‘പിണങ്ങാതെ.. ഞാൻ ചുമ്മാ ഒന്ന് ചൂടാക്കിയത് അല്ലെ..’
കൃഷ്ണ ഇഷാനിയെ ശ്രദ്ധിച്ചു. അവൾ എന്താണ് പറയുന്നത് എന്നറിയാൻ കൃഷ്ണ വല്ലാതെ ആഗ്രഹിച്ചു
‘ഇനി അവൾ ഇന്ന് നടന്നതിൽ എനിക്ക് പങ്കുണ്ട് എന്ന് വല്ലോം അമ്മയുടെ അടുത്ത് പറഞ്ഞു കളയുമോ.. നീ ചിന്തിച്ച പോലെ അവൾക്കും ചിന്തിക്കാമല്ലോ.. ശ്രുതിയുടെ അമ്മ എന്നെ പറ്റി എന്ത് കരുതുമോ..?
കൃഷ്ണ ടെൻഷൻ കൊണ്ട് നെറ്റിയിൽ കൈ വച്ചു
‘ഹേയ്.. ഇഷാനി അങ്ങനെ ഒന്നും പറയില്ല. അതൊന്നും ഓർത്ത് നീ പേടിക്കണ്ട..’
‘അതെങ്ങനെ നിനക്ക് അറിയാം..?
‘അവൾ ഇത് വരെ എന്നോട് പോലും നിന്റെ ഒരു കുറ്റവും പറഞ്ഞിട്ടില്ല. നിന്റെ എന്നല്ല ആരുടെയും.. നീയൊക്കെ ആണ് അവളെ പറ്റി എന്നോട് പലതും പറഞ്ഞു നടന്നത്..’
ഞാൻ ആ പറഞ്ഞത് കൃഷ്ണക്ക് ഒരു അത്ഭുതം ആയിരുന്നു. ഇഷാനി അർജുന്റെ അടുത്ത് തന്നെ കുറിച്ച് മോശം ഒന്നും പറഞ്ഞിട്ടില്ല എന്ന് കൃഷ്ണയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. കൃഷ്ണ ഇഷാനിയെ തന്നെ നോക്കി നിന്നു. ഇഷാനിയുടെ മുഖം നിർവികാരമായി. അവളുടെ അടുത്തിരുന്ന ശ്രുതിയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
‘ശ്രുതിയുടെ അമ്മയുടെ കണ്ണൊക്കെ നിറഞ്ഞല്ലോ.. അവർ എന്തായിരിക്കും പറയുന്നത്..?
കൃഷ്ണ എന്നോട് ചോദിച്ചു. ഞാൻ അവളുമായി മുറ്റത്തേക്ക് ഇറങ്ങി.
‘അറിയില്ല. ചിലപ്പോൾ അവളുടെ വീട്ടുകാരുടെ കാര്യം ആകും..’
ഞാൻ പറഞ്ഞു
‘വീട്ടുകാരുടെ എന്ത് കാര്യം. അവർക്ക് എന്താണ്..?
കൃഷ്ണ കാര്യം അറിയാനുള്ള ജിജ്ഞാസയോടെ അർജുനെ നോക്കി
‘അവൾക്ക് അച്ഛനും അമ്മയും ഒന്നുമില്ല. ഒരു തരത്തിൽ പറഞ്ഞാൽ അനാഥ. അച്ഛന്റെ ചേട്ടന്റെ വീട്ടിൽ നിന്നാണ് അവൾ വളർന്നത്..’
ഞാനത് പറഞ്ഞതും കൃഷ്ണയുടെ മുഖം വല്ലാണ്ട് അസ്വസ്‌ഥമായി. അവളുടെ വാക്കുകൾ മുറിഞ്ഞു
‘എനിക്ക്… എനിക്ക് അത് അറിയില്ലായിരുന്നു.. ആരും പറഞ്ഞില്ല.. ആരോടും അവൾ പറഞ്ഞിട്ടില്ല.. ഓഹ് ഗോഡ്..!
കൃഷ്ണയുടെ വാക്കുകളിൽ ഒരു ഏറ്റുപറച്ചിൽ ഉണ്ടായിരുന്നു. ആരുമില്ലാത്ത കുട്ടി ആണ് ഇഷാനി എന്ന് അറിഞ്ഞിരുന്നു എങ്കിൽ താൻ ഒരിക്കലും അവളെ വിഷമിപ്പിക്കുന്ന ഒന്നിനും കൂട്ട് നിക്കില്ലായിരുന്നു എന്ന് കൃഷ്ണ ചിന്തിച്ചു
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?