പുറത്ത് വിശാലമായ സിറ്റൗട്ടിൽ മൂന്ന് വലിയ സോഫ സെറ്റും, വലിയ രണ്ട് കോഫി ടേബിളും, കുറെ കുഷൻ ചെയറുകളും ഇട്ടിരുന്നു. അവിടെ 80 – 85 വയസ്സ് തോന്നിക്കുന്ന ഒരു അമ്മച്ചിയും, ഒരു അപ്പച്ചനും, 60 വയസ്സ് തോന്നിക്കുന്ന ഒരു സീരിയസ് മുഖമുള്ള പുരുഷനും – 55 വയസ്സ് തോന്നിക്കുന്ന അല്‍പ്പം സൗമ്യ മുഖമുള്ള സ്ത്രീയും, 25, 27 വയസ്സ് തോന്നിക്കുന്ന രണ്ട് സുന്ദരി പെണ്‍കുട്ടികളും, പിന്നെ സുന്ദരിയായ അവർണയും ഉണ്ടായിരുന്നു. അവർണയ്ക്ക് 24 വയസ്സാണ്. അവരെയൊക്കെ കൂടാതെ 6 വയസ്സിന് താഴെ 4 വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികൾ ഓടിച്ചാടി കളിക്കുന്നുണ്ടായിരുന്നു.
ആ അപ്പച്ചൻ അമ്മച്ചിക്ക് കൈമുട്ട് തൊട്ട് കൈത്തണ്ട വരെ ഒരു തൈലം പുരട്ടി തടവി കൊടുക്കുകയായിരുന്നു.
ഇത്രയും ആളുകളെ കണ്ടിട്ട് ഞാൻ കാറിൽ നിന്നിറങ്ങി അവിടേ തന്നെ മടിച്ചുനിന്നു.
“തെറാപ്പിസ്റ്റ് ജിനുവല്ലേ, എന്റെ മകള്‍ നിങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. കേറി വരൂ.” ആ സീരയസ് മുഖമുള്ള പുരുഷൻ നല്ല ഗൗരവായി കനത്ത ശബ്ദത്തിൽ പറഞ്ഞു.
അപ്പോഴാണ് സിറ്റൗട്ട് ചുമരില്‍ തൂക്കിയിട്ടിരുന്ന കുറെ ഫോട്ടോസിന്റെ കൂട്ടത്തിൽ അയാളുടെ പട്ടാള വേഷത്തിലുള്ള ഫ്രെയിം ചെയ്ത ഫോട്ടോ തൂങ്ങി കിടക്കുന്നത് ഞാൻ കണ്ടത്. അദ്ദേഹത്തിന്റെ പദവിമുദ്ര കണ്ടിട്ട് ഏതോ ഉയർന്ന പദവിയിലുള്ള ആളായിരുന്നു എന്ന് മനസ്സിലായി.
“കേറി വാ ചേട്ടാ.” എന്നെ ക്ഷണിച്ചു കൊണ്ട് അവർണ സോഫയിൽ നിന്ന് മെല്ലെ എഴുനേറ്റു. ഇടുപ്പിൽ പിടിച്ചുകൊണ്ട് അല്‍പ്പം മുടന്തിയാണ് അവൾ നടന്നുവന്ന് സിറ്റൗട്ട് സ്റ്റെപ്പിനടുത്തായി പുഞ്ചിരിയോടെ നിന്നത്.
