Chapter Title : മാസ്റ്റർ [Story in collaboration with Master] [Smitha]
ആരോ പാടുന്നുണ്ടോ?
ഒരു ഇടയപ്പെൺകുട്ടി?
ആകാശത്തെ പ്രണയിക്കുന്ന മഞ്ഞിന്റെ തണുപ്പിലൂടെ അലോസരം സൃഷ്ടിച്ചുകൊണ്ട് ചിത്രശലഭങ്ങളും ദേശാടനപ്പക്ഷികളും ഒഴുകിപ്പറക്കുന്നു.
രവി നോക്കുമ്പോൾ ലോകത്തിന്റെ അനന്തതയോളം മേദിനിപ്പുരി തണുത്ത് കിടക്കുകയാണ്. ഈശ്വരന്മാർ കാവലിരിക്കുന്ന കൊടുംപാലമരത്തിന്റെ കീഴ് വരെ പോകണം. അവിടെ പള്ളിയുറങ്ങുന്ന ബസവേശ്വര മാറമ്മയുടെ തളത്തിൽ ചെന്നിരിക്കണം. അതിന് മുമ്പിലെ ചതുപ്പ് നോക്കി രാത്രിയേറുവോളവുമിരിക്കണം. ചുറ്റുമുള്ള സർപ്പശിലകളിൽ, പകലുറങ്ങുകയും രാത്രി ദുഷ്ടസംഹാരം നടത്തുകയും ചെയ്യുന്ന പൂർണ്ണയ്യാവിന്റെ അടഞ്ഞ കണ്ണുകളിൽ, ഇരുട്ട് അലങ്കാരമായ ഗോമതേശ്വര പാദങ്ങളിൽ ഭൂതവും ഭാവിയും മറന്ന് വർത്തമാനത്തിന്റെ തേൻ ലഹരി മാത്രമറിഞ്ഞ് ഉറങ്ങണം. ചവിട്ടടിപ്പാതയുടെ വിജനതയിലൂടെ സംഗീതവും നെല്ലിൻ ചാരായത്തിന്റെ ലഹരിയുമായെത്തുന്ന സിദ്ധപ്പയും ശിവാനിയും വരുമ്പോൾ ഉണരണം...
രവി ചെല്ലുമ്പോൾ കൊടുംപാലമരത്തിന്റെ കീഴ് വിജനമായിരുന്നു.
അവിടെ, മൃദുവായ പുല്ലിന്റെ സ്വാന്തനിപ്പിക്കുന്ന സുഖത്തിൽ അവൻ സിദ്ധപ്പയെയും ശിവാനിയേയും കാത്ത് കിടന്നു.
💬 Comments
View all comments