ഞാൻ ഓരോരുത്തരേയായി ഒന്ന് നോക്കി. ആ അമ്മച്ചിയും, അവർണയുടെ അച്ഛന്നും ഒഴികെ മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നു.
ആശ്വാസത്തോടെ ഞാൻ എന്റെ കാറിന്റെ ബാക് ഡോർ തുറന്ന് ട്രോളി ബാഗ് പുറത്തേക്കെടുത്ത് വച്ചിട്ട് കാർ ഡോറടച്ചു.
അന്നേരം ആ അമ്മച്ചി ആരോടെന്നില്ലാതെ പിറുപിറുത്തു, “ഇവന്മാരെ വിശ്വസിക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽ ഈ വീട്ടില്‍ ആര് കേൾക്കാൻ. ഇവനൊക്കെ വിശ്വസിച്ച് പോകുന്ന എത്രയെത്ര പെണ്‍കുട്ടികൾക്കാണ് ദുരനുഭവങ്ങൾ ഉണ്ടായിരിക്കുന്നത്. ചെറിയ പെണ്‍കുട്ടികളെ കേറി പിടിക്കാനും ഈ കൂട്ടർ മടിക്കില്ല, എത്രയെത്ര സംഭവങ്ങളാണ് നാട്ടില്‍ നടക്കുന്നത്, എന്നിട്ടും വീട്ടിലേക്ക് വിളിച്ചുവരുത്തിയിരിക്കുന്നു ഒന്നിനെ.” എല്ലാവർക്കും വ്യക്തമായി കേള്‍ക്കുന്ന തരത്തിലായിരുന്നു പിറുപിറുക്കുന്നത് പോലെ പറഞ്ഞത്.
എനിക്ക് അതൊക്കെ വ്യക്തമായി തന്നെ കേട്ടു. ഞാൻ ശെരിക്കും അപമാനിതനായി അവിടെ നിന്നുരുകി.
മറ്റുള്ളവരും അത് കേട്ട് സ്തംഭിച്ചുപോയി. അല്‍പ്പം കഴിഞ്ഞ് എന്ത് ചെയ്യണമെന്ന് അറിയാത്ത പോലെ അവരൊക്കെ എഴുനേറ്റ് നിന്ന് ആ അമ്മച്ചിയും എന്നെയും മാറിമാറി നോക്കി. അവരുടെയൊക്കെ മുഖങ്ങള്‍ വിളറിപ്പോയിരുന്നു.
അന്നേരം എന്റെ നോട്ടം അവർണയുടെ മുഖത്ത് വീണു. പെട്ടന്ന് അവർണ ചുണ്ടുകൾ മാത്രമനക്കി എന്നോട് ശബ്ദമില്ലാതെ സോറി പറഞ്ഞു. പിന്നെ ആ രണ്ട് പെണ്‍കുട്ടികളും എന്നെ വിഷമത്തോടെ നോക്കുന്നത് ഞാൻ കണ്ടു. അവർണയുടെ അമ്മയാണെന്ന് തോന്നിച്ച ആ സ്ത്രീ എന്നെ ദയനീയമായി നോക്കി. കുട്ടികള്‍ക്ക് ഒന്നും മനസ്സിലാവാത്തത് കൊണ്ട് അവർ കളി തുടർന്നു.
