Chapter Title : മീനാക്ഷി കല്യാണം 4 [നരഭോജി]
കൂമ്പിയടഞ്ഞ ആലസ്യം തിങ്ങിനിൽക്കുന്ന കണ്ണുകളും, തുടുത്ത ചാമ്പങ്ങാ കണക്കെ നേർത്ത ചുണ്ടുകളും, ഞാൻ അവളുടെ കഴുത്തിന് പിറകിലേക്ക് കൈ കടത്തി ചേർത്ത് അവളുടെ അഗാധമായ നയനങ്ങളിലേക്കു മിഴികളാഴ്ത്തി, അവളുടെ മുടിയിഴകൾക്കടിയിലെ നേർത്ത കഴുത്തിൽ ഞാൻ വിരലോടിച്ചു, അവളുടെ കണ്ണുകളിൽ ഞാൻ ഇന്നുവരെ കാണാത്ത വശ്യത, സ്വബോധത്തെ അനുരാഗം കീഴടക്കി. ഇടറിയ ആ മഞ്ഞവെളിച്ചത്തിൽ, മഴയുടെ ശബ്ദത്തിൽ, വിറയ്ക്കുന്ന ചുണ്ടുകളോടെ അവളെ ഞാൻ ആദ്യമായി ചുംബിച്ചു, അവൾക്കെന്തു മധുരമാണ്, എന്റെ തലയ്ക്കു പിന്നിൽ, മുടിയിഴകളിലൂടെ അവളുടെ നേർത്ത വിരലുകൾ ഒഴുകിയിറങ്ങി, മങ്ങിയ വെളിച്ചത്തിൽ മതിലിനോട് കുറച്ചുകൂടി ചേർന്ന് അമർന്നു നിന്ന അവളുടെ വിടർന്നകീഴ്ച്ചുണ്ടിൽ ഒരുക്കൽ കൂടി ഞാൻ കൊതിയോടെ ചുംബിച്ചു. അവളിൽനിന്നു എതിർപ്പിന്റെ കൊള്ളിയാൻ വെട്ടംപോലും ഞങ്ങൾക്കിടയിലേക്കു കടന്നു വന്നില്ല, മഴവെള്ളമെന്നോണം അവളതിൽ ലയിച്ചുനിന്നു .
“ഠപ്പേ ….” തെറ്റില്ല , വിചാരിച്ചതു തന്നെയാണ് കിട്ടിയത്
പെട്ടന്നെപ്പഴോ അവളിലുണർന്ന ബോധത്തിൻറെ ലാവെളിച്ചത്തിൽ ആ കൈകളെൻറെ മുഖത്തു പതിച്ചു, അവളെന്നെ തള്ളിമാറ്റി തിടുക്കത്തിൽ നടന്നകന്നു. സ്വബോധം നഷ്ടപെട്ട ഞാൻ ആ ദ്രവിച്ച സിമെന്റ് മതിലിൽ നെറ്റിമുട്ടിച്ച് പതിയെ ഇടിച്ചു കൊണ്ടിരുന്നു, സുഖമുള്ളൊരു വേദന നെഞ്ചിൽ പടർന്നു, ഇനിയിവളെ മറക്കുക എന്നതു ചിന്തിക്കാൻപോലും, എന്നെകൊണ്ടെങ്ങനെ സാധിക്കാനാണ്?!!..
അത്രമേൽ ഞാൻ അവളിലെ ആഴങ്ങളിലേക്ക് വീണു കഴിഞ്ഞു.
ആകാശത്തെ പകുത്ത് കടന്നുപോയ മിന്നൽവെട്ടം കൊണ്ടുവന്നു തന്ന പരിസരബോധത്തിൽ ഞാൻ ഞെട്ടി തിരിഞ്ഞു, ഇത്രയും നേരം കൊണ്ട മഴയിൽ ഞാൻ ആകെ പുഴുങ്ങിയ കാച്ചില് കണക്കെ കുഴഞ്ഞു മറിഞ്ഞിരുന്നു. മഴ നനഞ്ഞു കൊണ്ട് തന്നെ വീട്ടിലേക്കു നടന്നു, കാലംതെറ്റി പെയ്യുന്ന ഈ മഴയിൽ ഇത്തവണ എന്റെ മനസ്സും നനഞ്ഞു കുതിർന്നു….
ആകാശത്തെവിടെയോ ഒരുകോണിൽ ഒറ്റപ്പെട്ടു ജീവിച്ചിരുന്ന മഴതുള്ളി, പുതുമണ്ണിൻറെ മാറിൽ വീണുടഞ്ഞു, അന്തരീക്ഷത്തിൽ പ്രണയത്തിന്റെ, പുതുമണ്ണിന്റെ മാദകഗന്ധം പടർന്നു.
**********************
രാവിലെ എഴുന്നേറ്റപ്പോഴാണ് പണി പാലുംവെള്ളത്തിൽ കിട്ടി എന്ന് ബോധ്യം ആയതു. വിറയ്ക്കുന്ന പനി, അനങ്ങാൻ പറ്റുന്നില്ല, തലയൊക്കെ വെട്ടിപൊളിയുന്ന പോലെ.
ഫോൺ എടുത്തു മീനാക്ഷിയെ വിളിച്ചു ആദ്യ രണ്ടുവട്ടം എടുത്തില്ല, മൂന്നാമത്തെ വട്ടം, അവള് കട്ട് ആക്കി, ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
ശ്ശെ …. ഇന്നലെ അങ്ങനെ ഒന്നും ചെയ്യണ്ടാർന്നു, അപ്പോഴത്തെ മനസികാവസ്ഥയിൽ പറ്റിപോയതാണ്.
തല വീണ്ടും വിങ്ങിപൊളിഞ്ഞു, നല്ല കുളിരു തോന്നുന്നുണ്ട്, ഒടുക്കത്തെ ക്ഷീണവും.
ഞാൻ ഇന്നലെ എന്നെ പ്രണയാതുരൻ ആക്കിയതിൽ, നന്ദിപറഞ്ഞ അതെ മഴയെ തന്നെ കണ്ണുമിഴിച്ചു മുകളിലേക്ക് നോക്കി പ്രാകി.
ഞാൻ സാഹചര്യവാദിയാണോ?
💬 Comments
View all comments