ഇവിടെ നിന്ന് എന്റെ കുടുംബ വീട്ടിലേക്ക് കാറിൽ പോവുകയാണെങ്കില്‍ വെറും 15 മിനിറ്റ് മതി. ജെസ്സിക്ക് തോന്നുമ്പോഴൊക്കെ അവളുടെ യമഹ റേ എടുത്തു കൊണ്ട് ഇങ്ങോട്ട് വരാറുണ്ട്, പക്ഷേ ഞാൻ ഇവിടെ ഉണ്ടെന്ന് എന്നെ വിളിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം. സമയം കിട്ടും പോലെ ഞാനും കുടുംബ വീട്ടിലേക്ക് പോകാറുണ്ട്.
എന്നെക്കാൾ അഞ്ച് വയസ്സിന് ഇളയതാണ് ജെസ്സി, അവള്‍ക്ക് ഇപ്പൊ 23 വയസ്സായി. യൂണിവേഴ്‌സിറ്റി ഓഫ് കേരളയിൽ അവള്‍ എം എസ് സി ചെയ്യുന്നു, ഡാറ്റാ സയൻസിൽ. വീട്ടിലും നാട്ടിലും കോളേജിലുമൊക്കെ അവള്‍ നല്ല പക്വതയുള്ള പെണ്‍കുട്ടിയാണ്, പക്ഷേ എന്നോട് മാത്രം എപ്പോഴും കുട്ടിത്തം കാണിച്ചാണ് നടക്കാറ്. എന്നോട് മാത്രം അമിതമായ സ്നേഹവും സ്വാതന്ത്ര്യവും കാണിക്കാറുണ്ട്.
അവള്‍ക്ക് ഒരുപാട് ആലോചനകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്, പക്ഷേ അവളുടെ പഠിത്തം കഴിഞ്ഞിട്ട് വിവാഹം മതി എന്ന ഒറ്റ പിടിവാശിയിലാണവൾ.
വൈകുന്നേരം തൊട്ടേ അവളുടെ കുറെ മിസ്ഡ് കോളും വാട്സാപ് മെസേജുമൊക്കെ വന്നുകൊണ്ടിരുന്നു, പക്ഷേ എന്റെ തിരക്ക് കാരണം കോൾ എടുക്കാനും മെസേജ് നോക്കാനും കഴിഞ്ഞില്ല. എന്തായാലും അവളുടെ വായിൽ നിന്ന് ശെരിക്കും കേള്‍ക്കേണ്ടി വരുമെന്നതിൽ സംശയമില്ല, അതുകൊണ്ട് ഇന്നത്തെ എല്ലാ തിരിക്കും കഴിഞ്ഞിട്ട് വിൽക്കാൻ ഞാൻ തീരുമാനിച്ചു.
ജെസ്സിയെ വിചാരിച്ച് ചിരിച്ചുകൊണ്ട് ഞാൻ ബാത്റൂമിൽ കേറി ഫ്രെഷായി വന്നു. ശേഷം അടുക്കളയില്‍ പോയി ഒരു ഹെര്‍ബല്‍ ടീ ഉണ്ടാക്കി കുടിച്ചു. ചെറിയ വിശപ്പ് ഉണ്ടായിരുന്നു, പക്ഷെ ഇപ്പൊ എന്തെങ്കിലും ഉണ്ടാക്കി കഴിക്കാനുള്ള സമയമില്ല. കാരണം, ഞാൻ വീട്ടിലേക്ക് വരുന്നത് കണ്ടിട്ട് കുറേ ആളുകൾ എന്റെ വീട്ടിന് പുറത്ത് അവര്‍ക്കായി കെട്ടിയിരുന്ന വെയിറ്റിങ് ഷെൽട്ടറിൽ കാത്തുനിൽക്കാൻ തുടങ്ങിയിരിക്കുന്നു. എന്തെങ്കിലും ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് നാട്ടുമരുന്ന് വാങ്ങിക്കാനും, തൈലം, ഔഷധം തുടങ്ങി എന്തെങ്കിലുമൊക്കെ വാങ്ങിക്കാനും വന്നതാണ്. പിന്നെ, ആ വെയിറ്റിങ്ങ് ഷെൾട്ടറുമായി ചേര്‍ന്ന് തന്നെയാണ് എന്റെ കൺസൾടിങ് റൂമും കെട്ടിയിരിക്കുന്നത്.
