സ്റ്റാഫ് റൂമിൽ നിന്ന് പുറത്തു വന്നപ്പോളാണ് ആകാശം നിറയെ മഴക്കാർ നല്ലത് പോലെ മൂടിക്കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. അധികം വൈകാതെ മഴ ഉണ്ടാകും എന്ന് തോന്നുന്നു അന്തരീക്ഷം ആകെ സന്ധ്യ ആയ പ്രതീതി ഉണ്ടായിരുന്നു. ഡിപ്പാർട്മെന്റിന്റെ ഇടനാഴിയിൽ ഒരു മാത്ര പ്രകൃതിഭംഗി ആസ്വദിച്ചു നിൽക്കവേ ആണ് അത് വഴി ആരോ ഓടി എന്റെ അരികിലേക്ക് വരുന്നത് ഞാൻ ശ്രദ്ധിച്ചത്..
ഇടനാഴിയിൽ നിഴൽ പോലെ ഇരുട്ട് വീണത് കൊണ്ട് അടുത്തെത്തും വരെ അത് ആരാണെന്ന് എനിക്ക് പറയാൻ കഴിഞ്ഞില്ല. ആദ്യമതൊരു ആൺകുട്ടി ആണെന്നായിരുന്നു ഞാൻ കരുതിയത്. തൊട്ടടുത്തു വന്നപ്പോളാണ് ഒരു പെൺകുട്ടിയാണ് അതെന്ന് എനിക്ക് ബോധ്യമായത്.. തോളിനൊപ്പം മുറിച്ച മുടിയും ഹൂഡിയും മാസ്കും ധരിച്ച അവളെ ഞാൻ പെട്ടന്ന് ആൺകുട്ടി ആയി തെറ്റിദ്ധരിച്ചതിൽ തെറ്റ് പറയാൻ കഴിയില്ല..
പുള്ളിക്കാരത്തിയുടെ തൊട്ട് പിറകെ ഒരു കൊച്ചു പട്ടിക്കുട്ടിയും ഓടി വരുന്നുണ്ടായിരുന്നു. അതിനെ കണ്ടു പേടിച്ചായിരിക്കണം അവൾ ഓടിയത്. എന്തായാലും ഓടിക്കിതച്ചു അവളെന്റെ പിന്നിൽ വന്നു നിന്നു. നായ്ക്കുട്ടി അവളുടെ പിറകെ തന്നെ ഉണ്ടായിരുന്നു. അവൾ എന്നെ മറ ആക്കി ചുറ്റി കൊണ്ടിരുന്നു.
നായ്ക്കുട്ടിയെ പേടിച്ചു എന്നെ വലം ചുറ്റുന്നതിനു ഇടയിലാണ് ഞാൻ അവളുടെ കണ്ണുകൾ ശ്രദ്ധിച്ചത്. ആകെ മൂടി കെട്ടിയ ആ ശരീരത്തിൽ ആകെ ശ്രദ്ധിക്കാൻ കഴിയുന്നത് ആ കണ്ണുകൾ മാത്രമായിരുന്നു. പേടിച്ചരണ്ട പേടമാനിന്റെ കണ്ണിണ എന്ന് ഒക്കെ കേട്ടിട്ടില്ലേ. ഞാൻ വേട്ടക്ക് ഒന്നും പോയിട്ടില്ലാത്തത് കൊണ്ട് അതിനെ പറ്റി ആധികാരികമായി പറയുന്നില്ല. ഒരു ആലങ്കരികമായി അങ്ങനെപറയാം തല്ക്കാലം.. ചെക്ക് മാർക്ക് അടയാളം തലതിരിച്ചിട്ടത് പോലെ ഭംഗിയിൽ വിതാനിച്ചു കിടക്കുന്ന അവളുടെ പിരികങ്ങളും ഗോട്ടി പോലെ തിളങ്ങുന്ന കറുത്ത കൃഷ്ണമണികളിലും എന്റെ കണ്ണുകൾ അലഞ്ഞു നടന്നു.
‘അത് ഒന്നും ചെയ്യില്ല. നീ ഓടിയത് കൊണ്ട് കൂടെ ഓടിയതാണ് ‘
നായ്ക്കുട്ടിയെ കാല് കൊണ്ട് അവളിൽ നിന്ന് അകറ്റി നിർത്തി ഞാൻ അവളോട് പറഞ്ഞു. അതിന്റെ അടുത്ത് നിന്ന് മാറാൻ അവൾ വീണ്ടും എന്റെ പിറകിലേക്ക് മാറി കൊണ്ടിരുന്നു. വിരലുകൾ കൊണ്ട് ചെറുതായ് എന്റെ ഷർട്ടിൽ അവൾ പിടിച്ചത് പോലെ എനിക്ക് തോന്നി
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?