Chapter Title : മീനാക്ഷി കല്യാണം 4 [നരഭോജി]
ടോണിയെ വിളിച്ചു ഉണർത്തി ഒരു കാപ്പി ഇട്ടു കൊടുത്തു, തട്ടികൂട്ടിയ ഉപ്പുമാവും കഴിച്ചു അവൻ അങ്ങനെ ഇരിക്കുമ്പോ, ഞാൻ സദ്യക്കുള്ള ആലവട്ടവും വെഞ്ചാമരവും വിരിച്ചു.
പഴുത്ത പൈനാപ്പിളും, ടച്ചിങ്‌സ് ആണെന്ന് പറഞ്ഞു ടോണി എവിടന്നൊക്കെയോ കാശുപോലും കൊടുക്കാതെ എടുത്തു കൊണ്ട് വന്ന കുറച്ചു മുന്തിരിയും ഇരിപ്പുണ്ട്. പൈനാപ്പിൾ എടുത്തു നുറുക്കി, കുറച്ചു അരച്ചും ചേർത്ത്, നല്ല കറുത്ത ഉണ്ടശർക്കരയിട്ടു വേവിച്ചു, മഞ്ഞളും പച്ച മുളകും ചേർത്ത്, കുറച്ചു നാളികേരം പാകത്തിനരച്ചു ചേർത്ത്, നെയ്യിൽ വറ്റൽമുളക്, മുന്തിരി, കറിവേപ്പില, കടുക്, ഉലുവ ഇട്ടു വാട്ടി, താളിച്ചു എടുത്തു.
ആഹാ അംമ്പിസ്വാമി വരെ തോറ്റുപോകുന്ന അസ്സല് പൈനാപ്പിൾ പച്ചടി തയ്യാർ. ഇതിലവളല്ല അവളുടെ അച്ഛൻ കോന്തൻ രാഘവൻ വരെ അടിതെറ്റി വീഴും.
ശരവേഗത്തിൽ അണ്ടിപ്പരിപ്പിട്ട മസാല കൂട്ടുകറിയും, ലക്ഷമിഅക്ക നാട്ടി പോയപ്പോ കൊണ്ട് വന്ന നല്ല സൊയമ്പൻ ഇരിമ്പൻപുളി വറ്റൽമുളകിൽ വാട്ടി, നാളികേരം ചേർത്ത് ചമ്മന്തിയാക്കി അതും ചേർത്ത്, ഇലവാട്ടി പൊതിചോറ് കെട്ടി.
: സ്നേഹിച്ചു സ്നേഹിച്ചു നിന്നെക്കൊണ്ടു ഞാൻ, അരവിന്ദേട്ടാ, അരവിന്ദേട്ടൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല അരവിന്ദേട്ടാ, അങ്ങനെ പറയിക്കൂടി വാര്യംപ്പിള്ളിലെ മീനാക്ഷിമോളെ . ( ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു,)
ടോണി എന്റെ കാട്ടികൂട്ടലുകളും കണ്ടുചിരിച്ചു, ഇന്നലത്തെ ഹാങ്ങോവർ ട്രപ്പീസുകളിക്കുന്ന തലയും ഉഴിഞ്ഞിരുപ്പുണ്ട്.
: എ മാൻ ഇൻ ലവ് ഈസ്,മോസ്റ്റ് റിഡിക്കുലസ് റ്റു വാച്ച്
(പ്രണയത്തിലുള്ള ഒരു ആളെ കാണുന്നതിൽ പരം ഹാസ്യജനകമായ മറ്റൊരു കാര്യം ഇല്ല)
ഞാൻ അതിനു വലിയ ശ്രദ്ധകൊടുക്കാതെ അരിഞ്ഞു വറുത്ത പപ്പടത്തിൽ, മുളക്പൊടി വിതറുന്ന തിരക്കിൽ ആയിരുന്നു…
************************
:
💬 Comments
View all comments