യമുന മന്ദഹസിച്ചു. എണീക്കടാ കുട്ടാ. വെളിയിൽ ചൂടില്ല. സാധാരണ തീ പൊള്ളുന്ന വെയിലാണ്. ഇത്തിരി നടക്കാം… ബില്ലുമായി വന്ന വെയിറ്റർക്ക് നോട്ടുകളും നൽകി അവളവനെ വെളിയിലേക്കു നയിച്ചു.
വെയിലില്ലായിരുന്നു. തണുത്ത കാറ്റ്… കടലിൽ നിന്നും. അവൾ റോഡു മുറിച്ച് കടൽത്തീരത്തെ പാർക്കിലേക്കു നടന്നു. അവൻ പിന്നാലെയും. തെങ്ങുകളും പൈൻ മരങ്ങളും പന്തലിട്ട കുളിർമ്മയുള്ള പാർക്കിൻ്റെ ഓടു പാകിയ വഴികളിലൊന്നിലൂടെ അവളവൻ്റെ കയ്യിൽ കൈ കോർത്തു നടന്നു. അവിടെയാരും അവരെ തുറിച്ചു നോക്കിയില്ല. നഗരത്തിൻ്റെ സ്വാഭാവികമായ ഒളിഞ്ഞുനോട്ടം എത്തിപ്പെടാത്ത ചുരുക്കം ഇടങ്ങളിലൊന്ന്.
രാഹുലിൻ്റെ ദിവസത്തിൽ നിറഞ്ഞിരുന്ന ഇരുണ്ട മേഘങ്ങളിൽ നിന്നും, ചാഞ്ഞുപെയ്യുന്ന പൊടിമഴയിൽ സൂര്യൻ ചിരിക്കുമ്പോൾ തെളിയുന്ന മഴവില്ലിൻ്റെ നിറങ്ങളിലേക്ക് മെല്ലെയൊഴുകി.. തിരകളുടെ താളം… വല്ലപ്പോഴും കേൾക്കുന്ന അള്ളാരഘായുടെ തബലയുടെ സംഗീതമാണോ… അതോ… മണി അയ്യരുടെ മൃദംഗത്തിൻ്റെ ബാണിയാണോ? ഒപ്പം നടക്കുന്ന കൊഴുത്ത പെണ്ണിൻ്റെ ഗന്ധം കടൽക്കാറ്റിൽ കലരുമ്പോൾ ഇളം കള്ളിൻ്റെ നുരയുന്ന ലഹരി…
കുട്ടാ! ഇവിടിരിക്കാം. അവർ കടലിനെ നോക്കുന്ന ഒരു സിമൻ്റ് ബെഞ്ചിലിരുന്നു. അവൻ്റെ കൈപ്പത്തി അവൾ കവർന്നു മടിയിൽ വെച്ചു.
കുറച്ചു നേരം അവർ തിരകളുടെ താളം മാത്രം കേട്ട്… കടൽക്കാറ്റിൻ്റെ നനവുള്ള ആലിംഗനത്തിലമർന്ന് സുഖമുള്ള നിശ്ശബ്ദതയിൽ അവിടെയിരുന്നു.
രാഹുൽ! യമുനയുടെ സ്വരത്തിലെ ഗൗരവം അവനെയുണർത്തി.
ന്താ ചേച്ചീ? അവൻ്റെ സ്വരമിത്തിരി വിറയാർന്നിരുന്നു.
