Chapter Title : ഏട്ടൻ 6 [RT] [Bonus part]
പതുത്ത അവളുടെ കൈയുടെ പുറത്ത് അവൻ പതിയെ തഴുകാൻ തുടങ്ങി.
“നാളെ എനിക്കെന്തെങ്കിലും പറ്റി പോയാൽ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ നീ?”
വിഷ്ണുവിന്റെ ആദ്യത്തെ ചോദ്യത്തിൽ തന്നെ തലയ്ക്കടി കിട്ടിയത് പോലെ പൂജ വിറങ്ങലിച്ചു പോയി.
“ഏട്ടാ..” അവൾ ഇങ്ങനൊന്നും പറയല്ലേ എന്ന അപേക്ഷയോടെ വിളിച്ചു.
അവനത് കാര്യമാക്കിയില്ല.
“നമുക്കൊരു കുഞ്ഞായെന്ന് വച്ചോ.. നിനക്ക് നാട്ടിൽ പോകാൻ പറ്റില്ല. ആരുടെ കുഞ്ഞെന്ന് പറയും നീ? ഒറ്റയ്ക്ക് സ്ഥിരമായ ഒരു വരുമാനം ഇല്ലാതെ ഈ നാട്ടിൽ എങ്ങനെ ജീവിക്കും?”
“ഇങ്ങനൊക്കെ പേടിച്ചിരുന്നാൽ എങ്ങനാ?
പിഎസ്സിയും എസ്എസ്സിയുമൊക്കെ കിട്ടാനുള്ള പാട് ഏട്ടന് അറിയുന്നതല്ലേ?
ഞാൻ.. വേറെന്തെങ്കിലും ജോലിക്ക് ശ്രമിച്ചാൽ പോരെ?”
“അവസാനം നിന്റെ ഭാവി ഞാനായിട്ട് നശിപ്പിച്ചു എന്ന് നീ തന്നെ പറയും.”
“ഞാനങ്ങനെ ഒന്നും പറയില്ല.”
“കുഞ്ഞായാൽ നിനക്ക് പഠിക്കാനൊന്നും പറ്റില്ല.”
“അതൊക്കെ പറ്റും. ഞാൻ പഠിക്കുന്ന നേരം ഏട്ടൻ കുഞ്ഞിനെ നോക്കിയാൽ മതി.”
“അത് കൊള്ളാം. നീ പഠിക്കും ഞാൻ കുഞ്ഞിനെ നോക്കും. അപ്പൊ ആര് തിന്നാൻ തരും?
ആര് ജോലിക്ക് പോവും?
നിന്റെ പ്രഗ്നൻസി പിരിയഡ് എങ്ങനെയായിരിക്കുമെന്ന് ആർക്കറിയാം! വയ്യായ്ക ആണെങ്കിൽ ഒരു പത്തുമാസം ആ വഴിക്ക് പോയി.. പിന്നെ ഒരു മൂന്ന് കൊല്ലം നീ കുഞ്ഞിന്റെ കൂടെ കാണണം.. ഇതിനിടയിൽ എപ്പോഴാ നീ പഠിക്കുന്നെ?”
പൂജയ്ക്ക് ഉത്തരം കിട്ടിയില്ല.
പറയുമ്പോൾ വളരെ നിസ്സാരമായി കഴിയുമെങ്കിലും ഒന്നും നിസ്സാരമല്ല.
“കഴിഞ്ഞ സിജിഎൽ കുഴപ്പമില്ലാതെ എഴുതാൻ പറ്റിയെന്നല്ലേ പറഞ്ഞത്? ഒരു രണ്ട് കൊല്ലം നീ ട്രൈ ചെയ്യ്. എന്നിട്ട് നമുക്ക് കുഞ്ഞിനെപ്പറ്റി ആലോചിക്കാം.”
“രണ്ട് കൊല്ലമോ?” പൂജയ്ക്ക് സങ്കടമായി.
“വേണം.. നീ മിടുമിടുക്കിയല്ലേ…ആ നീ പഠിത്തം പാതി വഴിക്ക് കളഞ്ഞാൽ ഞാൻ ഇത്രേം നാളും കഷ്ടപ്പെട്ടതൊക്കെ വെറുതെ ആവില്ലേ?” കവിളിൽ പിടിച്ചുലച്ച് അവനങ്ങനെ പറഞ്ഞപ്പോഴാണ് പൂജ ആ വഴിയിൽ ചിന്തിച്ചത്.
തന്നെ പഠിപ്പിക്കാൻ ഏട്ടൻ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. ഏട്ടനും അത്യാവശ്യം നന്നായി പഠിക്കുന്നതായിരുന്നു. സിഎ ചെയ്യണമെന്നായിരുന്നു ഏട്ടന്റെ അന്നത്തെ ആഗ്രഹം. എന്നിട്ടും അന്നും ചിറക് മുളയ്ക്കാത്ത തന്നെ നോക്കാൻ ജോലിക്ക് പോയിത്തുടങ്ങി. കടുപ്പമുള്ള വിഷയങ്ങൾക്ക് ട്യൂഷൻ തന്നു പഠിപ്പിച്ചു.
💬 Comments
View all comments