ഇപ്പൊ എന്റെ ലാബില്‍ എട്ട് വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ അതിന്റെ അവസാന ഘട്ടത്തിൽ എത്തി നില്‍ക്കുകയാണ്. വെളുപ്പിന് രണ്ട് മണിക്ക് മുമ്പെങ്കിലും, ഓരോന്നിനും വ്യത്യസ്തമായ എന്റെ രഹസ്യ കൂട്ടുകൾ ചേര്‍ത്തു കൊടുത്തിരിക്കണം. പക്ഷേ ആ രഹസ്യ കൂട്ടുകളെ നേരത്തെ ഉണ്ടാക്കി സൂക്ഷിച്ച് വച്ചാൽ അതിന്റെ ഗുണങ്ങൾ നഷ്ടമായി പോകും, അതുകൊണ്ട്, ഇനി ഞാൻ എന്റെ ലാബില്‍ പോയിട്ട് വേണം ഇനി ആ രഹസ്യ കൂട്ടുകളെ ഉണ്ടാക്കാൻ. അതിനായി എന്റെ ലാബിനകത്ത് തന്നെ മറ്റൊരു പേഴ്സണല്‍ ലാബ് കൂടിയുണ്ട്. അതിലേക്ക് ഞാനൊഴികെ മറ്റാര്‍ക്കും കേറാനുള്ള അനുവാദം ഞാൻ കൊടുത്തിട്ടില്ല.
അതുകൊണ്ടാണ് എത്രയും വേഗം ഈ ആളുകള്‍ക്ക് വേണ്ടത് ചെയ്തിട്ട് പോകാൻ ഞാൻ വെപ്രാളപ്പെടുന്നത്.
ഞാൻ വേഗം വീട്ടിന് പുറത്ത് ചെന്ന് എന്റെ കൺസൾടിങ് റൂമിൽ കേറി. അവിടെവെച്ച് തന്നെയാണ് വേണ്ടവർക്ക് നാട്ടുവൈദ്യവും ഞാൻ ചെയ്യുന്നത്. ഓരോരുത്തരെയായി ഞാൻ അകത്തേക്ക് വിളിച്ച് വേണ്ട കാര്യങ്ങൾ ചെയ്തു.
ഒടുവില്‍, അവിടെ ഉണ്ടായിരുന്നവരുടെ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ഞാൻ ലാബില്‍ പോകാൻ തയാറായി. ലാബില്‍ പോകുന്ന വഴിക്ക് ചിലരൊക്കെ ആളുകളും അത്യാവശ്യമായി ചോദിക്കാൻ സാധ്യതയുള്ള കുറെ വക മരുന്നുകളും, തൈലവും, മറ്റു ചില ഉല്‍പ്പന്നങ്ങളും എടുത്ത് എന്റെ ഷോൾഡർ ബാഗിലാക്കിക്കൊണ്ട് ഞാൻ വീടും പൂട്ടിയിറിങ്ങി.
ഇവിടെ നിന്ന് വെറും എട്ട് മിനിറ്റ് നടക്കേണ്ട ദൂരമേയുള്ളു, കാറിൽ പോയാൽ ബുദ്ധിമുട്ടാണ്, കാരണം ഒരുപാട് ആളുകൾ എന്നെ വഴിക്ക് വച്ച് നിര്‍ത്തിയായിരിക്കൂം അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും പറയാറുള്ളത്, അപ്പൊ ഇടക്കിടക്ക് വണ്ടി നിര്‍ത്തി, വണ്ടി പാര്‍ക്ക് ചെയ്യാൻ സ്ഥലം കിട്ടാതെ ബുദ്ധിമുട്ടേണ്ടിയും വരും…, അങ്ങനെയുള്ള പ്രശ്നങ്ങൾ കാരണമാണ് ഞാൻ എപ്പോഴും വീട്ടില്‍ നിന്നും ലാബിലേക്ക് നടന്നു മാത്രം ചെല്ലുന്നത്.
