ഗൗരി തേങ്ങിയപ്പോൾ രാഹുലവളെ അടക്കിപ്പിടിച്ചു. അമ്മേ! ഞാനില്ലേ! യമുനേച്ചിയില്ലേ! ഏട്ടനും കാണും. ഞാൻ പറയാം… നമ്മളൊരു കുടുംബമല്ലേ!
ഗൗരി പൊട്ടിക്കരഞ്ഞപ്പോൾ രാഹുലും യമുനയും അവളെ കെട്ടിപ്പിടിച്ചു.
കുട്ടികളെവിടെ? യമുനയാരാഞ്ഞു.
രണ്ടും സ്ക്കൂളിലെന്തോ കലാ പരിപാടീടെ റിഹേഴ്സലിനു പോയതാ. വരണ്ട സമയം കഴിഞ്ഞു. നിങ്ങൾ വരൂ..
രാഹുൽ വരാന്തയിലെ അരമതിലിലും യമുനയും ഗൗരിയും സോഫയിലുമിരുന്നു. ഗൗരിയിട്ട ചായയും കുടിച്ച് രാഹുലും കുഞ്ഞമ്മയും വിശേഷങ്ങൾ കൈ മാറി. ഒരു ക്ലാർക്കിൻ്റെ വേക്കൻസിയുണ്ട്. എനിക്കു തരാനാണ് ബോർഡിൻ്റെ തീരുമാനം…. ഞങ്ങൾക്ക് അതൊരാശ്വാസമാവും. ഗൗരി നെടുവീർപ്പിട്ടു.
രാഹുൽ ഒരു തീരുമാനത്തിലെത്തി. അവൻ അമിത്തിനെ വാട്ട്സാപ്പിൽ വിളിച്ചു.
അമിത്ത്. ഞാൻ സ്പീക്കറിലിടുവാണേ. ഇപ്പഴൊരാള് സംസാരിക്കും. ആരാണെന്ന് പറയണം. അവൻ ഗൗരിയെ നോക്കി. വേണ്ട! അവളാംഗ്യം കാണിച്ചു. യമുനയുടെ കൈത്തലം തോളിലമർന്നപ്പോൾ അവളൊന്നയഞ്ഞു… അമിത്..അമിത്! അവൾ തേങ്ങിപ്പോയി. ഒരു നിമിഷം! ആരുമൊന്നും മിണ്ടിയില്ല. ആ തുറന്ന വരാന്തയിൽ മൗനം തുളുമ്പി… ഗൗരിക്കുഞ്ഞമ്മയാണോ? അമിത്തിൻ്റെ ശങ്ക കലർന്ന ചോദ്യം. ആണെടാ! ഗൗരി വിങ്ങിപ്പൊട്ടി… യമുന മെല്ലെയെണീറ്റു നടന്നു. എണീക്കാൻ പോയ രാഹുലിൻ്റെ ചുമലിൽ കയ്യമർത്തി അവിടെയിരുത്തി…
അവൾ കുറച്ചു നേരം മുറ്റത്തുലാത്തി. മനസ്സു ശാന്തമായിരുന്നു… ഒപ്പം ഇത്തിരി സന്തോഷം നുരഞ്ഞിരുന്നു.. രാഹുൽ! അവനൊരു കുടുംബമുണ്ടിപ്പോൾ! അപ്പോ നീയോടീ? നിനക്കെന്താണവിടെയൊരു സ്ഥാനം! മുടിഞ്ഞ മനസ്സാക്ഷി! നീ പോടീ! എൻ്റെ ജീവിതത്തില് ഇത്തിരി നേരം അവനുണ്ടായിരുന്നല്ലോ! എനിക്കതുമതി. അസൂയപ്പിശാശേ! മനസ്സാക്ഷിയെ അവൾ ചീത്തപറഞ്ഞോടിച്ചു..
