Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]
ജിത്ത് വീണ്ടും പേപ്പർ എടുത്തു പേനകൊണ്ട് 9 എന്നെഴുതി പിടിച്ചു സാറയെ നോക്കി.
"മേഡം അടുത്ത സ്പോട്ട് ഇവിടല്ലേ...?അവനാ വാകമരത്തിന്റെ ചുവട്ടിലേക്കു നീങ്ങി നിന്നുകൊണ്ട് സാറയെ നോക്കി ചോദിച്ചു. അവനെ അമ്പരന്ന് നോക്കി നിൽക്കുന്ന സാറയെ മറ്റുള്ളവർ കാണാതെ ഒരു കള്ളച്ചിരി പാസാക്കികൊണ്ട് ജിത്ത് നോക്കി കണ്ണിറുക്കി. ജിത്തിന്റെ പുറകെ അവിടെ നിന്ന ആ രണ്ടുപേരും ആ മരത്തിന്റെ അടുത്തേക്ക് നടന്നു വന്നു.
"ഹേയ്... അവരെ ആ ഫ്രെയിമിൽനിന്ന് മാറ്റി നിർത്ത്.. ". സാറയുടെ കടുപ്പിച്ച സ്വരം കേട്ട് ജിത്ത് അവളെ കണ്ണുമിഴിച്ചു നോക്കി. ഈശ്വരാ ഇവൾ അങ്ങ് മേഡം കളിച്ചു തകർക്കുവാണല്ലോ. അവിടെ നിന്നവരും അവളെ കണ്ണുമിഴിച്ചു നോക്കുന്നുണ്ട്.
"ഭായ് കുറച്ചെങ്ങോട്ട് മാറിനിൽക്കു.." ജിത്ത് അവരെ മാറ്റി നിർത്തി. ഭവ്യതയോടെ അവിടുന്നു മാറി, പൊട്ടൻ പൂരം കാണാൻ നിൽക്കുന്നപോലെയുള്ള അവരുടെ നിൽപ്പ് കണ്ടപ്പോൾ ശരിക്കും ജിത്തിന് ചിരി പൊട്ടി. ചിരിയടക്കി പേപ്പറും പിടിച്ചുനിന്ന ജിത്തിന്റെ ഫോട്ടോയും എടുത്തു വന്ന സാറയെ ബഹുമാനത്തോടെ നോക്കി നിൽക്കുന്നവരുടെ മുഖം കണ്ടപ്പോൾ സാറയും ചിരി അടക്കി ഗൗരവം നടിച്ചു. പിന്നെ അവിടെ അവർക്ക് കിട്ടിയ പരിഗണന കണ്ടപ്പോൾ സാറക്ക് അവരോട് വല്ലാത്ത സഹതാപം തോന്നി. ഒരാൾ പോയി ബാഗ് എടുക്കുന്നു, നടന്നു ഇറങ്ങി ചെന്ന അവരുടെ മുൻപിൽ കയ്യും കെട്ടി ബഹുമാനത്തോടെ മറ്റുള്ളവർ നിൽക്കുന്നു.
"ജിത്തേ അവർക്ക് എന്തെങ്കിലും കൊടുക്കെടാ, കഷ്ടം തോന്നുന്നു എനിക്ക്.." സാറ അവന്റെ ചെവിയിൽ പറഞ്ഞു. ജിത്ത് പേഴ്സ് എടുക്കാൻ ജീൻസിന്റെ പോക്കറ്റിൽ കയ്യിട്ടപ്പോളേക്കും അവിടെ കൂടിനിന്നവരുടെ മുഖത്ത് തെളിയുന്ന സന്തോഷം അവർ ശ്രദ്ധിച്ചു. അഞ്ഞൂറിന്റെ അഞ്ചു നോട്ടുകളെടുത്തു അവരിൽ പ്രായം കൂടിയ ആളുടെ കയ്യിലേക്ക് ജിത്ത് വച്ചു കൊടുത്തപ്പോൾ തൊഴുകയ്യോടെ വന്ന് അയാൾ അത് വാങ്ങി. മുറുക്കാൻകറ പിടിച്ച പല്ലുകാട്ടി അയാൾ ജിത്തിനെ നോക്കി ചിരിച്ചുകൊണ്ട് തൊഴുതു.
കാറിൽ കയറി അവർ ഇറക്കമിറങ്ങുമ്പോൾ കൈ പൊക്കി കാണിച്ചുകൊണ്ട് അവരവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു. അവരുടെ കാഴ്ച മറഞ്ഞപ്പോൾ ജിത്തും സാറയും പരസ്പരം നോക്കി. അതുവരെ പിടിച്ചു വച്ചിരുന്ന ചിരി അവർക്കു അടക്കാനായില്ല.
പൊട്ടിചിരിച്ചുകൊണ്ട് സാറ അവന്റെ തോളിൽ അടിച്ചു.
💬 Comments
View all comments