എവിടെ! യാതൊരു കുലുക്കവുമില്ല. ഒരു ചിരി പോയിട്ട് മുഖത്തൊരു ഭാവവ്യത്യാസം പോലുമില്ല. ആർക്കോ വേണ്ടി കാട്ടിക്കൂട്ടുന്ന പോലെ തന്നെ.
തുടർന്ന് സിന്ദൂരം ചാർത്താനുള്ള സമയമായി. പൂജാരി മന്ത്രങ്ങൾ ജപിച്ച് തന്ന ആ ചുവന്ന കുങ്കുമം ഞാൻ എന്റെ വലത്തെ മോതിരവിരൽ കൊണ്ട് പതുക്കെ അവളുടെ നെറുകയിൽ തൊട്ടു കൊടുത്തു. ആ ചുവന്ന പൊട്ടും, മെറൂൺ നിറത്തിലുള്ള കസവുസാരിയും കൂടി ചേർന്നപ്പോൾ അവളെയൊന്ന് കാണണമായിരുന്നു! എന്റെ കണ്ണ് വീണ്ടും തള്ളിപ്പോയി.
പിന്നെ പൂജാരി പറഞ്ഞതനുസരിച്ച് അവളുടെ വലതുകൈ പിടിച്ച് ആ ഹോമകുണ്ഡത്തിലെ അഗ്നിയെ മൂന്ന് വലംവെക്കുന്ന ചടങ്ങും കഴിഞ്ഞതോടെ, എല്ലാ അർത്ഥത്തിലും അവൾ എന്റെ പാതിയായി മാറി.
പിന്നെ നടന്നത് ഫോട്ടോഗ്രാഫർമാരുടെ വലിയൊരു അഴിഞ്ഞാട്ടമായിരുന്നു.
“മാഡം ഒന്ന് ചിരിച്ചേ… സാറിന്റെ മുഖത്തേക്ക് നോക്കി ഒന്ന് നാണിച്ച് നിന്നേ…” എന്നൊക്കെ ഫോട്ടോഗ്രാഫർ തൊണ്ട പൊട്ടി വിളിച്ചു പറഞ്ഞിട്ടും എന്റെ പെണ്ണ് അവിടെ ഒരു കരിങ്കൽ പ്രതിമ പോലെ നിന്നു. “ഇവളെക്കൊണ്ട് ഞാൻ ചിരിപ്പിക്കും” എന്ന് വാശിപിടിച്ച ഫോട്ടോഗ്രാഫർ അവസാനം തോറ്റ് തൊപ്പിയിട്ടു. പിന്നെ ബന്ധുക്കളുടെയും കൂട്ടുകാരുടെയും കൂടെയുള്ള ഫോട്ടോയെടുപ്പും, ആ വലിയ ഓഡിറ്റോറിയത്തിലെ ഗംഭീരമായ കല്യാണസദ്യയും ഒക്കെ കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് തിരിക്കാനുള്ള സമയമായി.
സാധാരണ പെൺകുട്ടികൾ സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ, പ്രത്യേകിച്ച് കല്യാണം കഴിഞ്ഞു പോകുമ്പോൾ വലിയൊരു കരച്ചിലും പിഴിച്ചിലും ഒക്കെയാണ് പതിവ്. അമ്മയെ കെട്ടിപ്പിടിച്ചു കരയുക, അച്ഛനെ കണ്ട് വിതുമ്പുക… അതൊക്കെയാണല്ലോ നാട്ടുനടപ്പ്. ലക്ഷ്മിയമ്മയാണെങ്കിൽ ഒരൊറ്റ മോളെ വിട്ടുപിരിയുന്നതിന്റെ സങ്കടത്തിൽ മുഖമൊക്കെ വാടി നിൽക്കുകയാണ്. ഞാൻ വിചാരിച്ചു എന്റെ ഗൗരവക്കാരി ഇവിടെയെങ്കിലും ആ പതിവ് തെറ്റിക്കില്ല, ഒന്ന് കരയുമെന്ന്.
