0%

Chapter Title : കരയില്ല ഞാൻ [Noufal Muhyadhin]

താൻ കരയുന്നതെന്ന് പൊട്ടിപ്പെണ്ണ് വെറുതേ വിശ്വസിച്ചു. ഇല്ല, ഇനിയിവിടെ നിന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും. പെട്ടെന്നുണ്ടായ ശക്തിയിൽ ബൈക്കെടുത്ത് പള്ളിയിലേയ്ക്ക്. പിറകിലെ പള്ളിക്കാട്ടിനുള്ളിൽ വള്ളിപ്പടർപ്പുകൾ വകഞ്ഞൊതുക്കി കുഞ്ഞുഖബറിനുമുന്നിൽ മുട്ടുകുത്തിനിന്നു. അവൾ കുഞ്ഞല്ലേ, കുനിഞ്ഞിരുന്ന് പറഞ്ഞില്ലെങ്കിൽ അവൾക്ക് കേട്ടില്ലെങ്കിലോ... "ന്റെ കുഞ്ഞാമിനാ, അന്നോട് ഞാൻ പറഞ്ഞിലേ വാപ്പച്ചി പോവുമ്പോ കരയുല്ലാന്ന്! വാപ്പച്ചിക്ക് അയ്ന്റെ മുന്നെ കരയാലോ... ഇഞ്ഞി വാപ്പച്ചി പോവുമ്പോ ഇയ്യി കരയൂന്ന് പറഞ്ഞിലേ... ഇന്ന്ട്ട് കരയാൻ നിക്കാതെ പെട്ടെന്ന് പോയിലേ..."

എന്റെ തൊട്ടടുത്ത് മുങ്ങിത്താവുമ്പോൾ., ഒന്നു പൊങ്ങിയിട്ടുണ്ടാവില്ലേ? അപ്പഴൊന്ന് വാപ്പച്ചിയെന്ന് വിളിക്കാമായിരുന്നു ഒന്നു ശക്തിയിൽ കൈയിട്ടടിച്ചാൽ കേൾക്കുമായിരുന്നു.

മൈലാഞ്ചിച്ചെടിയിനിയും വേരുപിടിച്ചിട്ടുണ്ടാവില്ല. പച്ചമണ്ണുണങ്ങാറായില്ല. മഴപെയ്തെങ്ങാൻ നനയാതിരുന്നാൽ മതിയെന്റെ കുട്ടിക്ക്. പൊന്നിൻകുടം കൂരിരുട്ടിൽ പേടിച്ചലറുന്ന മുഖമൊന്ന് കരളിനെ കീറിമുറിച്ചപ്പുറം പോയി. നിന്ന നിൽപ്പിലൊന്ന് മരിച്ചുവീണെങ്കിൽ, ഇന്നുരാത്രി കുഞ്ഞിപ്പൂവിന് കൂട്ടിരിക്കാമായിരുന്നു. ജീവിക്കാൻ കൊതിയില്ല. പക്ഷേ, മരിക്കാനുമാവില്ല. ഞാനില്ലെങ്കിൽ കരിപുരണ്ട കവിളിലെ കണ്ണുനീർ പിന്നെയാരു തുടക്കും. കരയാനല്ലാതെ കറുത്തൊന്ന് നോക്കാൻ പോലുമറിയാത്ത ഷാനിബയെ സ്നേഹിക്കാനായി ജീവിച്ചേ മതിയാവൂ.

പിന്നെയും അവിടെ നിൽക്കാതെ അവിടുന്ന് ഓടുകയായിരുന്നു. ഒന്നുമല്ല, അവളതെങ്ങാനും കേട്ടാൽ, കിടന്നിടത്തുനിന്നെണീക്കാനാവാതെ ചിണുങ്ങിയാൽ വാപ്പച്ചിയ്ക്ക് പിന്നെ കരഞ്ഞ് കണ്ണു കാണാതാവും... എന്നാലും എന്റെ മോള് എങ്ങനെയാ ടാങ്കിയിൽ പിടിച്ചുകയറി റബ്ബേ... ഉത്തരമില്ലാത്ത ചോദ്യം എനിക്കൊപ്പം ഉറങ്ങാതലഞ്ഞു.

വീട്ടുമുറ്റത്ത് കൂട്ടുകാരന്റെ വണ്ടി വന്നുകിടപ്പുണ്ട്. പെട്ടെന്ന് വസ്ത്രമൊതുക്കിയതും എടുത്ത് വച്ച് ബെൽറ്റും ഷൂവും വിറക്കുന്ന കൈകൾ കൊണ്ട് എങ്ങിനെയൊക്കെയോ വലിച്ചുകെട്ടി. ഇനിയും നിന്നാൽ എനിക്ക് പോകാനാവില്ല. ഷാനിബ ചെങ്കൽപ്രതിമ പോലെ ചുവരിന്റെ മൂലയിൽ അനങ്ങാതെ നിൽപ്പാണ്. പെട്ടെന്നുണ്ടായ കരുത്തിൽ കതകടച്ച് വേദനിക്കുന്ന പെണ്ണിനെ വലിച്ചടുപ്പിച്ച് ചേർത്തുപിടിച്ചു. ചൂടായിരുന്നു കരിപിടിച്ച പൂമേനിയൊന്നാകെ. കണ്ണുനീർ തിളച്ചുമറിയുമ്പോഴേയ്ക്കും ചങ്കിൽ അമർത്തിയൊന്നുമ്മ വെച്ച് പുറത്തേയ്ക്ക് കുതിച്ചു. അതിനിടയിൽ അവൾ കൈപിടിച്ചൊന്ന് വലിച്ചുവെങ്കിലും തിരിഞ്ഞു നോക്കിയില്ല. നോക്കാനെനിക്ക് ആവുമായിരുന്നില്ല. തിരിച്ചൊരുമ്മ വാങ്ങാനുള്ള കരുത്തില്ലായിരുന്നു. ആ പിടച്ചിലെനിക്ക് കാണണ്ട. കണ്ണുനിറഞ്ഞൊന്നും കാണുന്നില്ല. ഉമ്മ കരയുന്നതോ പെങ്ങൾ മുഖം തിരിച്ചതോ ഒന്നും. ഒന്നിനും നിന്നു കൊടുത്തില്ല. കരയില്ല ഞാൻ...കണ്ണുനിറഞ്ഞോട്ടെ എന്നാലും കരയില്ല! വേഗം വണ്ടിയിൽ കയറി പെട്ടെന്ന് പോകാൻ തിടുക്കം തോന്നി.എല്ലാ തവണയും പോലെ കൂട്ടുകാർ മുറ്റത്ത് ചുറ്റിനിന്നിരുന്നു.

💬 Comments

View all comments