മീനാക്ഷി കല്യാണം 5 [നരഭോജി] 1780

 

പ്രണയത്തിന്  വാക്കുകളാൽ വർണ്ണന ആവശ്യമില്ലല്ലോ. മനസ്സിൽ നിന്നും മനസ്സിലേക്കാണല്ലോ അതിൻ്റെ മൊഴിമാറ്റം. എന്നിരുന്നാലും നിസ്സാര ജീവിയായ എനിക്കത് വായിച്ചെടുക്കാൻ കഴിഞ്ഞില്ല എന്ന് പറയുന്നതാവും ശരി. അത്ഭുതമില്ല , ഞാൻ പുരുഷനാണ്. സ്ത്രീയെ മനസ്സിലാക്കാൻ കഴിയാതെ പോകുന്ന മൂഢത്വം അവൻ്റെ നൈസ്സർഗികമായ പ്രകൃതമാണ്. സുന്ദരമായ പല നിമിഷങ്ങളും ഭസ്മമാക്കാൻ ദൈവം കനിഞ്ഞ് ചെയ്ത് വച്ച ഒരു കുസൃതി.

 

എന്നെ കണ്ടപ്പോൾ പെട്ടന്ന് ഓടിവന്ന സന്തോഷത്തിൻ്റെ മറപറ്റി ആ മുഖത്തൊരു കുറുമ്പ് കുടിയിരുന്നു. അവൾ പരിഭവത്തിൽ കൈകൾ ചേർത്ത് കെട്ടി അമ്പിളിയെ നോക്കിയിരുന്നു, ആ അതിലോലമായ അധരങ്ങൾ ഇടം വലം നീക്കി പിണക്കം കാണിച്ചു. നിറഞ്ഞു നിൽക്കുന്ന പൊൻനിലാവെട്ടത്തേയും, വിരിഞ്ഞ് നിൽക്കുന്ന ഇന്ദുചന്ദ്രബിംബത്തേയും അവഗണിച്ചു ഞാനാ ജനൽപടിയിലുദിച്ചു നിൽക്കും എൻ്റെ രതിചന്ദ്രബിംബത്തെ കണ്ണെറിഞ്ഞു. തണുത്ത ചന്ദ്രരശ്മികൾ അവളുടെ പോലവമായ കവിളിണകളിൽ നാണത്തിൻ്റെ കളംവരച്ചു.

 

എങ്ങിനെയൊക്കൊയോ പൊത്തിപിടിച്ചു മുകളിലെത്തി. കുറേ നാളായി ഈയൊരു സാഹസം ഇല്ലാതിരുന്നത് കൊണ്ട് കുറച്ചൊന്നു പടുപെടേണ്ടിവന്നു. അവൾ പരിഭവത്തിനിടയിലും ആധിയോടെ എന്നെ നോക്കുന്നത് ഞാൻ കണ്ടു. എപ്പോൾ ഞാൻ ഇതിൽ പിടിച്ച് കയറുമ്പോഴും അവൾക്ക് ആധിയാണ്. ആദ്യ ദിവസം ഞാൻ വീണത് അവള് കണ്ടതാണെ. ഞാൻ മുകളിൽ സുരക്ഷിതമായി എത്തി എന്ന് ഉറപ്പായപ്പോൾ പഴയപടി പരിഭവത്തിൻ്റെ അംഗവിന്യാസത്തിൽ  വിദൂരതയിൽ കണ്ണും നട്ടിരുന്നു.

 

“മീനാക്ഷി” (ഇല്ല മറുപടിയില്ല.) ചുണ്ടൊന്ന് കൂർപ്പിച്ച്, കണ്ണുകൾ അവൾ ചന്ദ്രനിൽ ആഴ്ന്നിറക്കി.

 

ഞാൻ കൂടുതലെന്നും പറയാതെ പൊതിയഴിച്ച് അവളുടെ മുഖത്തിനടുത്തേക്കു നീട്ടി. നാസികയിലേക്കും സകലമാന ഇന്ദ്രിയങ്ങളിലേക്കും വ്യാപിക്കുന്ന അതിൻ്റെ മത്തുപിടിപ്പിക്കുന്ന ശർക്കര വാസനക്ക് മുൻപിൽ അധികനേരം പിടിച്ചു നിൽക്കാൻ മധുര കൊതിയത്തി ആയിരുന്ന മീനാക്ഷിക്ക് കഴിയില്ലെന്ന് എനിക്കും അവൾക്കും നല്ലത് പോലെ അറിയാമായിരുന്നു. മീനാക്ഷിയുടെ പരിഭവം എന്ന വൻമ്മരം മൂക്കും കുത്തിവീണു. നമ്മുടെ നായിക നിസ്സാരമായ പലഹാര പൊതിക്ക് മുൻപിൽ തോറ്റുപോയിരിക്കുന്നു. അത്രക്കും പാവമായിരുന്നു എൻ്റെ മീനാക്ഷി. അവൾക്ക് വലിയ ആഗ്രഹങ്ങളൊന്നും തന്നെയില്ല. വെറുമൊരു പലഹാരപൊതി കൊണ്ടും, ശർക്കരയച്ച് കൊണ്ടും പോലും നമ്മുക്കവളെ കൊച്ചു കുട്ടിയെന്ന പോലെ സന്തോഷിപ്പിക്കാം. മനസ്സു സമ്മതിച്ചില്ലെങ്കിലും അവളുടെ കൈ, അതൊരെണം എടുത്തു. പറഞ്ഞാ കേൾക്കാത്ത മറ്റേ കയ്യും ഒരെണ്ണം എടുത്ത് സൂക്ഷിച്ചു വച്ചു. ഞാൻ അറിയാത്ത പോലെ നിന്നു.