ക്ലാസ്സിൽ കയറി ചെന്നപ്പോൾ ആണ് അവിടെ എന്തോ വലിയ വിഷയം നടക്കുന്നത് പോലെ തോന്നിയത്. എല്ലാവരും ഇഷാനി ഇരിക്കുന്ന ബാക്ക് ബെഞ്ചിന് വട്ടം നിൽക്കുന്നു. അവളെ എല്ലാവരും ഒരു കുറ്റവാളിയെ പോലെ ചൂഴ്ന്ന് നോക്കുന്നത് എനിക്ക് കാണാൻ പറ്റി. കാര്യം എന്താണെന്ന് ആരോടെങ്കിലും തിരക്കുന്നതിന് മുന്നേ തന്നെ കൃഷ്ണ എന്നോട് എന്താണ് നടന്നത് എന്ന് പറഞ്ഞു
‘തന്റെ ഫ്രണ്ട് അഞ്ജനയുടെ ബാഗിൽ നിന്ന് ക്യാഷ് അടിച്ചു മാറ്റിയെന്ന്. അവളെ മൊത്തത്തിൽ ചെക്ക് ചെയ്തോണ്ട് ഇരിക്കുവാ ‘
ഞാൻ ഇഷാനി ആയി കമ്പനി ആകാൻ ശ്രമിക്കുന്നത് കൃഷ്ണ അടക്കം ക്ലാസ്സിലെ പലർക്കും ഇഷ്ടം അല്ലായിരുന്നു. അത് കൊണ്ടാണ് ഒരു കൊട്ട് എന്ന് നിലക്ക് കൃഷ്ണ ഇങ്ങനെ പറഞ്ഞത്. എന്തായാലും ഇഷാനിയുടെ ഫ്രണ്ട്ഷിപ് ഒന്നും ഇനി എനിക്ക് വേണ്ട എന്ന് ഇവർക്ക് അറിയില്ലല്ലോ. അവൾ കട്ടാൽ എന്ത് കൊന്നാൽ എന്ത്. എനിക്കൊരു തേങ്ങയും ഇല്ല.
‘മര്യാദക്ക് എടുത്ത പൈസ തിരിച്ചു തന്നോ.. ഇല്ലെങ്കിൽ എന്റെ സ്വഭാവം നീ അറിയും ‘
അഞ്ജന ദേഷ്യത്തിൽ ഇഷാനിയുടെ പേഴ്സ് വലിച്ചെറിഞ്ഞു. ബാഗും പേഴ്സും ഒക്കെ പരിശോധിച്ചു എങ്കിലും അവർക്ക് ഒന്നും തന്നെ ഇഷാനിയിൽ നിന്നും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. തെറിച്ചു വീണ ബാഗിൽ നിന്ന് കുറച്ചു നൂറിന്റെയും പത്തിന്റെയും നോട്ടുകൾ നിലത്തു ചിതറി വീണു. അതിനൊപ്പം തന്നെ കുറെ കാർഡുകളും പേപ്പർകളും പേഴ്സിൽ നിന്നും പുറത്തു വീണു. ആ കൂട്ടത്തിൽ ഒരു പാസ്പോർട്ട് സൈസ് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും ഉണ്ടായിരുന്നു. താടി വച്ച സുമുഖൻ ആയ ഒരാളുടെ ചിത്രം. ഇഷാനി നിലത്തു നിന്നും അത് തന്റെ കയ്യിലെടുത്തു അവളുടെ നെഞ്ചോട് അടുക്കി പിടിച്ചു. അവളുടെ അച്ഛന്റെ ഫോട്ടോ ആയിരിക്കണം അത്. അത്രയും പേര് ഒരു മര്യാദയും ഇല്ലാതെ പെരുമാറിയിട്ടും അവൾ കരയാനോ അപേക്ഷിക്കാനോ ഒന്നും മുതിർന്നിരുന്നില്ല. എന്നാൽ ആളുകൾക്ക് ഇടയിൽ എന്നെ കണ്ടതും അവൾ അസ്വസ്‌ഥ ആയത് പോലെ എനിക്ക് തോന്നി. അവളുടെ മുഖം അപമാനത്താൽ കുനിയുന്നത് ഞാൻ കണ്ടു. കുറച്ചു മണിക്കൂറുകൾ മുമ്പ് ഞാൻ അനുഭവിച്ച അതേ അപമാനം.. അവളും അറിയട്ടെ അതിന്റെ സുഖം. ഞാൻ ആ വിഷയത്തിൽ ഇടപെടാൻ പോയില്ല. എന്റെ സീറ്റിൽ ഇരുന്ന ബാഗ് എടുത്തു പുറത്തേക്ക് പോകാനായി നടന്നു.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?