Chapter Title : അനുബന്ധനം [നിഷ]
ഒരിക്കൽ അനുവിനോട് ട്യൂഷൻ ചേച്ചി ചോദ്യം ചോദിച്ചു. ഉത്തരം അറിയാതെ പരങ്ങി നിന്ന അവളെ ട്യൂഷൻ ചേച്ചി പരസ്യമായി മണ്ണൂസ് എന്ന് വിളിച്ചു. അതോടെ അവളോട് ഉണ്ടായിരുന്ന എൻ്റെ പ്രണയം പൊട്ടിപ്പോയി, സ്വാഭാവികം! ആ കാലഘട്ടം അങ്ങനെയാണ്, ലൈൻ സെറ്റ് ആക്കുമ്പോൾ അവൾക്ക് ഭംഗിവേണം പഠിപ്പ് വേണം.
ആയിടെ ട്യൂഷൻ ക്ലാസിൽ ആൺകുട്ടികൾക്ക് പല പെൺകുട്ടികളോടും ശത്രുത ഉണ്ടായിരുന്നു, പലകാര്യങ്ങൾക്കൊണ്ടും. അനുവിനോട് ഉണ്ടായിരുന്ന ദേഷ്യം അവർ തീർത്തത് എൻ്റെ പേരിൽ ഒരു ഊമക്കത്തു എഴുതിയാണ്. ഒരുപാടു തെറി, അസഭ്യങ്ങളുടെ ഗോഷയാത്ര കാണാം അതിൽ. എൻ്റെ പേരിൽ മൂന്ന് പേജ്!
ആരെഴുതി എന്നറിഞ്ഞിട്ടും ഞാൻ ഒന്നും ചോദിച്ചില്ല. അവളോടുള്ളപോലെ എന്നോടും കാണും ചില ദേഷ്യങ്ങൾ മറ്റുചിലർക്ക്!
പത്താം ക്ലാസും കഴിഞ്ഞു, വർഷങ്ങളും കഴിഞ്ഞു. കൂടെ പഠിച്ച ഒന്നോ രണ്ടോ പെൺകുട്ടികൾ മാത്രമായി പരിചയം പുതുക്കാറുണ്ട്.
ഒരു ദിവസം പ്രതീക്ഷിക്കാതെ അനുവിൻ്റെ എഫ്ബി റിക്വസ്റ്റ് വന്നു. അവൾ ഒരു അമ്മയായിരിക്കുന്നു. പണ്ടത്തെ അനു അല്ല, ആളാകെ മാറി, ഉയരം വച്ച് കുറച്ചു തടി വച്ച്.
ഞാൻ “ഹായ്” അയച്ചു. തിരിച്ചു അവളും. എന്തൊക്കെയോ ആവശ്യമില്ലാതെ ഫോർമൽ സംഭാഷണങ്ങൾ. ഇടക്ക് ഞാൻ പറഞ്ഞു,
“അന്ന് കത്തെഴുതിയത് ഞാനല്ല” അവൾ ഒന്നും മിണ്ടുന്നില്ല. ഏതു കത്തെന്നു പോലും റിപ്ലേ വന്നില്ല. ഞാൻ പിന്നെയും അയച്ചു.
“അന്നത്തെ ആ കത്ത് എഴുതിയത് ഞാനല്ല. ഞാൻ അങ്ങനെ ചെയ്യില്ല എന്ന് നീ വിശ്വസിക്കാൻ എനിക്ക് ഒന്നേ പറയാൻ ഉള്ളു. നിന്നെ ഒരുപാട് കാലം ഞാൻ സ്നേഹിച്ചിട്ടുണ്ട്, അന്ന് കാലത്ത്. പത്താം ക്ലാസ്സിലെ അസ്ഥിക്ക് പിടിച്ച പ്രേമം.”
💬 Comments
View all comments