“ഇന്നും വലിച്ചു പൊട്ടിച്ചോ??”
തട്ടിൻ ചുമരിന്റെ ചെറിയ വെന്റിലേഷൻ ഹോളുകളിലൂടെ, പതിഞ്ഞ ഹുങ്കാരത്തോടെ അകത്തു കടന്ന്, ചുവരുകളിൽ തട്ടിതിരിഞ്ഞു കറങ്ങിക്കൊണ്ടിരുന്ന ഈറൻ കാറ്റിനോട് കെറുവിക്കലെ, സ്വിച്ച് ബോഡിനു താഴെ ഉറപ്പിച്ചിരിക്കുന്ന മരത്തിന്റെ സ്റ്റാൻഡിൽ തപ്പി തീപ്പെട്ടി കണ്ടുപിടിച്ചു.
ചിമ്മിനിവെളിച്ചം കണ്ടതും ഇരുട്ട് ഭയന്ന് തളത്തിലേക്ക് പായുന്നത് കണ്ടു..
ചുണ്ടുകൾ വിടർന്നു..
“ഇത്രേ ഉള്ളു നിന്റെ കാര്യം…
വല്യൊരു പേടിപ്പിക്കലുകാരൻ വന്നേക്കുന്നു…”
അടുക്കളയിൽ കയറി വെള്ളം കലം അടുപ്പത്തു കയറ്റി പാദ്യമ്പുറത്തിന് താഴേക്ക് തല നീട്ടിയപ്പോൾ നാക്കിൽ അമർത്തി കടിക്കേണ്ടി വന്നു…
“നാശം.. പിന്നേം മറന്നല്ലോ…. ”
എന്നും രാത്രി വിറകുപുരയിൽ നിന്ന് ആവശ്യം വിറക് അടുക്കളയിൽ എത്തിക്കാറുള്ളതാണ്.. ഇന്നലെ മറന്നേ പോയി അത്…
ഈയിടെ മറവി ഒരു ശീലമായിത്തുടങ്ങിയിരിക്കുന്നു..
ആദ്യമൊക്കെ വല്ലാത്ത വിമ്മിഷ്ടമായിരുന്നു..
ജീവിതത്തിൽ വളരെ പ്രധാനങ്ങളെന്നു കരുതിയിരുന്ന കൊച്ചു കൊച്ചു കാര്യങ്ങളിൽ പലതും, അറിയാതെ ഗ്രീൻറൂമിലേക്ക് തിരിച്ചിറങ്ങുമ്പോൾ വല്ലാത്തൊരു ഭയം….
പിന്നെ പിന്നെ, ഓർമ്മയുടെ കടുത്ത ചായങ്ങളേക്കാൾ, മറവിയുടെ ചാരനിറത്തിന്റെ നേർമ്മയുള്ള സൗന്ദര്യത്തെ തിരിച്ചറിഞ്ഞു തുടങ്ങിയിയപ്പോൾ..
ഈയിടെ പലതും മനഃപൂർവം മറക്കാൻ തുടങ്ങിയിരിക്കുന്നു..
“മറവി… അതൊരനുഗ്രഹമാണ്… ”
വായിച്ചു മറന്ന വരികളുടെ യാഥാർഥ്യം അനുഭവത്തിലറിയുമ്പോൾ അതീവ മധുരമായി മാറുന്നുണ്ട്.
പിൻവാതിൽ തുറന്ന് ചായ്പ്പിലേക്കിറങ്ങുമ്പോൾ വികൃതിയോടെ പെയ്ത്തുകാരി ആർത്തലച്ചുവന്നു.. പൊട്ടിചിരിച്ചുകൊണ്ട് തിരികെ കയറി വാതിലടച്ചപ്പോൾ പുറത്ത്, അമർത്തിയ ചിരിയുടെ മഴക്കിലുക്കം…..
മുണ്ടിന്റെ തല അല്പം നനച്ചു..
അവൾ അങ്ങിനെയാണ്… തനി വികൃതി..
പ്രായമിത്രയായിട്ടും കൊച്ചു കുട്ടിയാണെന്നാണ് വിചാരം…
അല്ലല്ല.. കൊച്ചു കുട്ടിയല്ല അവൾ..
അതിന് അവൾക്ക് പ്രായമില്ലല്ലോ…
നിത്യ യൗവന യുക്തയായ പെണ്ണ്.. മരണത്തെയും ജനനത്തെയും കണ്ണീർതുള്ളികൾകൊണ്ട് കഴുകിക്കളഞ്ഞ് വീണ്ടും വീണ്ടും കണ്ണീരിൽ നിന്ന് പുഞ്ചിരിയിലേക്കും പൊട്ടിചിരിയിലേക്കും ചുവടുമാറ്റി ചവിട്ടിക്കൊണ്ട് രാവുമുഴുവൻ പെയ്തുകൊണ്ടേയിരിക്കുന്നു…
ഇളക്കക്കാരി!!!…
മെല്ലെ വാതിൽ അല്പം തുറന്നുനോക്കിയപ്പോൾ അടങ്ങി ഒതുങ്ങി നിൽപ്പുണ്ട്… പാവത്തെ പോലെ..
അവളെ വിശ്വസിക്കാൻ പറ്റില്ല.. അറിയാഞ്ഞിട്ടല്ല…
മഴ തോരുന്നത് നോക്കി നിന്നാൽ നേരം ചിറ്റും..
വാതിൽ തുറന്ന് ചായ്പ്പിലേക്കിറങ്ങി..
സിമ്മു ഓണാശംസകൾ
മധുരം…. ???