കല്യാണപ്പിറ്റേന്ന് [Arrow] 2591

” മോൻ വേഗം പോയി ഇത് ഇട്ടോണ്ട് വാ “
കിച്ചൻ അത് എടുത്തു നോക്കി. ഒരു നേർത്ത ചന്ദന കളർ ഷർട്ടും വെള്ളി കസവു മുണ്ടും. കഴിഞ്ഞ ഒരു മാസം കൊണ്ട് അവൻ മുണ്ട് ഉടുക്കാൻ ഒക്കെ  പഠിച്ചു.
” ആഹാ ഇപ്പൊ സുന്ദരൻ ആയി. ആ താടി കൂടി എടുക്കാമായിരുന്നു ” അമ്മ നെറ്റിൽ ചന്ദനം തൊട്ടു തന്നു കൊണ്ട് പറഞ്ഞു, ആ അമ്മയുടെ വാത്സല്യവും ഒക്കെ കിച്ചനെ തളർത്തുന്ന പോലെ അവന് തോന്നി.
” ഏയ് താടി ഒന്നും എടുക്കണ്ട ഇതാ സ്റ്റൈൽ ” എന്നും പറഞ്ഞു കൊണ്ട് ഉണ്ണിമാമ കിച്ചന്റെ മീശ പിടിച്ചൊന്ന് പിരിച്ചു. പിന്നെ ചിരിച്ചു കൊണ്ട് തുടർന്നു ” നീ അമ്പലത്തിലേക്ക് ഇപ്പൊ ഇറങ്ങില്ലേ അപ്പൊ അമ്മയെ കൂടി കൊണ്ട് പോണം “
കിച്ചൻ മുത്തശ്ശിയുടെ അടുത്തേക്ക് നടന്നു. അവിടെ  എല്ലാവരും ഉണ്ടായിരുന്നു, ഓരോന്ന് പറഞ്ഞു കളിച്ചും ചിരിച്ചും ഒരു കല്യാണവീട്ടിലെ എല്ലാം സന്തോഷവും അവരുടെ മുഖത്ത് ഉണ്ടായിരുന്നു.
” മുത്തശ്ശി നമുക്ക് ഇറങ്ങാം “
” എന്റെ കിച്ചാ ഇപ്പോഴാ നീ ശരിക്കും ഒരു കൃഷ്ണൻ ആയത്, കണ്ണ് കിട്ടണ്ട എന്റെ കുട്ടിക്ക് ” എന്നും പറഞ്ഞു മുത്തശ്ശി അവന്റെ തലയിൽ കൈ വെച്ചു. കിച്ചന്റെ കണ്ണ് നിറഞ്ഞൊഴുകി. കഴിഞ്ഞ ഒരു മാസ കാലം അവന്റെ ഓർമ്മയുടെ കടന്നു പോയി. ഇവർ തന്ന സ്നേഹം. ഒരു കുടുംബം എന്താണ് എന്ന് പഠിപ്പിച്ചത് ഇവർ ആണ്, ആ ഇവരെ എല്ലാം സങ്കടപെടുത്തി കൊണ്ട് സന്തോഷിക്കുന്നതിൽ എന്ത് അർഥം ആണുള്ളത്. എനിക്ക് അതിനു സാധിക്കുമോ എന്ന ചോദ്യം അവനിൽ ഉണർന്നു. കിച്ചൻ കൂട്ടി വെച്ച ധൈര്യം ഒക്കെ ചോർന്നു പോണത് അറിഞ്ഞു.
അവൻ മുത്തശ്ശിയെയും കൂട്ടി അമ്പലത്തിൽ ചെന്നു. അവിടെ അല്ലറ ചില്ലറ പണികളിൽ മുഴുകി. മനസ്സ് എങ്ങും ഉറക്കുന്നില്ല. ശങ്കരനെ ചെന്നു തൊഴണം എന്ന് തോന്നി. അപ്പോഴാണ് മംഗല്യ പുടവ ധരിച് തൊഴുത് ഇറങ്ങി വരുന്ന താരയെ കണ്ടത്. ഒരു വലിയ മുള്ള് നെഞ്ചിൽ തറഞ്ഞത് പോലെ ആണ് അപ്പോ അവന് തോന്നിയത്. മംഗല്യ പുടവയും ആഭരങ്ങളും ഒക്കെ ധരിച്ചു അതീവ സുന്ദരി ആയി തന്റെ പെണ്ണ് നിൽക്കുന്നു. ലൈറ്റ് മേക്കഅപ്പ്‌ ഒക്കെ ഇട്ട് പെണ്ണിന്റെ മൊഞ്ചു കൂട്ടിയിട്ടുണ്ട്, പക്ഷെ വാലിട്ട് എഴുതിയ ആ കണ്ണുകളിൽ നൊമ്പരത്തിന്റെ നിസഹായതയുടെ കടൽ ആണ് ഇരമ്പുന്നത്, ഒരു നിമിഷം അവരുടെ കണ്ണുകൾ ഉടക്കി, അവൾ പിടിച്ചു നിർത്താൻ നോക്കിയിട്ടും അനുസരണ ഇല്ലാതെ ആ കണ്ണുകൾ തുളുമ്പി. അത് കണ്ടപ്പോ കിച്ചന്റെ എല്ലാം നിയന്ത്രണവും തെറ്റി അവളെ മാരോട് ചെറുക്കാനായി മുന്നോട്ട് കുതിച്ചു. പക്ഷെ അവന്റെ കാലുകൾ അനങ്ങിയില്ല. അവളുടെ ഒപ്പം വന്നു നിന്ന അനന്തു വിനെ കണ്ടപ്പോ അവന് ചലിക്കാനായില്ല. അവൻ പതിയെ തിരിഞ്ഞു നടന്നു. അവൻ മണ്ഡപത്തിന്റെ അടുത്ത് ചെന്നു, അവിടെ ഓരോ തിരക്കിൽ മുഴുകാൻ ആയിരുന്നു ഉദ്ദേശം. പക്ഷെ അവിടെ ഉണ്ടായിരുന്ന താരയുടേം അനന്തു വിന്റെയും ഫോട്ടോസ് അവനെ കൊത്തി വലിച്ചുകൊണ്ടിരുന്നു. അവന് അവിടെയും നിൽക്കാൻ ആയില്ല. എത്ര തന്നെ ആയാലും അവളുടെ കഴുത്തിൽ താലി കയറുന്ന രംഗം അവന് കാണാൻ പോയിട്ട് ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല. ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തിയിട്ട് അവൻ പതിയെ പുറത്തേക്ക് നടന്നു. രാവിലെ മുതൽ പെയ്യാൻ മടിച്ചു നിന്നിരുന്ന ഒരു മഴ പതിയെ പെയ്തു തുടങ്ങി ആ മഴ നനഞ്ഞ് അതിനേക്കാളും വലിയ പേമാരി ഉള്ളിലൊതുക്കി കിച്ചൻ നടന്നകന്നു. അപ്പോഴും അന്ന് കുടയിൽ നിന്ന് ഇറങ്ങി നടന്നപ്പോ അവൾ തിരികെ വിളിക്കും എന്ന് പ്രതീക്ഷിച്ചത് പോലെ താര ഓടി വന്നു തന്നെ പുറകിൽ നിന്ന് കെട്ടി പിടിക്കും എന്ന് അവൻ വെറുതെ പ്രതീക്ഷിച്ചുവോ??..