0%

Chapter Title : നാലുമണിപ്പൂക്കൾ 4 [ഷജ്നാദേവി]

അല്ലാണ്ട് ഇക്ക് ഓനെ ഇഷ്ടല്ലാണ്ടൊന്നും അല്ല. ഇപ്പോ ഇങ്ങള് ഒന്നായ്ലേ അത് മതിക്ക്!" അത് പറഞ്ഞുകഴിയുമ്പോൾ നജ്മത്തിന്റെ കൺമഷി ഒരിക്കൽ കൂടി കലങ്ങിയൊഴുകി..‌. അതിറ്റിവീണ് ചെമ്പക ടോപ്പിൽ നോവിന്റെ കറുപ്പായ് പടർന്നു. സംഗീതയ്ക്ക് മനസ്സ് വിങ്ങി വാക്കുകൾ പാതിയിൽ മുറിഞ്ഞു. ഉറക്കെ കരയാൻ കൊതിച്ച സംഗീത ഷാനിബയുടെ തോളിൽ മുഖം പൂഴ്ത്തി നെഞ്ചിലെ തീയൊതുക്കി. വിതുമ്പലുകൾ ചെറുതേങ്ങലായ് എത്ര ഒഴുകിയിട്ടും ഉള്ളിലെ നോവ് മാറുന്നില്ല. അവൾ നജ്മത്തിനെ കെട്ടിപ്പിടിച്ച് കണ്ണീരൊഴുക്കി.

"എന്ത് പറയാനാന്റെ നജ്മത്തേ അന്നോട്..? ഞാൻ തോറ്റ്ക്ക്ണ് അന്റെ മുന്നില്"

"ഞാൻ ജെയ്ക്കാനൊന്നു അല്ല ന്റെ സംഗീതേ, ഇയ്യി തോൽക്കര്ത്ച്ചിട്ടാ... ഇയ്യ് വെഷമിക്കെര്ത്ച്ചിട്ടാ" ഉള്ളിലെ പുകച്ചിൽ അടങ്ങാത്ത പെണ്ണിന്റെ നെഞ്ചുപിടച്ചത് സംഗീത ശരിക്കുമറിഞ്ഞു. അവൾക്ക് നജ്മത്തിനെ എന്തു പറഞ്ഞൊന്ന് ആശ്വസിപ്പിക്കണം എന്നറിയില്ലായിരുന്നു. നജ്മത്തിന് തിരിച്ചും അവളെ എങ്ങിനെയൊന്നടക്കണം എന്ന് അറിയില്ലായിരുന്നു.

"ടീച്ചർമാരും കുട്ട്യേളും നമ്മളെ നോക്ക്ണ്ട് സംഗീതേ"

"നോക്കട്ടെ വിടുല്ല ഞാനന്നെ"

"വിടണ്ട... എല്ലാരും കാണട്ടെല്ലേ" ഷാനിബ പുറത്ത് ചിരിച്ചെങ്കിലും ഉള്ളിലുള്ള വിങ്ങൽ സംഗീതയ്ക്കു മാത്രമേ അറിയാമായിരുന്നുള്ളൂ, ഈ ഭൂവിൽ...

"ഷാന്യേ അനക്കിന്റെ വീട്ടീക്ക് വന്നൂടെ ന്റെ അരുണിന്റെ പെണ്ണായിട്ട്?" ഷാനിബ ഒന്ന് ഞെട്ടിയോ? ഇല്ല അവൾ കൂടുതൽ അടുക്കുന്നു! സംഗീതയോളം ഖൽബിൽ മുഹബ്ബത്തുള്ള ചെക്കനെ എല്ലാ വേലിക്കെട്ടുകളും പൊട്ടിച്ചെറിഞ്ഞ് സ്വീകരിക്കുമെന്ന് നജ്മത്തിന്റെ മനസ്സ് പറഞ്ഞത് കേൾക്കാൻ സംഗീതയ്ക്ക് മാത്രമേ കഴിയൂ, ഈ ഭൂവിൽ...

കെട്ടു‌ പിണഞ്ഞ സ്നേഹിതകൾ വേർപ്പെടാതെ ക്ലാസ്സിലേയക്ക് നടന്നു നീങ്ങുന്നത് ചിലർ അസൂയയോടെ നോക്കി നിന്നു... അവരുടെ കണ്ണുനിറഞ്ഞത് കണ്ട് മനസ്സു പിടഞ്ഞ കുറച്ചു പേരുണ്ടായിരുന്നു. അവിടെ. അതിൽ രണ്ടുപേരായിരുന്നു അംജദും അരുണും.‌ സംഗീത ക്ലാസ്സിലേയ്ക്ക് കയറുമ്പോൾ‌ പെരുവിരലുർത്തിക്കാണിച്ചത് കണ്ട് അംജദ് അരുണിന്റെ തോളിലൂടെ കൈയിട്ട് സ്നേഹം പകർന്നു. അത് കണ്ട് ഷാനിബ നാണിച്ച് സംഗീതയെ കൈയിൽ നുള്ളി.

അന്നൊരു ഞായറാഴ്ച്ച് നാലു‌ നവമുകുളങ്ങൾ നരണിപ്പുഴപ്പാലത്തിന്റെ കൈവരിയിൽ പിടിച്ച് ദൂരേയ്ക്ക് നോക്കി ഒന്നിച്ച് പറഞ്ഞു.

"നിങ്ങളുള്ള മണ്ണിൽ ഞങ്ങളുണ്ടാവുമെങ്കിൽ, ഞങ്ങളൊന്നിച്ചായിരിക്കും... ഒന്നിച്ചുമാത്രം..."

പ്രണയത്തിനും മീതെപ്പറക്കേണ്ട പറവയാകണം സ്നേഹം...

സകലതും തകർന്നടിഞ്ഞാലും, നാമ്പെടുക്കുന്ന പുൽക്കൊടിയാവണം സ്നേഹം.

ജീവൻ വെടിയുന്ന നോവ് വന്നാലും, നോവിക്കില്ലെന്റെ സ്നേഹിതനെയെന്ന്

💬 Comments

View all comments