പാറശ്ശാല മെയിൻ റോഡിൽ നിന്നും ഉള്ളിലേക്ക് പോകുന്ന ആ ചെമ്മൺ റോഡില്‍ കേറ്റി നിര്‍ത്തിയ ശേഷം ഞാൻ വീണ്ടും അവർണയുടെ ലൊക്കേഷൻ ഓപ്പണ് ചെയ്ത് പരിശോധിച്ചു.
ഈ ചെമ്മണ്‍ റോഡ് തന്നെയാണ്. 300 മീറ്റർ ഉള്ളിലേക്ക് പോയി ഇടത്തോട്ട് തിരിഞ്ഞ് വീണ്ടും 300 മീറ്റർ ചെന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 50 മീറ്റർ പോയാൽ വലതുവശത്ത് കാണുന്ന വീട്. ഞാൻ ആ റൂട്ട് മാപ്പ് ഫോളോ ചെയ്ത് ഒരു വലിയ വീടിന്റെ വലിയ സ്ലൈഡിങ് ഗേയിറ്റിന് മുന്നിലെത്തി. ഗെയിറ്റിന് പുറത്ത് സിസിടിവി ക്യാമറ സംവിധാനങ്ങൾ പോലും ഉണ്ടായിരുന്നു.
ഞാൻ വണ്ടി നിര്‍ത്തി 10 സെക്കന്‍ഡിനകം ആ വലിയ ഗെയിറ്റ് താനെ ഒരു വശത്തേക്ക് സ്ലൈഡായി തുറക്കാൻ തുടങ്ങി, എന്റെ വണ്ടിക്ക് അകത്ത് കേറാന്‍ വേണ്ടത്ര പാത ലഭ്യമായതും ആ ഗെയിറ്റ്ന്റെ സ്ലൈഡിങ് നിന്നു. ഞാൻ അകത്തു കേറ്റി മുന്നില്‍ കണ്ട ഇന്റർ ലോക്ക് പാതയിലൂടെ മുന്നോട്ട് നീങ്ങി.
പാതയുടെ രണ്ട് വശത്തും പലതരം മരങ്ങളും ചെടികളും വളര്‍ന്നു നിന്നു. വലതുവശത്തുള്ള മരങ്ങൾക്ക് ഇടയിലായി സ്വിമ്മിംഗ് പൂളും ഞാൻ കണ്ടു. ഇടതുവശത്ത് നാല് പേര്‍ക്ക് ഒരുമിച്ചിരിക്കാനുള്ള വലിയ ഊഞ്ഞാലും, അങ്ങിങ്ങായി കോണ്ക്രീറ്റ് ഇരുപ്പിടങ്ങളും പണിത് വെച്ചിരുന്നത് കണ്ടു.
ഞാൻ മുന്നോട്ട് നീങ്ങി. ഗെയിറ്റിൽ നിന്ന് ഏകദേശം 250 അടി ഉള്ളിലാണ് ആ വലിയ വീട്…. ശെരിക്കും അതിനെ വീടെന്നല്ല, വില്ല എന്നുവേണം പറയാൻ.
ഒടുവില്‍ ആ വില്ലയ്ക്ക് മുന്നില്‍ കിടക്കുന്ന രണ്ട് വിലയുയർന്ന കാറുകളിൽ നിന്നും അല്‍പ്പം മാറ്റിയാണ് ഞാൻ എന്റെ കാർ നിര്‍ത്തിയത്.
