ഉച്ച കഴിഞ്ഞപ്പോൾ ബ്രേക്കിനു ശേഷം ഓഫിസിലെ ശാന്തമായ അന്തരീക്ഷത്തിൽ കീ ബോർഡിലെ അക്ഷരങ്ങൾ അമരുന്നതും മൗസിന്റെ ക്ലിക്കുകൾ ഇടവിട്ട് ശബ്ദമുണ്ടാക്കുന്നതും കേൾക്കുന്നുണ്ട്. എല്ലാവരും നല്ല വർക്കിൽ ആണ്. ആ സമയം റിതിൻ ആമിയുടെ അടുത്തേക്ക് ചെന്നു. പെട്ടെന്ന് തന്നെ അവൾ നോക്കിയത് ശ്രീയുടെ ഭാഗത്തേക്കാണ്. മെയിൻ ഡിസൈനറുടെ കേബിനിലായിരുന്ന ശ്രീയുടെ ചെയർ ശൂന്യമായിരുന്നു. റിതിൻ വർക്ക് ന്റെ എന്തോ കാര്യം കാണിക്കുന്നത് പോലെ അവളുടെ അടുത്തേക്ക് നീങ്ങി. അവന്റെ മുഖം അടുത്ത് കണ്ട അവൾക്ക് അങ്കലാപ്പ് തോന്നി.
“നാളെ പ്രൊജക്റ്റ് സബ്‌മിറ്റ് ചെയ്യുമ്പോൾ നീ ഉണ്ടാകില്ലേ എന്റെ കൂടെ…?”
റിതിൻ മോണിറ്ററിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു.
“മ്മ് ..”
ആമി ഇളം പുഞ്ചിരിയോടെ മൂളി.
“എന്തായാലും വേണം..”
“ഉണ്ടാകും..”
“ഞാൻ പറഞ്ഞ കാര്യം എന്തായി..”
“ഒന്നും ആയില്ല..”
“സത്യം പറയ്. ഇയാൾക്ക് ലവ് ഉണ്ടോ അതുകൊണ്ടല്ലേ ഇങ്ങനെയെന്നോട് പെരുമാറുന്നെ..??”
അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ ശ്രീ ഇരിക്കുന്ന ഒഴിഞ്ഞ ചെയറിലേക്ക് അറിയാതെ നീണ്ടു പോയി. ശേഷം ഇല്ലെന്നവനോട് പറഞ്ഞു.
“ഉണ്ടായിട്ടുണ്ടോ??”
“മ്മ്..”
“ഇപ്പോഴുണ്ടോ..?”
“ഇല്ലെന്ന്..”
“പഴയ ആളാരാ..?”
ആ സമയം പുറത്തേക്ക് വന്ന ശ്രീ അവർ സംസാരിക്കുന്നത് വീക്ഷിച്ചു കൊണ്ട് തന്റെ ചെയറിലേക്ക് നീങ്ങിയിരുന്നു. മനസിന്റെ വെള്ളത്തിൽ വീണ ഐസിന്റെ പുകച്ചിൽ ഒന്ന് കൂടിയത് പോലെ എരിഞ്ഞു.
“അത് പ്ലസ്ടു ടൈമിലാ.”
“സിൻസിയർ ആയിരുന്നോ..?”
“ഞാൻ ആയിരുന്നു..”
“ഓഹ്.. പിന്നെന്തു പറ്റി..?”