Chapter Title : മരുഭൂ വസന്തം 4 [ലസ്റ്റർ]
"എന്നെ എന്തിന് ഇതിലേക്ക് വലിച്ചിട്ടു എന്നാണ് ഞാൻ ചോദിച്ചത്. അല്ലാതെ നിങ്ങൾ സുഖിച്ചു ജീവിക്കുന്നുണ്ടോ ഇല്ലയോ എന്നല്ല." വാഹിദിന്റെ ശബ്ദം ഉയർന്നു രാജൻ ഭീതിയോടെ ചുറ്റും നോക്കി. മഴയായത് കാരണം കടയിൽ ആരും വന്നിട്ടില്ല
"കൂൾ കൂൾ വാഹിദ്. ഞാൻ നിന്നെ ശാരികയുടെ ഒരു സുരക്ഷ എന്ന് കരുതി മാത്രമേ അയച്ചിട്ടുള്ളൂ. പ്രായപൂർത്തിയായ, ഒന്നിനൊന്നു മികച്ച ഒരാണും പെണ്ണും പരസ്പരം അറിഞ്ഞു പ്രണയത്തിൽ ആയിപ്പോയതും ഒന്നായതും സ്വാഭാവികം, അതിൽ എനിക്ക് ഒരു പങ്കുമില്ല." അയാൾ തന്റെ നിസ്സഹായത വ്യക്തമാക്കി.
"ഞാൻ ചോദിച്ചത്, താങ്കൾ എല്ലാമറിഞ്ഞിട്ടും എന്തിന് എന്നെ ആ കമ്പനിയുടെ ചുമടുതാങ്ങിയാക്കി എന്ന് മാത്രമാണ്. എന്റെ ഭാര്യ ഒരു ക്രിമിനൽ ആണെന്ന് അറിഞ്ഞാൽ എനിക്കവളെ തിരുത്താം അല്ലെങ്കിൽ ഉപേക്ഷിക്കാം. പക്ഷേ ഇന്ന് ഞാൻ ആ ഒറ്റക്കാരണം കൊണ്ട് നിങ്ങൾ നടത്തുന്ന രാജ്യദ്രോഹത്തിന്റെ ഉത്തരവാദിയാണ്. എന്തിനു എന്നോടിത് ചെയ്തു."? അവൻ കർക്കശ സ്വരത്തിൽ ചോദിച്ചു.
"വാഹിദ്, തീരുമാനം എടുത്തത് ഞാനല്ല ശാരികയാണ്. എല്ലാം അറിഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് നീ അവളോട് തന്നെ സംസാരിക്കൂ." രാജൻ ഒഴിഞ്ഞു മാറി.
"രാവിലെ മുതൽ ഞങ്ങൾക്കിടയിൽ തർക്കമാണ്. അവളുടെ സംസാരം തന്നെ മാറിയിരിക്കുന്നു. ഞാൻ ചോദിച്ചതിന് പുല്ലുവില നൽകാതെ ഇന്നലെ രാത്രി മുഴുവൻ ഈ പേമാരിയിൽ എവിടെ ആയിരുന്നു എന്നാണ് അവൾക്ക് അറിയേണ്ടത്. എന്നോട് ചെയ്ത ചെറ്റത്തരം അവൾക്ക് വെറും പുല്ലുവില, പക്ഷേ ഞാൻ അവളുടെ ഇഷ്ടങ്ങൾക്ക് വിരുദ്ധമായി നിൽക്കരുത് എന്ന വാശി.." അവൻ ചൂടായി.
"കാര്യങ്ങൾ കൈവിട്ട് കഴിഞ്ഞ സ്ഥിതിക്ക് വാഹിദ് എന്താണ് പറഞ്ഞു വരുന്നത്."? രാജന്റെ സ്വരം മാറി.
"ഡെന്നീസ് ചെയ്ത അതിസാമർഥ്യം എങ്ങിനെ കൈകാര്യം ചെയ്തോ അതേ പോലെ ഇതും അവസാനിക്കണം. ഇനിയും സമയമുണ്ട്." അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. രാജൻ ഉറക്കെ ചിരിച്ചു. എന്നിട്ട് അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.
"വാഹിദ്, ശാരികയ്ക്ക് ആണായിട്ട് നിന്നെ മാത്രമേ ഇഷ്ടമുള്ളൂ. അത് ലോകത്തിനു മുഴുവൻ അറിയാം. എന്നാൽ ഈ ലോകത്തിനു മുഴുവൻ അറിയാവുന്ന മറ്റൊരു വിഷയം കൂടിയുണ്ട്. അത് എന്താണെന്ന് നിനക്കറിയുമോ.? അയാൾ പൈശാചികമായ ശാന്തതയോടെ അവന്റെ ചെവിയിൽ ചോദിച്ചു.
💬 Comments
View all comments