Chapter Title : കൂട്ടുകുടുംബം 2 [ശ്രീക്കുട്ടൻ]
കഴിഞ്ഞപ്പോഴേക്കും അമ്മ ഒരുങ്ങിവന്നു. പട്ടുസാരിയിൽ രമാദേവി എന്ന കുലീനയായ സ്ത്രീ വിളങ്ങിനിന്നു.അച്ചനും മുണ്ടും ഷർട്ടും ധരിച്ചെത്തി.
"ടാ...... നീ പുതിയ ബൈപ്പാസിൻ്റെ അടുത്തുണ്ടാവണം നിനക്കൊരു പെണ്ണുകാണാൻ പോവുവാ........" അച്ഛൻ രതീഷേട്ടനെ വിളിച്ചുപറഞ്ഞു.
"ഹൊ......." സാരിയുടുത്ത് സ്റ്റെപ്പിറങ്ങിവന്ന ചേച്ചിയെ കണ്ട് അച്ഛൻ പറഞ്ഞു.ഞങ്ങൾ നാലുപേരും അച്ഛൻ്റെ കാറിൽ കയറി നീതുവേച്ചിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി. പുതിയ ബൈപ്പാസിലെ പാലത്തിനടുത്ത് രതീഷേട്ടൻ്റെ കാറുകണ്ടു.
"നീ പുറകേ വാ......" അച്ഛൻ കാറുനിർത്തി രതീഷേട്ടനോട് പറഞ്ഞിട്ട് മുന്നോട്ടു നീങ്ങി.
"ടീ നീ ഗേറ്റുതൊറക്ക് ഞങ്ങള് നിൻ്റെ വീട്ടിലോട്ട് വരുവാ........." ചേച്ചി നീതുവേച്ചിയെ വിളിച്ചുപറഞ്ഞു.
"അതൊരു സർപ്രൈസ്......." ചേച്ചി വീണ്ടും പറഞ്ഞു. പെയിൻ്റ് മങ്ങിയ ഗേറ്റിനുമുന്നിൽ നീതുവേച്ചിയുണ്ടായിരുന്നു. അച്ഛൻ അകത്തേക്ക് വണ്ടി കയറ്റി പിറകേ രതീഷേട്ടൻ്റെ പുത്തൻ ഫോർച്യൂണറും.
"ഇതെന്തുവാടീ.....രണ്ടുവണ്ടീല്......." നീതുവേച്ചി ചിരിച്ചുകൊണ്ട് ചോദിച്ചു.
"നീ ഞങ്ങളെ അകത്തോട്ട് വിളിക്കുന്നില്ലേ....." ചേച്ചി ചോദിച്ചു.
"ഞാൻ വിളിച്ചാലേ അകത്തോട്ട് വരത്തൊള്ളോ...." നീതുവേച്ചി ചോദിച്ചു.
"ആ.....അങ്ങനൊരു ചടങ്ങൊണ്ട്......" ചേച്ചി പറഞ്ഞു.
"കേറിവാടീ......അച്ഛനുമമ്മയും വാ......" അവൾ വിളിച്ചു.അകത്തേക്ക് കയറിയ അച്ഛൻ ഹാളിനകം മുഴുവൻ വീക്ഷിച്ചു. പഴയതെങ്കിലും വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന സെറ്റി അടുക്കും ചിട്ടയുമായി ഓരോ സാധനങ്ങളും അതതിൻ്റെ സ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്നു അച്ഛൻ്റെ മനസ്സുനിറഞ്ഞു.
"അമ്മയെന്തിയേടീ........" ചേച്ചി ചോദിച്ചു. "അമ്മ അപ്പുറത്തൊണ്ട് കുളിക്കുവാ......." നീതുവേച്ചി പറഞ്ഞു.
"എന്തുവാടീ എല്ലാരൂടെ........" നീതുവേച്ചി വളരെ ബോൾഡായി ചോദിച്ചു.
"ഞങ്ങള് ഏട്ടനൊരു പെണ്ണുകാണാൻ പോകുന്ന വഴിയാ........." ചേച്ചി പറഞ്ഞു.
"ഇവിടെ അടുത്തെങ്ങാനുമാണോ........" നീതുവേച്ചി പറഞ്ഞു.
"ചെലപ്പം നിൻ്റമ്മക്കറിയാമായിരിക്കും പെണ്ണിൻ്റെ സ്വഭാവമൊക്കെ ഒന്ന് ചോദിച്ചറിയണം......" ചേച്ചി പറഞ്ഞു.
"എന്നോട് പറയെടീ ഞാനറിയാത്ത ആരാ ഈ നാട്ടില്......." നീതുവേച്ചി പറഞ്ഞു.
"നീ കൊച്ചല്ലേ നിനക്കറിയത്തില്ല അമ്മക്കറിയാമായിരിക്കും......." ചേച്ചി പറഞ്ഞു.
"ഓ.....ഒരു സാരിയുടുത്തപ്പോഴേക്കും വല്ല്യ കുടുംബിനിയായി........" നീതുവേച്ചി ചേച്ചിയെ കളിയാക്കി.
"ഞാൻ കുടിക്കാനെന്തെങ്കിലുമെടുക്കാം......." നീതുവേച്ചി അകത്തേക്ക് പോയി.
"എങ്ങനൊണ്ട് ഇഷ്ടപ്പെട്ടോ......." ചേച്ചി രതീഷേട്ടനെ നോക്കി പതിയെ ചോദിച്ചു.
"അച്ഛൻ്റെ സെലക്ഷനല്ലേ ഏറ്റവും നല്ലതേ അച്ഛനെനിക്കുവേണ്ടി തെരഞ്ഞെടുക്കൂ......." ഏട്ടൻ പറഞ്ഞു.
"കണ്ടോ...... അതിൻ്റെ ക്രെഡിറ്റ് അച്ഛന് ഞാനിപ്പം ശശിയായി......" ചേച്ചി മുഖം വീർപ്പിച്ചു.
"ചേട്ടത്തീടെ സെലക്ഷനാണോ.....? അപ്പോ ഒരു പ്രത്യേക താങ്ക്സ്........"
💬 Comments
View all comments