Chapter Title : ശ്രീഭദ്രം ഭാഗം 7 [JO]
അവനാക്കാര്യം പിന്നീടൊന്നും പറയാത്തതുകൊണ്ടുതന്നെ ഞാൻ പിന്നീടതിനെക്കുറിച്ചൊട്ടു ചോദിച്ചതുമില്ല.
എന്തായാലും അവന്റെ ഉത്തരം ന്യായീകരിക്കാനാവുന്നതാന്നെന്ന തോന്നലിലാവണം നീട്ടിയൊരു മൂളലിൽ സാറുതന്റെ മറുപടിയൊതുക്കി. പക്ഷേ പിള്ളേര്മൊത്തം എന്തൊവലിയ ഫലിതം കേട്ടതുപോലെ അടക്കംപറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. അവരുദ്ദേശിക്കുന്നത് എന്താണെന്നറിയാവുന്നത് കൊണ്ടാവും എന്റെ നോട്ടം വീണ്ടും നമ്മുടെ നായികയിലേക്ക്തന്നെ പോയെന്നത് പ്രത്യേകം പറയേണ്ടല്ലോ... !!! പക്ഷേ ആ നോട്ടമേ വേണ്ടായിരുന്നൂന്നു തോന്നിപ്പോയി. എന്നെ അരച്ചുകലക്കിയങ്ങു കൊടുത്താൽ, ഒരുതുള്ളിപോലും ബാക്കിവെയ്ക്കാതെ ഒറ്റവലിക്കു കുടിക്കാൻപാകത്തിന് ദേഷ്യമുണ്ടായിരുന്നു അപ്പോഴാ മുഖത്ത്. അതുകൂടി കണ്ടതോടെ ഞാനപ്പഴേ നോട്ടം മാറ്റി. പിന്നെ നോക്കാനുള്ള ത്രാണിയുണ്ടായിരുന്നില്ല താനും. !!!.
അന്ന് വൈകുന്നേരം വരെ അതേ അവസ്ഥയായിരുന്നു. അവളുടെ മുമ്പിൽ ചെല്ലാതെ മുങ്ങിനടക്കുകയായിരുന്നു ഞാൻ. എന്താന്നറിയില്ല, അവളോട് എന്തൊവലിയ തെറ്റുചെയ്തതുപോലൊരു ഫീലായിരുന്നു എനിക്ക്. അതുകൊണ്ടുതന്നെ ഇന്റർവെൽ സമയത്ത് പുറത്തേക്ക് ചാടിയാൽ സാറെത്തുന്നതിന് തൊട്ടുമുമ്പാകും ഞങ്ങള് തിരിച്ചു വന്നുകയറുക. എന്റെ ഉദ്ദേശമറിയാതെ കൂടെവന്ന ഡിബിനെ എന്റെ മനസ്സിലുള്ളതൊന്നും ഞാൻ അറിയിച്ചതുമില്ല. പൊതുവേ ക്ലാസിൽ കയാറാനിഷ്ടമില്ലാത്ത അവന് ഞാനൊരു കമ്പനി കൊടുക്കുകയാണെന്നാവും അവനപ്പോൾ ചിന്തിച്ചിരിക്കുക.
ഒന്നുരണ്ടുവട്ടം ഞങ്ങൾ കയറിവന്നപ്പോൾ എന്തോ പറയാനായി അവളെണീക്കാൻ നോക്കിയെങ്കിലും കൃത്യസമയത്ത് വന്നുകയറി വിജേഷ് സാറും ബെറ്റിമാമും എന്നെ രക്ഷിച്ചു. പറയാനുള്ളത് പറയാൻ പറ്റാത്തതിന്റെ വീർപ്പുമുട്ടലിൽ അവളിരുന്നു ഞെളിപിരികൊണ്ടപ്പോൾ, എങ്ങനെയെങ്കിലും അവളുടെ അടുത്തൂന്ന് രക്ഷപെടണമല്ലോയെന്ന ചിന്തയിൽ ഞാനും അസ്വസ്ഥനായിരുന്നു. പക്ഷേ എന്തായാലും അവസാനം അവള് തന്നെയാണ് ജയിച്ചത്. സംഭവം നടന്നത് അന്നു വൈകിട്ടായിരുന്നു. ബെല്ലടിച്ചതും ചാടിയെണീറ്റ് ബാഗുമെടുത്തു മുങ്ങാൻ നോക്കിയ എന്നെ ഞെട്ടിച്ചുകൊണ്ട് അവളുടെ സ്വരം പെട്ടന്നുയർന്നു.
ശ്രീഹരീ... വൺ മിനിറ്റ്... ഐ വാണ്ട് റ്റു ടോക്ക് റ്റു യു...
ആ വിളിയിൽ ഞാൻ മാത്രമല്ല ക്ലാസ് മുഴുവനും ഒരുപോലെ തിരിഞ്ഞുനോക്കി. എന്തോ പന്തികേട് തോന്നിയിട്ടാവും എന്താണെന്ന മട്ടിൽ ഡിബിൻ എന്നെനോക്കിയൊന്നു കണ്ണുകാട്ടി. ഒന്നുമില്ലെന്ന മട്ടിൽ ഞാനുമൊന്നു കണ്ണടച്ചുകാട്ടിയെങ്കിലും എന്തോ ഉണ്ടെന്ന തോന്നലിലാവണം അവനെന്നെ വല്ലാത്ത ഭാവത്തോടെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. സാധാരണ എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരെ എന്റെയടുത്തേക്ക് വന്നോണ്ടിരുന്നെ നമ്മുടെ നായിക, അന്നെന്തായാലും യാതൊരു ധൃതിയുമില്ലെന്ന ഭാവമായിരുന്നു. സാവധാനത്തിൽ ബുക്കൊക്കെ ബാഗിലേക്ക് പെറുക്കിവെച്ച് ബാഗെടുത്തു തോളിലിട്ട് പോകാനുള്ള സെറ്റപ്പിലാണ് പുറത്തേക്ക് വന്നത്.
പക്ഷേ അതൊക്കെ പെറുക്കി വെയ്ക്കുന്ന സമയത്തും ഞാൻ വീണ്ടും മുങ്ങാൻ ശ്രമിക്കുന്നുണ്ടോയെന്നു നോക്കുമ്പോലെ ഇടയ്ക്കിടെയെന്നെ പാളിനോക്കുന്നുണ്ടായിരുന്നു. അതികം ദേഷ്യത്തിലല്ല മുഖമെങ്കിലും, ആ മനസ്സിലുള്ളത് എന്താണെന്നോ പ്രതികരണം എങ്ങനെയാവുമെന്നോ അറിയാത്തതിന്റെ സർവ ടെൻഷനുമുണ്ടായിരുന്നു എന്റെ മുഖത്ത്. നല്ലൊരു അടി പ്രതീക്ഷിച്ചാവും ക്ലാസിലെ ഒറ്റയെണ്ണംപോലും പുറത്തേക്ക് പോയിട്ടില്ല.
💬 Comments
View all comments