0%

Chapter Title : കാഞ്ഞിരക്കുറ്റി 7 [ലസ്റ്റർ]

നാട്ടിലെ ജോലിക്കാർ ആയിരുന്നില്ല കാഞ്ഞിരം മുറിച്ചത്, തമിഴന്മാർ ആയിരുന്നു. അതിന് ശേഷം ആ വീട്ടിലേക്കോ പറമ്പിലോ ആരും പോകാറില്ലന്നാ കേട്ടത്."!

മമ്മാജി ഗ്ലാസുകളുമായി വരാന്തയിലേക്ക് നടന്നു. അയാളോട് യാത്ര പറയാനായി വാഹിദും പിന്നാലെ ചെന്നു. ഗ്ലാസ് വാങ്ങാനായി ഷഹാന വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു. വാഹിദ് അവളറിയാതെ അവളുടെ ഭാവങ്ങൾ വീക്ഷിച്ചു. മമ്മാജിയിൽ നിന്ന് ഗ്ലാസ് വാങ്ങുമ്പോൾ കണ്ണുകൾ ഉയർത്തി അവൾ അയാളെ ഒന്ന് നോക്കി.

ആ നോട്ടത്തിൽ ഏതൊരു പുരുഷനും അടിപതറിപ്പോകുന്ന ഒരു ക്ഷണമുണ്ടായിരുന്നു. വിടർന്ന കണ്ണുകളിലെ തിളക്കവും ചുണ്ടിൽ മിന്നിപ്പൊലിഞ്ഞ നിഗൂഢമായ മന്ദഹാസവും മമ്മാജിയുടെ മധ്യവയസ്സിലെത്തിയ തടിച്ച ശരീരത്തിലേക്ക് യുവത്വം പടർന്ന് പിടിപ്പിക്കാൻ മാത്രം തരംഗശക്തിയുള്ളതായിരുന്നു.

തന്റെ മുഖത്തേക്ക് ക്ഷണിക്കാതെ കടന്നുവന്ന അതിഥിയെ പോലെ വിരുന്നെത്തിയ കള്ളച്ചിരി നിയന്ത്രിച്ചു നിർത്തി മമ്മാജിയോട് യാത്ര പറഞ്ഞു വാഹിദ് അവരുടെ സന്തോഷങ്ങൾക്ക് തടസ്സം നിൽക്കാതെ അവിടെ നിന്നിറങ്ങി.

(അദ്ധ്യായം 20)

അർദ്ധ രാത്രി.!

കാറ്റിന്റെ ഹുങ്കാരം പോലുമില്ലാത്ത തികഞ്ഞ നിശബ്ദതയിൽ ചീവീട് രാഗം അവിരതം മുഴങ്ങിക്കൊണ്ടിരിക്കുന്നു. മൂന്നാം നാളിലെ ചന്ദ്രക്കലയിൽ നിന്ന് വീഴുന്ന വെളിച്ചം ഗ്രാമത്തിന്റെ വിശാലതയിൽ നീലിമ കലർന്നു പരന്നു കിടക്കുകയും കാട്ടുമരങ്ങളും മാവും പ്ലാവും പിന്നെ അസംഖ്യം തെങ്ങുകളും യഥേഷ്ടം വളർന്നു നിൽക്കുന്ന വിശാലമായ പറമ്പ് നിലാവെളിച്ചത്തിൽ ഇരുട്ടും വെളിച്ചവും പരസ്പരം കെട്ടിപ്പുണർന്ന് നയന സുന്ദരമായ ഒരു ചിത്രം പോലെ തോന്നിപ്പിക്കുന്നുണ്ട്. രാത്രിയുടെ കാവൽക്കാരെപ്പോലെ ചീവീടുകളും നിശാ കീടങ്ങളും രാപ്പുള്ളുകളും നിരന്തരമായി ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു.

രാത്രിയുടെ വെളിച്ചം പരന്നൊഴുകിയ വിശാലമായ പറമ്പിന്റെ വിജനതയിൽ, വാഹിദിന്റെയും അവനോട് ചേർന്നു നിൽക്കുന്ന ആതിരയുടെയും മുന്നിൽ ആ പാറ ഒരു ഭീമാകാര സ്വത്വം പോലെ രാത്രിയുടെ മൂകതയിൽ നിവർന്നു നിന്നു. പാറയുടെ മുകളിലേക്ക് നോക്കിയപ്പോൾ,

ചന്ദ്ര വെളിച്ചത്തിൽ കാണുന്ന നരച്ച മേഘങ്ങൾ നിറഞ്ഞ ആകാശത്തിന്റെ ദൃശ്യത്തിലൂടെ ഒറ്റപ്പെട്ട വവ്വാലുകൾ ശാന്തമായി പറന്നു പോകുന്നത് വാഹിദ് കണ്ടു. ഒരുകാലത്ത് യാതൊരു ഭയവുമില്ലാതെ ഒരു ഗംഭീര സ്ത്രീ തന്റെ ശരീരത്തിന്റെ ഉജ്ജ്വല സൗന്ദര്യം ഇവിടെ ആഘോഷിച്ചിരുന്നു. ആരെയും ഭയക്കാതെ,

ജന്മിത്വത്തിന്റെ സ്വാതന്ത്ര്യത്തിൽ ഈ പാറയിൽ ചാരി മലർന്നു കിടന്ന് തന്റെ കാമുകന്റെ ഭ്രാന്തമായ പിച്ചിച്ചീന്തലിൽ കിടന്ന് പുളഞ്ഞിരുന്നു.

💬 Comments

View all comments