Chapter Title : റോക്കി 2 [സാത്യകി]
ഇറങ്ങില്ല എന്ന് അറിഞ്ഞിട്ടും ലച്ചു എന്നെ കാണാൻ ചുമ്മാ അവിടെ ഇവരെയൊക്കെ കൂട്ടി വന്നിരുന്നു.. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോളാണ് ലച്ചുവിന്റെ ഫ്രണ്ട് അലീന ഞങ്ങൾക്ക് മുന്നിലൂടെ പോയ ഒരു കൊച്ചിനെ വിളിച്ചത്
'ഹേയ് കരീഷ്മ.. ഇവിടെ വാ..'
അവളാ പെൺകുട്ടിയെ ഞങ്ങളുടെ അടുത്തേക്ക് വിളിച്ചു.. അവൾ ഒരു ഭയത്തോടെ ഞങ്ങൾക്ക് അരികിലേക്ക് വന്നു. നല്ല കറുത്ത് സൈസ് ഉള്ള ഒരു പെണ്ണായിരുന്നു അവൾ
'റോക്കി ഭായ്.. ഇത് കരീഷ്മ.. ഞങ്ങളുടെ ജൂനിയർ ആണ്..'
ഞാൻ ആ പെങ്കൊച്ചിനെ ചിരിച്ചു കാണിച്ചു. അവൾ ഒരു ചിരി മുഖത്ത് വരുത്തി
'കരീഷ്മ.. വെറൈറ്റി പേരാണല്ലോ.. എനിക്ക് പണ്ടൊരു ബൈക്ക് ഉണ്ടായിരുന്നു ആ നെയിം..'
ഞാൻ പറഞ്ഞത് കേട്ട് അവളുമാർ എല്ലാം ചിരിച്ചു. ആ പെൺകൊച്ചു മാത്രം വല്ലാതെ ആയി നിന്നു. ഞാൻ വല്ല മണ്ടത്തരം പറഞ്ഞോ.. അതോ ഇങ്ങനെ ഒരു ബൈക്ക് ഉള്ളത് ഇവൾക്കൊന്നും അറിയില്ലേ.. ആ പെണ്ണ് ഞങ്ങളുടെ അടുത്ത് നിന്നും പോകാൻ തുടങ്ങിയപ്പോൾ ഐശ്വര്യ അവളെ കൈ പിടിച്ചു നിർത്തി
'ആ പോകുവാണോ.. എങ്ങോട്ടാ പോണേ.. കാന്റീനിലേക്കാണോ..?
'അല്ല ചേച്ചി.. '
ആ പെണ്ണ് ഒരു അടിമ എന്ന പോലെ ആണ് സംസാരിക്കുന്നത്
'എന്നാൽ ക്യാന്റീനിൽ പോയിട്ട് വാ.. ഞങ്ങൾക്ക് എന്തെങ്കിലും കഴിക്കാൻ വാങ്ങിച്ചോണ്ട് വാ.. പെട്ടന്ന് വേണം..'
ആ പെൺകൊച്ചു തലയാട്ടി നടന്നു പോയി
'അതിന്റെ കയ്യിൽ നിങ്ങൾ പൈസ കൊടുത്തില്ലല്ലോ..?
ഞാൻ സംശയത്തോടെ ചോദിച്ചു. വീണ്ടും അവരെല്ലാം എന്നെ നോക്കി ചിരിച്ചു. എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു..
'അവളുടെ പേര് എന്താണെന്ന് അറിയാമോ..?
ലച്ചു എന്നോട് ചോദിച്ചു
'കരീഷ്മ എന്നല്ലേ..'
'അല്ല. ശരിക്കും അവളുടെ പേര് ഗ്രീഷ്മ എന്നാണ്.. കരീഷ്മ എന്ന് ഞങ്ങൾ വിളിക്കുന്നത് ആണ്..'
അതെന്തിനാണ് അങ്ങനെ വിളിക്കുന്നത് എന്ന് ഞാൻ ചോദിച്ചില്ല. കാരണം എനിക്ക് വ്യക്തമായിരുന്നു. അവൾ കറുത്ത നിറമാണ്.. അതിനാണ് ഇവളുമാർ അതിനെ കളിയാക്കുന്നത്.. അതും എന്നെ വരെ ഇതിൽ ഉൾപ്പെടുത്തി അതിനെ കളിയാക്കാൻ..
'എന്തിനാ അവളെ ചുമ്മാ കളിയാക്കുന്നെ.. അതൊരു പാവം ആണെന്ന് തോന്നുന്നു...'
'ഇവളുടെ സ്‌ഥിരം കുറ്റിയാണ് അവൾ..'
നീലിമ ലച്ചുവിനെ നോക്കി പറഞ്ഞു
'ലച്ചൂസിനെ ഒരു ദിവസം അവൾ ബാഡ്മിന്റൺ കോർട്ടിൽ ഇട്ടു "ക്ഷ" വരപ്പിച്ചു. അതിൽ പിന്നെ അവളെ എവിടെ കണ്ടാലും ഇവൾ വെറുതെ വിടില്ല..'
അലീന പറഞ്ഞത് കേട്ട് ലച്ചു എന്നെ നോക്കി ചിരിച്ചു
'കളിയിൽ ഉള്ളതൊക്കെ കാര്യമാക്കി എടുക്കണോ.. ഒരു സ്പോർട്സ്മാൻ സ്പിരിറ്റ് വേണ്ടേ.. അല്ലേൽ അടുത്ത കളി കളിച്ചു തോൽപ്പിക്ക്.. ഈ റാഗിംഗ് ഒക്കെ ബോർ അല്ലെ..?
'ഞങ്ങൾ ജൂനിയർ ആയപ്പോ ഇതിന്റെ ഇരട്ടി കിട്ടിയിട്ടുണ്ട്.. ഇത് പോലെ ഒന്നും ആയിരുന്നില്ല അന്ന്..'
അലീന എനിക്ക് മറുപടി തന്നു
💬 Comments
View all comments