“പിണക്കത്തിലാണോ???”
മന്ത്രിച്ചുകൊണ്ട് വിറകുപുരയിലേക്ക് ഒറ്റ ഓട്ടം വെച്ചുകൊടുത്തു..
വിറകുപുര ചായ്പ്പിന്റെ ഒരു വശത്താണ്.. പക്ഷെ ചായ്പ്പിന്റെ തിണ്ണയിൽ നിന്ന് ഏതാണ്ട് ആൾപൊക്കം താഴെയാണ് വിറകുപുരയുടെ തറനിരപ്പ്..
ഒരിക്കൽ എളുപ്പപ്പണിക്ക് കാണിച്ച കന്നംതിരിവിന്, ഒരാഴ്ചയോളം ഞൊണ്ടി ഞൊണ്ടി നടക്കേണ്ടി വന്നതിനാൽ, മഴയുണ്ടെങ്കിലും, ഒതുക്കിറങ്ങിയേ ഇപ്പോൾ വിറകെടുക്കാൻ പോകാറുള്ളൂ..
ഉണക്കച്ചുള്ളികൾ തിണ്ണയിലേക്ക് അടുക്കി തിരികെ ഓടിയപ്പോഴും അവൾ മുഖം കനപ്പിച്ചു നിന്നിരുന്നു…
ഇനി ഇളക്കക്കാരിയെന്നു വിളിച്ചത് കേട്ടുകാണുമോ??
“നീയാ.. ഞാനല്ല ഇളക്കക്കാരി..
അതേയ്.. ഈ നാട്ടുകാര് മൊത്തം പറയുന്നുണ്ട്… ”
ഇത്തവണത്തെ വരവിന്, ആദ്യമേ തന്നെ ഒന്ന് കോർത്തതാണ്..
മനസ്സ് പിടഞ്ഞ്, ഒന്നും മിണ്ടാതെ പിന്തിരിഞ്ഞു നടന്നപ്പോൾ, പിറകിൽനിന്ന് മെല്ലെ ചുമലുകളിൽ തലോടി…
തണുപ്പിന്റെ ഈർപ്പമുള്ള സ്നേഹം ബ്ലൗസും മുണ്ടും മുഴുവനെ നനച്ചുകുതിർക്കുന്നതുവരെ…
“പ്രാന്താണോ കുട്ട്യേ നെനക്ക്…
ഹൈ… മഴകൊണ്ട് വല്ല കേടും വരുത്തിവെക്കാണ്ട് മര്യാദക്ക് ഇങ്ങട് കേറാൻ നോക്ക്…
ഏതു നേരോം സ്വപ്നലോകത്താ…
ഇതെന്തുട്ട് ജാതി ഇളക്കാണാവോ ഈശ്വരാ..”
വല്യമ്മായി കയർത്തുകൊണ്ട് അകത്തുനിന്ന് വിളിച്ചുകൂവി..
“ആകെ നനഞ്ഞു കുതിർന്നല്ലോ… ”
മേലോട്ടുനോക്കി വാ തുറന്നു പിടിച്ചു..
മഴവെള്ളം വായിൽ പിടിച്ച് മഴ കൊണ്ടാൽ പനി വരില്ല.. ‘അമ്മായി പറഞ്ഞുതന്നിട്ടുണ്ട്…
“അതേയ്…
വിഷമായോ??? ഞാൻ വെറുതെ വിളിച്ചതാ ട്ടോ…
ഞാൻ തന്ന്യാ ഇളക്കക്കാരി.. നീയല്ല… സങ്കടപ്പെടല്ലേ ട്ടോ…”
ചായ്പ്പിന്റെ തിണ്ണയിൽ കയറ്റിവെച്ചിരുന്ന ചുള്ളികൾ പെറുക്കി മാറത്തടക്കുമ്പോൾ ഇടംകണ്ണിട്ട് ഇരുളിലേക്ക് നോക്കി..
മമ്… ഇരമ്പം കനക്കുന്നു…
ചുണ്ടുകൾ വിടർന്നു….
“താങ്ക്സ്…. ”
പൊട്ടിച്ചിരിയോടെ അവളിലേക്ക് ചങ്ങാത്തം പകർന്ന് അടുക്കളയിലേക്ക് കയറി തീപൂട്ടി..
സിമ്മു ഓണാശംസകൾ
മധുരം…. ???