പിന്നേ, നാട്ടുവൈദ്യവും, മരുന്നും, തൈലം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രം എന്നെ കോണ്ടാക്റ്റ് ചെയ്യാനായി ഞാൻ എന്റെ പേഴ്സണല്‍ നമ്പറല്ല, മറ്റൊരു മൊബൈലും സിമ്മുമാണ് ഉപയോഗിക്കുന്നത്. ആ സർവീസ് നമ്പറിലാണ് വേണ്ടവര്‍ എന്നെ വിളിച്ചുകൊണ്ടിരുന്നത്. എന്റെ നാട്ടു പ്രദേശത്തുള്ള ആളുകൾ മാത്രമല്ല, വേറെ സ്ഥലങ്ങളിലുള്ള ഒരുപാട് ആളുകളും വിളിക്കാറുണ്ട്…. എന്റെ വീട്ടിലേക്കും വരാറുണ്ട്.
പക്ഷേ തിരക്ക് കാരണം പലർക്കും എന്റെ ലൈൻ കിട്ടുന്നില്ലെന്ന പരാതി കിട്ടിതുടങ്ങിയതോടെ, ഇനിമുതൽ വാട്സാപ്പ മെസേജ് മാത്രം എനിക്ക് ചെയ്താൽ മതിയെന്ന അറിയിപ്പ് കൊടുത്തിട്ട് ആ നമ്പറിലേക്കുള്ള ഇൻകമ്മിങ് കോൾസ് ഞാൻ ബ്ലോക്ക് ചെയ്തു.
അങ്ങനെ, എനിക്ക് വരുന്ന മെസേജൊക്കെ ഉടൻ തന്നെ പരിശോധിച്ച്, ഏറ്റവും അത്യാവശ്യക്കാരെ മാത്രം ഞാൻ ഉടനടി കോണ്ടാക്റ്റ് ചെയ്ത്, ഒന്നുകില്‍ അവരെ എന്റെ അടുത്തേക്ക് വരുത്തുകയോ, അവര്‍ക്ക് പറ്റാത്ത അവസ്ഥയാണെങ്കിൽ ഞാൻ അങ്ങോട്ട് ചെന്ന് കണ്ടോ, വേണ്ടത് ചെയ്യാൻ തുടങ്ങിയിരുന്നു. അത്ര അത്യാവശ്യമില്ലാത്ത ആളുകള്‍ക്ക് എന്റെ ഒഴിവ് സമയമനുസരിച്ച് മാത്രം അപ്പോയിന്റ്മെന്റ് കൊടുത്തു.
ഞാൻ വീട് പൂട്ടിയിറങ്ങി. റോഡിന് സൈഡിലൂടെ കാലുകൾ നീട്ടി വച്ച് ധൃതിയില്‍ നടന്നു.
റോഡിന്റെ ഇരുവശങ്ങളിലും നിരനിരയായി വലുതും ചെറുതുമായ ഒരുപാട് വീടുകളുണ്ട്. ഓടും, ടെറസും ഉണ്ട്. പിന്നെ ഇടവിട്ടിടവിട്ട് കുറെ പെട്ടിക്കടകളുമുണ്ട്. കടലിന്റെ ശബ്ദവും, കടൽ കാറ്റും മനസ്സിന് ഉന്മേഷം പകര്‍ന്നു.
