Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]
അവൻ ബുള്ളറ്റ് പറപ്പിച്ചു.
കുറേ ദൂരം മുന്നോട്ടേക്ക് എത്തിയതും മുൻപിൽ വഴി രണ്ടായി ഭാഗിക്കപെട്ടിരിക്കുന്നത് അവൻ ശ്രദ്ധിച്ചു. ആശുപത്രിയിൽ പോയ ഓർമയിൽ അനന്തു ബുള്ളറ്റ് വലത്തോട്ടുള്ള വഴിയിലേക്ക് കയറി പോകാൻ ഹാൻഡിൽ തിരിക്കാൻ ശ്രമിച്ചതും ബുള്ളറ്റ് ഇടതു വശത്തേക്ക് തനിയെ കേറി പോയി.
ആ റോഡിലൂടെ ബുള്ളറ്റ് മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു. അനന്തു ഞെട്ടലോടെ വണ്ടി ചവിട്ടി നിർത്താൻ നോക്കി. എന്നാൽ അത് പ്രവർത്തനരഹിതമായിരുന്നു.
ആ സമയം അവന്റെ നട്ടെലിലൂടെ മിന്നൽ പിണർ പാഞ്ഞു. അനന്തു വെപ്രാളത്തോടെ ഫ്രന്റ് ബ്രേക്കും പിടിച്ചു നോക്കി.എന്നാൽ അതും പ്രവർത്തനരഹിതമായിരുന്നു.
അവൻ ഭയത്തോടെ ആക്‌സിലേറ്ററിൽ നിന്നും കയ്യെടുത്തു. ആ സമയം വണ്ടിയുടെ വേഗത കുറഞ്ഞെങ്കിലും പൊടുന്നനെ ആക്‌സിലേറ്റർ മറ്റാരുടെയോ പ്രേരണ പോലെ തനിയെ വീണ്ടും തിരിഞ്ഞു. അതോടെ ബുള്ളറ്റിന്റെ കുറഞ്ഞ വേഗത കൂടിയതായി മാറി.
ബുള്ളറ്റ് സ്വയം ഗിയർ മാറ്റി മുന്നിലേക്ക് ചാട്ടുളി പോലെ കുതിച്ചു. അനന്തു പേടിയോടെ ബ്രേക്കിൽ ആഞ്ഞു ചവുട്ടിക്കൊണ്ടിരുന്നു. പക്ഷെ നിരാശയായിരുന്നു ഫലം.
മറ്റാരുടെയോ പ്രേരണയിൽ ബുള്ളറ്റ് മുന്നിലേക്ക് നീങ്ങി.വണ്ടിയിൽ നിന്നും എടുത്തു ചാടിയാലോ എന്നവൻ ചിന്തിച്ചു. എന്നാൽ ബുള്ളറ്റിനു എന്തേലും പറ്റിയാൽ ആ മൂധേവി തന്നെ ബാക്കി വച്ചേക്കില്ലെന്നു അവന് ഉറപ്പായിരുന്നു.
ഏതായാലും മരണം മുന്നിലെത്തിയെന്നു അവന് മനസിലായി. കൊല്ലങ്ങളായിട്ട് ഓടാതെ കിടന്നിരുന്ന ഒരു ബൈക്ക് എടുക്കാൻ പോയ നിമിഷത്തെ അവൻ ശപിച്ചു.
ഏതേലും കുഴിയിലോ അല്ലേൽ മരത്തിലോ ഈ വണ്ടി പോയി ഇടിക്കുമെന്നു അവന് ഏകദേശം ഉറപ്പായി. എങ്കിലും അവസാന ശ്രമമെന്നോണം ബ്രേക്കിൽ ഒന്നുകൂടി ആഞ്ഞു ചവിട്ടികൊണ്ടിരുന്നു.
പക്ഷെ ഒന്നും നടന്നില്ല.അടിക്കടി ഗിയർ മാറുന്നതും ആക്‌സിലേറ്റർ തിരിയുന്നതുമായ ശബ്ദം മാത്രം അവൻ ഇടക്കിടക്ക് കേട്ടുകൊണ്ടിരുന്നു.വളവും തിരിവും ബുള്ളറ്റ് അനായാസത്തോടെ സ്വയം വെട്ടിച്ചെടുത്തു.
മരിക്കാൻ സമയമായെന്ന് മനസിലായതോടെ അനന്തുവിന്റെ മുൻപിൽ അമ്മ മാലതിയുടെയും ശിവയുടെയും അച്ഛന്റെയും അച്ഛച്ചന്റെയും മുഖങ്ങൾ ഓരോന്നായി ഓർമ വന്നു.
💬 Comments
View all comments