ഡോക്റ്ററെ, ഇതെന്നാ അസുഖവാ? ഇങ്ങനെ ഒക്കെയുണ്ടോ അസുഖം?”
ഐസക്ക് ചോദിച്ചു.
“ചിലരില്‍ അങ്ങനെയാണ് ഐസക്കെ,”
ഡോക്ടര്‍ പറഞ്ഞു.
“കാര്യം ആള് ഫുള്ള് നോര്‍മ്മല്‍ ആയിരിക്കും. നോര്‍മ്മല്‍ ആയി എല്ലാം ചെയ്യും..എന്നാലും ചെലപ്പം ഇതുപോലെ മെഡിക്കല്‍ സയന്‍സിനു വിശദീകരിക്കാന്‍ പറ്റാത്ത ചില അസുഖങ്ങള്‍ ഉണ്ട്…”
എല്ലാവരും അയാളുടെ വാക്കുകള്‍ ശ്രദ്ധിച്ചു.
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ലിസി കൊച്ചുകുട്ടന്റെ തോളില്‍ തലചായ്ച്ച് ഇരുന്നു.
“അല്ല…”
പെട്ടെന്നോര്‍ത്ത് ഡോക്റ്റര്‍ പറഞ്ഞു.
“മാഡ്രിഡ്, പെനിസില്‍വേനിയ, നമ്മുടെ മംഗലാപുരം ഇവിടെയൊക്കെ ഇതിന് സമാനമായ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്… അസുഖത്തിന്‍റെ ചില ഫുള്‍ഫില്ലിങ്ങ് സ്പേസ് സംഭവിച്ചാല്‍ തീര്‍ച്ചയായും മാറുന്ന അസുഖമാണ് ഇത്…”