Chapter Title : ദേവരാഗം 12 [ദേവന്]
ഏട്ടനെ സ്നേഹിച്ചിരുന്നു... പക്ഷേ ഇപ്പോ ഏട്ടന്റെ ഭാര്യയാവുക എന്നത് വാശി മാത്രാന്നാ എനിക്ക് തോന്നണേ...!!”
“...ശരി... ഇനി അനു പോയാലും ഞാന്‍ ആദിയെ കെട്ടുന്നില്ലാന്ന് തീരുമാനിച്ചൂന്നു വെച്ചാലും ഞാന്‍ കെട്ടുന്നവരെ അവളടങ്ങിയിരിക്കില്ല..”
“..ഉം... എന്നാലും നേരിട്ട് എട്ടനോടൊരു അങ്കത്തിനു പുള്ളിക്കാരി വരില്ല... കാരണം എല്ലാത്തിനും ഒടുവില്‍ ഏട്ടന് ചേച്ചിയെ സ്നേഹിക്കണം... അതാണല്ലോ ചേച്ചീടെ ആവശ്യം... എന്നാ ഏട്ടന്റെ ജീവിതത്തില്‍ ഒരു പെണ്ണുണ്ടായാല്‍ അവളെ അപകടപ്പെടുത്താണോ, അപകീര്‍ത്തിപ്പെടുത്താനോ ശ്രമിച്ചോണ്ടിരിക്കും അതോണ്ട് സൂക്ഷിക്കണമേട്ടാ...!!” ഞാനൊരു നെടുവീര്‍പ്പോടെ തലയാട്ടി.. അപ്പോഴേക്കും ഞങ്ങള്‍ കാറിനടുത്തെത്തിയിരുന്നു.
“...ഹാ... അച്ചൂട്ടീ...!! നീയുണ്ടാരുന്നോ അമ്പലത്തില്‍... ഞാനും വിചാരിച്ചു ദേവേട്ടനെന്താ പോയിട്ടിത്രേം താമസിക്കുന്നേന്നു...” ഞങ്ങളെക്കണ്ട് ആശ്ചര്യത്തോടെ അനു ചോദിച്ചു..
“..ഉം.. ഞങ്ങളോരോ കാര്യങ്ങളൊക്കെ സംസാരിക്കുവാരുന്നേട്ടത്തീ... നിങ്ങള്‍ തറവാട്ടിലേയ്ക്കല്ലേ...? ഞാനും അങ്ങോട്ടാ.. അവിടെല്ലാരും നിങ്ങളെ കാത്തിരിക്കുവാരിക്കും.. അനുവിന്റെ ചോദ്യത്തിന് മറുപടി നല്കി അച്ചു ഞങ്ങള്‍ക്കൊപ്പം കാറില്‍ കയറി.. കാറ് തറവാട്ടിലേയ്ക്ക് ചലിച്ചു..
കാറില്‍ അച്ചു ഉണ്ടായിരുന്നകൊണ്ടാവണം അനു അവളോടാണ് കൂടുതലും സംസാരിച്ചത്... മുഖത്തൊരു പിണക്കം പോലെ... രാവിലെ വരെയുണ്ടായിരുന്ന അടുപ്പം എന്നോടിപ്പോഴില്ലന്നു തോന്നി.. അച്ചു പറഞ്ഞപോലെതന്നെ തറവാട്ടില്‍ മൂന്നമ്മാവന്മാരും അവരുടെ കുടുംബവും ഉണ്ടായിരുന്നു... ഞങ്ങള്‍ വരുന്നതും കാത്ത് ആദിയും അമ്മുവും ഉമ്മറത്ത് തന്നെയുണ്ടായിരുന്നു.. ഞങ്ങളുടെ കാറ് വരുന്ന കണ്ട് അമ്മു ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് അകത്തേയ്ക്ക് പോയി.
കാറിന്റെ മുന്‍സീറ്റില്‍ നിന്നും എനിക്കൊപ്പം അനു ഇറങ്ങി വന്നത് ആദിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല എന്നെനിക്ക് മനസ്സിലായി.. അതവളുടെ മുഖത്ത് നിന്നും വായിക്കാമായിരുന്നു... തന്നെയുമല്ല അനു ഉടുത്തിരുന്ന കരിനീല കാഞ്ചീപുരം പട്ടുസാരിക്ക് മാച്ച് ചെയ്യുന്ന കരിനീല ഷര്‍ട്ടും ഓഫ് വൈറ്റ് ജീന്‍സുമായിരുന്നു എന്റെ വേഷം...
💬 Comments
View all comments