0%
Chapter 1

കോൾ സെന്റർ 3 [കമൽ]

Author : കമൽ | Read All Parts | 👁 80 |

അകത്തേക്ക് കയറാൻ തുനിഞ്ഞ ജോജോയുടെ മൊബൈൽ ശബ്ദിച്ചു. ഫോണിൽ ജിന്റോയുടെ നമ്പർ കണ്ട് അവന്റെ മുഖം തെളിഞ്ഞു. "അമ്മിച്ചിയാ വണ്ടീടെ താക്കോലിങെടുത്തേ.... ഞാനൊന്ന് പൊറത്തു പോയിട്ട് വരാം." "ഒരേടത്തും പോണ്ട. ഇച്ചേരേ എണ്ണേം തേച്ച് കൊറച്ചു നേരം അകത്തിരി. ഒള്ള കണ്ട വെയിലെല്ലാം കൊണ്ട്.... വല്ല നീരും പിടിക്കും ചെക്കാ." "ഇപ്പൊ വേദനയൊന്നും ഇല്ലമ്മിച്ചീ... ആ താക്കോലിങെട്. അല്ലേ വേണ്ട. മാറിക്കേ... ഞാനെടുത്തോളം." ജോജോ വീട്ടിനുള്ളിലേക്ക് ഓടിക്കയറി. പോയതിനെക്കാൾ സ്പീഡിൽ തിരിച്ചിറങ്ങി ശകടത്തിൽ കയറി. ബേബിച്ചേച്ചി വീണ്ടും എന്തെങ്കിലുമൊക്കെ പറയുന്നതിന് മുന്നേ അവൻ വണ്ടി വിട്ടു. പോകുന്ന വഴിയവൻ ഫോണെടുത്തു നോക്കി. മൂന്ന് മിസ്സ് കോൾ. അവൻ ജിന്റോയെ തിരികെ വിളിച്ചു. "എവടെയാടാ മോനെ? എത്ര നേരമായി ഞാൻ വിളിക്കുന്നു?" ജിന്റോ ചൂടായി. "ഞാനിപ്പോ എത്തും. വന്നുകൊണ്ടിരിക്കുവാ." "എങ്ങോട്ട്? നിന്നോട് ഞാനെങ്ങോട്ടാ വരണ്ടേന്ന് പറഞ്ഞില്ലല്ലോ?" "അപ്പൊ പഞ്ചായത്ത് കിണറിന്റവടെയല്ലേ?" "കിണറ്റിലും കാലിന്റെടേലും ഒന്നുവല്ല. നീയാ ഇല്ലിപ്പറമ്പിന്റങ്ങോട് വന്നാ മതി." "ദാ എത്തി..." ജോജോ ആക്സിലറേറ്റർ തിരിച്ചൊരു പരുവമാക്കി. വണ്ടി ഇല്ലിപ്പറമ്പിന്റെ മുന്നിലെത്തിയപ്പോൾ എൻട്രൻസിൽ തന്നെ ജിന്റോ ബൈക്കിൽ ചാരി മൊബൈലിൽ കുത്തി നിൽക്കുന്നത് കണ്ടു. ജോജോയുടെ വരവ് കണ്ടവൻ മൊബൈൽ പോക്കറ്റിലിട്ടു കൈ കെട്ടി നിന്നു. "എവിടാണ് മുത്തേ... എത്ര നേരം വിളിച്ചു?" "വിളിച്ചു കളിക്കാൻ ഞാൻ നിന്റെ കാമുകിയൊന്നുമല്ലല്ലോ? ഞാൻ ഇവിടെയൊക്കെത്തന്നെയുണ്ടായിരുന്നു. പണിയും കൂലിയുമില്ലാത്ത ഞാൻ വേറെവിടെ പോവാനാ?" "നിന്നെ വിളിച്ചിട്ടെന്തേ ഫോണെടുക്കാഞേ?" "വീട്ടിലാരുന്നെടാ. അമ്മിച്ചിയുണ്ടായിരുന്നു കൂടെ." ജോജോ ബൈക്കിൽ നിന്നിറങ്ങി അവനടുത്തേക്ക് ചെന്നു. "അതിനെന്താ അമ്മിച്ചി ഉണ്ടായിക്കോട്ടെ." "ഹേയ്, അമ്മിച്ചി തൽക്കാലം അറിയണ്ട. ഇപ്പൊ പറയാൻ പറ്റിയ സാഹചര്യമില്ല വീട്ടിൽ." "അതെന്താ വീട്ടിൽ വല്ല വഴക്കുമാണോ?"

💬 Comments

View all comments