0%

Chapter Title : രണ്ടാമതൊരാൾ [ na–na ]

Author : ne-na Read All Parts 657

രണ്ടാമതൊരാൾ Randamathoraal | Author : Ne-na


അടുക്കള വാതിൽ വഴി വീടിനു പിന്നിൽ ഇറങ്ങിയ സംഗീത മതിലിനപ്പുറം തല ഉയർത്തി നിൽക്കുന്ന കിഴക്കയിൽ തറവാട്ടിലേക്ക് ഒന്ന് നോക്കി.

തറവാടിന്റെ പഴയ പ്രൗഢിക്ക് ഇപ്പോഴും ഒരു മാറ്റവും ഉണ്ടായിട്ടില്ല. മൂന്നു നാല് തലമുറകൾ താമസിച്ച തറവാടാണ്. ഈ കാലത്തും തറവാടിന്റെ ഇപ്പോഴത്തെ കാരണവരായ വാസുദേവൻ കാലത്തിന്റേതായ ചെറിയ മാറ്റങ്ങളോടെ തറവാടിന്റെ ഇപ്പോഴും അതേപോലെതന്നെ സംരക്ഷിച്ച് നിർത്തിയിട്ടുണ്ട്. ഇരു നിലകളുള്ള തറവാടിന്റെ രണ്ടാമത്തെ നില ഇപ്പോഴും ഓടുമേഞ്ഞതു തന്നെ ആയിരുന്നു.

മതിലിന്റെ പൊക്കം കാരണം തറവാടിന്റെ മുറ്റത്ത് ആരെങ്കിലും ഉണ്ടോന്ന് അറിയാൻ വയ്യ. ആ മതിലിൽ തന്നെ തറവാട്ട് മുറ്റത്തേക്ക് എളുപ്പത്തിൽ കടന്നു ചെല്ലാൻ ഒരു ഗേറ്റ് ഉണ്ട്. പക്ഷെ അവിടെ ചെന്ന് നിന്ന് നോക്കിയാൽ അവിടുള്ള ആരെങ്കിലും തന്നെ കണ്ടല്ലോ എന്ന ശങ്ക അവളുടെ മനസിനെ അലട്ടി.

സംഗീത കുറച്ച് ചുവടുകൾ നടന്ന് മതിലിന്റെ അരികിൽ എത്തി പെറുവിരലുകൾ നിലത്തൂന്നി അപ്പുറത്തേക്ക് എത്തി നോക്കി. ഒരു കാറ് അവിടെ കിടപ്പുണ്ട്.

താൻ ഓടിക്കളിച്ച് വളർന്ന മുറ്റം, ഇരിക്കാനായി തടിയിൽ മാത്രം പണിതിരിക്കുന്ന തിട്ടയും കൈവരിയും ഉള്ള നീണ്ട വരാന്ത, മലർക്കെ തുറന്നിട്ടിരിക്കുന്ന തറവാട്ട് വാതിൽ. അവൾ ഒരു നിമിഷം എല്ലാം മറന്ന് കണ്ണിമ വെട്ടാതെ അതെല്ലാം നോക്കി നിന്ന് പോയി.

പെട്ടെന്ന് ആ സ്വരം അവളുടെ കാതുകളിൽ പതിച്ചു.

"മോളെ.. അമ്മു..."

അവൾ ഒരു ഞെട്ടലോടെ തല മതിലിനു മുകളിൽ നിന്നും പിൻവലിച്ചു. തന്റെ അമ്മയും കിഴക്കയിൽ തറവാട്ടിൽ ഉള്ളവരും അപ്പുവും മാത്രം വിളിക്കാറുള്ള തന്റെ ചെല്ലപ്പേര്..

💬 Comments

View all comments