Chapter Title : കോകില മിസ്സ് [കമൽ]
ഓടിട്ട വീട്, കോളജിലേക്ക് ബസ്സ് കയറാൻ വരുന്ന ചേച്ചിമാരെ പഞ്ചാരയാടിക്കാൻ ബസ്സ് സ്റ്റോപ്പിൽ നിരന്നു നിൽക്കുന്ന കാമുകവൃന്ദം.... പോകുന്ന വഴി അവൻ കാണാറുണ്ടായിരുന്നു സ്ഥിരം കാഴ്ചകൾ കണ്ട് അവന്റെ ഉള്ളു നിറഞ്ഞു. ഈ കാഴ്ചകളെല്ലാം നേരിട്ട് കണ്ടിട്ടും അതേ കാഴ്ചകൾ അവന്റെ മനസ്സിൽ വല്ലാത്തൊരഭാവമുണ്ടാക്കി. നേതാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ. സ്കൂളിലേക്കുള്ള ആർച്ചിന്റെ മുൻപിൽ സൈക്കിൾ ചവിട്ടി നിർത്തി സ്കൂൾ ബോര്ഡിലേക്ക് ജിത്തു സൂക്ഷിച്ചു നോക്കി. ആദ്യമായി കാണുന്നത് പോലെ. അവിടെ നിന്നും നൂറു നൂറ്റമ്പത് മീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്. അവൻ നിൽക്കുന്നിടത്തു നിന്ന് സൈക്കിൾ തള്ളിക്കൊണ്ട് പോകാനേ അനുവാദമുള്ളു. സൈക്കിളിൽ നിന്നിറങ്ങി അവൻ ചുറ്റുപാടുകൾ വീക്ഷിച്ചുകൊണ്ട് നടന്നു. ചുറ്റിലും പല ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ നടന്നു പോകുന്നു. പക്ഷെ മനസ്സ് നിറയെ അവളായിരുന്നു. കോകില.... കോകില മിസ്സ്. ഉത്തരം കണ്ടെത്താനുള്ള ഒരുപാട് ചോദ്യങ്ങൾ മനസ്സിലിട്ടുരുട്ടി അവൻ ഓരോ അടിയും കരുതലോടെ എടുത്തു വച്ചു. സ്കൂളിൽ അവനൊരു ഇരട്ടപ്പേരുണ്ടായിരുന്നു. തോൾ ചരിച്ച് മോഹൻലാലിനെപ്പോലെ നടന്നിരുന്ന അവനെ പിള്ളേർ ‘എട്ടേ പത്തേ’ എന്നാണ് വിളിച്ചിരുന്നത്. ത്ന്റെ ഊഹം ശരിയാണെങ്കിൽ ഇപ്പോൾ സ്കൂളിന്റെ രണ്ടാം നിലയിൽ നിന്ന് സയൻസ് ബാച്ചിൽ തോറ്റിരിക്കുന്ന രണ്ടു മുതുക്കന്മാർ വരാന്തയിൽ നിന്ന് തന്റെ നടത്തം അനുകരിച്ച് ഇരട്ടപ്പേര് വിളിച്ചു കളിയാക്കും. സൈക്കിൾ കോമ്പൗണ്ടിന്റെ ഒരറ്റത്ത് സ്റ്റാണ്ടിട്ട് വച്ച് സ്കൂൾ പടികൾക്ക് നേരെ നടന്നടുത്തപ്പോൾ മുകളിൽ നിന്നും കൂക്കുവിളിയും ചിരിയും കേട്ട് അങ്ങോട്ട് നോക്കി. അവിടെ അതാ ആ മഹദ് വ്യക്തികൾ അവന്റെ നടത്തം അനുകരിക്കുന്നു, എട്ടേ പത്തേ..... പറഞ്ഞു കൈ കൊട്ടി ചിരിക്കുന്നു.
💬 Comments
View all comments