0%

Chapter Title : ദേവരാഗം 16 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1776

കഴുത്തുകളിലായി തിളങ്ങിക്കിടന്നു... അവള്‍ എന്റെ വാക്കുകള്‍ സമ്മതിക്കുന്നപോലെ എന്നെ കെട്ടിപ്പിടിച്ച് തോളിലെ അവള്‍ ഉണങ്ങാന്‍ സമ്മതിക്കാത്ത മുറിവില്‍ ചുണ്ട് ചേര്‍ത്ത് നിന്നു..

ഞാനൊന്ന് ദീര്‍ഘമായി നിശ്വസിച്ചു.. പിന്നെ അവളുടെ മുടിയിഴകളില്‍ തഴുകി പതുക്കെ പറഞ്ഞു.. “...അതെയനൂ നമുക്ക് മരിക്കാം... എന്നിട്ട് വരും ജന്മങ്ങളില്‍ ആരും തേടി വരാനില്ലാത്ത വനാന്തരങ്ങളില്‍ വേഴാമ്പലുകളായി പിറവിയെടുക്കാം.. ജീവിതകാലം മുഴുവന്‍ ഒരിണ മാത്രമുള്ള വേഴാമ്പലുകള്‍... വാശിയോടെ ഇണചേരുന്ന മലമുഴക്കികള്‍.. എന്നിട്ട് ആരും എത്തിപ്പിടിക്കാത്ത ഉയരമുള്ള മരങ്ങളില്‍ കൂട് വയ്ക്കാം... അവിടെ നീയെന്റെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കും... നിങ്ങള്‍ക്കായി ഞാന്‍ ഇരതേടിപ്പോകുമ്പോള്‍ എന്റെ വഴിക്കണ്ണും നോക്കി നമ്മുടെ കുഞ്ഞുങ്ങളെ മാറോടടക്കി നീ കാത്തിരിക്കണം... പോകുന്ന വഴിയില്‍ ഞാന്‍ മരിച്ചുപോയാലും നീയും കുഞ്ഞുങ്ങളും എനിക്കൊപ്പം മരിക്കും.. അവിടെയും നിങ്ങളെ ഞാന്‍ തനിച്ചാക്കില്ല...”

പെട്ടന്ന് അനു ഉറക്കത്തില്‍ നിന്നെന്നപോലെ ഞെട്ടി.. എന്റെ നെഞ്ചില്‍ നിന്ന് മുഖമുയര്‍ത്താതെ പതുക്കെ പറഞ്ഞു... നേര്‍ത്ത സ്വരത്തില്‍ എന്നാല്‍ ദൃഡമായി ഓരോ വാക്കും എണ്ണിക്കൊണ്ട് പറയുന്നപോലെ..

“...നമുക്ക് മരിക്കണ്ട ദേവേട്ടാ... എനിക്കീ ജന്മത്തില്‍ത്തന്നെ എന്റെ ദേവേട്ടന്റെ കൂടെ ജീവിക്കണം... ദേവേട്ടന്റെ കുഞ്ഞുങ്ങളെ പ്രസവിക്കണം.. പാലൂട്ടി വളര്‍ത്തണം... ദേവേട്ടന്റെ സ്നേഹം അനുഭവിച്ച് ദീര്‍ഘായുസ്സോടെ ജീവിക്കണം... അവസാനം മരിക്കുമ്പോള്‍ ഒരേ മണ്ണില്‍ ഒരുമിച്ച് അന്ത്യവിശ്രമം കൊള്ളണം...” വളരെപ്പതുക്കെ അവള്‍ പറഞ്ഞു തീര്‍ന്നതും ഞാന്‍ പൊട്ടിക്കരഞ്ഞു പോയി... എന്റെ കണ്ണീര്‍ അവളുടെ മൂര്‍ദ്ധാവിലേയ്ക്ക് ഒഴുകി വീണു.. അവള്‍ പതുക്കെ  മുഖമുയര്‍ത്തി എന്റെ കണ്ണുകളിലേയ്ക്ക് നോക്കി... തളര്‍ച്ചയിലും അവളുടെ  കണ്ണുകളില്‍ പഴയ തിളക്കം നിറഞ്ഞു നിന്നു... അവള്‍ കൈയുയര്‍ത്തി എന്റെ കണ്ണുകള്‍ തുടച്ചു.. എന്നോടുള്ള സ്നേഹസാഗരം അലയടിക്കുന്ന അവളുടെ കണ്ണുകളില്‍ ഞാനും മുത്തി... മഴ തോര്‍ന്നിരുന്നു...

“...വാ ദേവേട്ടാ... നിക്ക് തണുക്കണൂ...”

“...ഇനി നീയന്നെ വിട്ടു പോവൂല്ലല്ലോ...” ഞാന്‍ ഒരിക്കല്‍ക്കൂടി ചോദിച്ചു... മറുപടിയായി അവളെന്റെ തോളില്‍ കടിച്ചു... ഞാന്‍ അവളുടെ മാത്രമാണെന്നതിന് അവള്‍ ചാര്‍ത്തിയ അടയാളത്തില്‍... എന്റെ പ്രാണനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് മരണത്തിലും ജീവിതത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലം വിജയകരമായി കടന്ന സന്തോഷത്തില്‍ ഞാന്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചു... എന്റെ തോളില്‍ ചാഞ്ഞു നില്‍ക്കുന്ന അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു..

💬 Comments

View all comments