Chapter Title : തുളസിദളം 3 [ശ്രീക്കുട്ടൻ]
അതും അവൻ ചത്തില്ലെങ്കിൽ… അങ്ങനത്തൊരു സ്ഥലത്താ അവനെയാക്കാൻ പോകുന്നത് അവനെ അവിടുള്ളോര് ഉപ്പിട്ട് പുഴുങ്ങിയെടുക്കും, പക്ഷേ നീ രക്ഷപ്പെടും… നന്ദേട്ടന്റെ പട്ടമഹിഷിയായി നിനക്ക് സുഖായി ജീവിക്കാം…”
എല്ലാം കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു വൃന്ദ, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, പെട്ടെന്ന് അവൾ ശില്പയുടെ കാലിൽ വീണു.
“ശിൽപേച്ചി രക്ഷിക്കണം, എനിക്കരുടേം പട്ടമഹിഷി ആകണ്ട…എനിക്കെന്നും എന്റെ കണ്ണനെ കണ്ണുനിറയെ കണ്ടാ മതി, അതിന് എന്തുവേണേലും ശിൽപ്പേച്ചിക്ക് ചെയ്തുതരാം ഞങ്ങളെ സഹായിക്കണം…”
അവൾ കരഞ്ഞുകൊണ്ട് അവളുടെ കാലുപിടിച്ചു പറഞ്ഞു
“ഛീ…കാലിന്ന് വിടടി… ഇതൊക്കെ ഓരോന്ന് ചെയ്തുകൂട്ടുമ്പോ ആലോചിക്കണമായിരുന്നു… നീ നിന്റെ അവിടേം ഇവിടേം ഒക്കെ കാണിച്ചു കാണാൻകൊള്ളാവുന്ന ആൺപിള്ളേരെ വളക്കുമ്പോ ഓർക്കണമായിരുന്നു… എന്റെ സഹായം കിട്ടൂന്ന് വിചാരിച്ച് ഇരിക്കേണ്ട, അവന് അഹങ്കാരം കൊറച്ചു കൂടുതലാ…അനുഭവിക്കട്ടെ…”
ശില്പ അവളെ നോക്കിക്കൊണ്ട് പറഞ്ഞു
“അങ്ങനെ പറയല്ലേ ശിൽപ്പേച്ചി ഞങ്ങളെ സഹായിക്കാൻ ശിൽപ്പേച്ചിയെ ഉള്ളു…സഹായിക്കണം…”
ശില്പ ചെറുതായോന്നയഞ്ഞു, പിന്നീടെന്തോ ആലോചിക്കുന്നപോലെ നിന്നു.
“ഞാനൊന്നാലോചിക്കട്ടെ, പക്ഷേ ഞാൻ പറയുന്ന കാര്യം നീയെനിക്ക് വേണ്ടി ചെയ്തുതരുമെന്ന് കാവിലമ്മയെകൊണ്ട് ആണയിടണം…പകരത്തിന്പകരം, സമ്മതിച്ചോ?”
“കാവിലമ്മയാണേ സത്യം ഞാൻ എന്ത് വേണേലും സമ്മതിക്കാം എനിക്ക് എല്ലാത്തിലും വലുത് എന്റെ കണ്ണനാ…”
അവൾ പ്രതീക്ഷയോടെ ശില്പയെ നോക്കി…
ശില്പ കനത്തിൽ ഒന്ന് മൂളിയിട്ട് പുറത്തേക്ക് പോയി, വാതിക്കൽ എത്തി തിരിഞ്ഞു നോക്കി അവളുടെ ചുണ്ടിൽ ഒരു ഗൂഡസ്മിതം ഉണ്ടായിരുന്നു…
••❀••
അന്ന് രാത്രി അത്താഴത്തിന്റെ സമയത്ത് ടേബിളിൽ ഭക്ഷണം കൊണ്ട് വച്ചു തിരിഞ്ഞ വൃന്ദയേ രാജേന്ദ്രൻ വിളിച്ചു
“ഡീ.. പെണ്ണേ ആ ചെറുക്കന്റെ തുണികളും പുസ്തകങ്ങളും മറ്റും നാളെത്തന്നെ റെഡിയാക്കി വച്ചേക്കണം…അവനിനിമുതൽ ഇവിടെ നിന്ന് പഠിക്കണ്ട, ഇവിടെ നിന്നാൽ അവൻ വലിയ ഗുണ്ടയാവും, അതോണ്ട് അവനെ ബോർഡിങ്ങിൽ ആക്കാം…”
അതുകേട്ട് വൃന്ദയും അപ്പോൾ അവിടേക്ക് വന്ന നളിനിയും ഒന്ന് ഞെട്ടി,
“വലിയച്ഛാ…അവനിനി ഒരു പ്രശ്നവുമുണ്ടക്കില്ല, അവനെ ഇവിടുന്ന് പറഞ്ഞയക്കല്ലേ…”
വൃന്ദ വിതുമ്പിക്കൊണ്ട് പറഞ്ഞു.
“വേണ്ട…നീ ഞാൻപറഞ്ഞതങ്ങ് കേട്ടാ മതി കൂടുതൽ സംസാരോന്നുമേണ്ട…ഞാനെല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്….”
രാജേന്ദ്രൻ ഭക്ഷണത്തിൽ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു…
“രാജേട്ടാ…. ഇനി അവനൊരു കുരുത്തക്കേടുമുണ്ടക്കില്ല, അതിനുംവേണ്ടി രാജേട്ടൻ അവനെ തല്ലിയില്ലേ…?അവനിവിടെ നിന്നോട്ടെ അവനെ ഞാൻ നോക്കിക്കൊള്ളാം….”
💬 Comments
View all comments