Chapter Title : അതിജീവിതം [Muzan Kibutsuji]
കൃഷി പണി ആയി നടക്കുന്നതിൽ അമ്മ ശാലിനി ആദ്യമൊക്കെ വിഷമിച്ചിരുന്നു. എന്നാൽ അജു അതിനു പുല്ലു വില പോലും കൊടുക്കാത്തതോടെ അവളും അത് നിർത്തി.
അതിരാവിലെ ശുദ്ധവായു ശ്വസിച്ച് നടക്കുന്ന സുഖം അവന് വളരെ വിലപ്പെട്ടതായി തോന്നി. ധാരാളം ആളുകൾ റോഡിലൂടെ കൂട്ടമായി നടക്കാനിറങ്ങുന്നുണ്ട്. ചിലർ സ്ഥിരമായി വരുന്നവർ. പോലീസ് ടെസ്റ്റിന് തയ്യാറെടുക്കുന്ന പിള്ളേരും ഓടുന്നത് കാണാം. അവന്റെ പ്രായത്തിൽ തന്നെ ഉള്ളവരാകും ചിലർ. എന്നാൽ അവന് മറ്റൊരാളുടെ കീഴിൽ പ്രവർത്തിക്കാൻ താൽപര്യമില്ലായിരുന്നു. ഇപ്പോൾ സാധാരണ കർഷക കുടുംബം ആണെങ്കിലും വലിയ തറവാട്ടുകാരാണ്.
എന്നാൽ അച്ചൻ ഉപേക്ഷിച്ചു പോയതോടെ എല്ലാം മാറിമറിഞ്ഞു. അവന് 5 വയസ്സുള്ളപ്പോഴാണ് അച്ചൻ മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കുന്നത്. അവന് അച്ചനോട് അതിനാൽ വളരെ ദേഷ്യം ആയിരുന്നു കുറച്ചു വർഷം മുൻപ് വരെ കൃത്യമായി പറഞ്ഞാൽ പഠനം നിർത്തി വീട്ടിലേക്ക് തിരിച്ചു വരും വരെ. അതിപ്പോൾ എല്ലാ കാര്യങ്ങളിലും അങ്ങനെയാണ്. കോളേജിൽ പഠിച്ച ചുരുങ്ങിയ സമയത്തെ അനുഭവങ്ങൾ കൊണ്ട് തന്നെ അവന്റെ ജീവിത കാഴ്ചപ്പാടുകൾ ഒരുപാട് മാറിയിരുന്നു.
ഒരു വിധം തട്ടിക്കൂട്ടി പ്ലസ് ടൂ പാസ് ആയപ്പോൾ തന്നെ നാട്ടിലെ കോളേജൊന്നും സീറ്റ് കിട്ടില്ല എന്ന് മനസ്സിലാക്കി തന്നെയാണ് കോയമ്പത്തൂർ പോയി ഡിഗ്രി ചെയ്യാൻ തീരുമാനിച്ചത്. നാട്ടിൽ നിന്ന് മാറി നിൽക്കുന്ന സ്വാതന്ത്ര്യം ആസ്വദിക്കാമെന്ന് കരുതി. എന്നാൽ ദിവസേന രാവിലെ നേരത്തെ ഉണർന്ന് കോളേജ് ബസിൽ കോയമ്പത്തൂർ പോകുന്നതും അവിടെ നിന്ന് വൈകി വീട്ടിൽ എത്തുന്നതും ആദ്യ ദിനങ്ങളിൽ ക്ഷീണിപ്പിക്കുന്നതായിരുന്നു. എങ്കിലും അവന് അവന്റെ ക്ലാസിൽ ഒരു തമിഴ് സുഹൃത്തിനെ കിട്ടി, കതിർ.
💬 Comments
View all comments