0%

Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]

ആ പുഞ്ചിരി എന്റെ മുഖത്തുനിന്നും മായുന്നതിന് മുൻപായിരുന്നു എല്ലാം തലകീഴായി മറിഞ്ഞത്!

ആ പെട്ടിയിൽ നിന്നും മോതിരമെടുക്കാനായി മാനസ അതിലൊന്ന് തൊട്ടതും...

ഒരു വലിയ ശബ്ദത്തോടെ ആ മോതിരത്തിൽ നിന്നും കറുത്ത പുകയും അന്ധമാക്കുന്ന ഒരുതരം പ്രകാശവും ഒന്നിച്ചു പുറത്തേക്ക് ചീറ്റി! മുറിക്കുള്ളിൽ എവിടെനിന്നോ ഭയാനകമായ ഒരു ചുഴലിക്കാറ്റ് രൂപപ്പെട്ടു. അന്തരീക്ഷം ആകെ മാറിമറിഞ്ഞു. ആ മോതിരത്തിൽ നിന്നും പുറത്തുവന്ന അദൃശ്യമായ ഏതോ ഒരു കൊടുംശക്തിയുടെ ആഘാതത്തിൽ, മാനസ പിന്നിലേക്ക് അതിശക്തമായി തെറിച്ചുവീണു! ആ വീഴ്ചയിൽ അവളുടെ വായിൽ നിന്നും ചുടുരക്തം പുറത്തേക്ക് തെറിച്ചു.

അവളുടെ കയ്യിലിരുന്ന ആ പെട്ടിയും മോതിരവും തറയിലേക്ക് വീണു. തറയിൽ വീണ ആ മോതിരം പൂർവ്വാധികം ശക്തിയോടെ ആ മുറിയെയും ഞങ്ങളെയും മുഴുവനായി വിഴുങ്ങാൻ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നി.

കാറ്റിന്റെയും ആ കറുത്ത പുകയുടെയും ശക്തിയിൽ ശ്വാസം കിട്ടാതെ ഞങ്ങൾ പിടഞ്ഞു. മുറിയിലെ സാധനങ്ങളെല്ലാം കാറ്റിൽ പറന്നുനടക്കുകയാണ്.

പെട്ടെന്നാണ്, ഈ കൊടുംകാറ്റിനിടയിലൂടെ ആമി ആ മോതിരം എടുക്കാനായി മുന്നോട്ടേക്ക് ആഞ്ഞത്.

"ആമി... വേണ്ടാ ...!" ഞാൻ അലറിക്കൊണ്ട് അവളെ തടയാൻ ശ്രമിച്ചു.

പക്ഷെ, ആ മോതിരം പുറത്തുവിടുന്ന ഭയാനകമായ ഊർജ്ജം കാരണം എനിക്ക് ഒരടി പോലും മുന്നോട്ട് വെക്കാനോ കൈ അനക്കാനോ സാധിക്കുന്നുണ്ടായിരുന്നില്ല. എന്നെ ആരോ അദൃശ്യമായ ചങ്ങലയിട്ട് ബന്ധിച്ചതുപോലെ തോന്നി.

എന്റെ നിലവിളികൾക്കിടയിലൂടെ, ആമി വളരെ നിഷ്പ്രയാസം തറയിൽ കിടന്ന ആ മോതിരം കൈകൊണ്ട് എടുത്തു.

അവൾ അതിൽ തൊട്ട അതേ നിമിഷം... ആ കൊടുങ്കാറ്റും കറുത്ത പുകയും പ്രകാശവും എങ്ങോട്ടോ മാഞ്ഞുപോയി! എല്ലാം പെട്ടെന്ന് പഴയതുപോലെ ശാന്തമായി.

💬 Comments

View all comments