Chapter Title : യക്ഷയാമം 11 [വിനു വിനീഷ്]
പിടിച്ചുനിർത്താൻ എനിക്കുകഴിയുന്നില്ല. ഞാനറിയാതെ ചലിച്ചുപോകുന്നു. ശരീരം തളരുന്നപോലെ
ചിലപ്പോൾ നാളെ എന്റെ മരണമാകാം.."
"എന്തായിരിക്കും ഇതിനർത്ഥം."
ഗൗരി സ്വയം ചോദിച്ചു.
"നാളെ മാഷിനെ ഒന്നുകാണണം"
അവൾ മനസിലുറപ്പിച്ചു.
"ഗൗര്യേച്ചി, വാ പോവാം.."
അമ്മു വീണ്ടും മുറിയിലേക്ക് കടന്നുവന്നു.
ഗൗരി പുസ്തകം മടക്കി തന്റെ അലമാരയുടെ അറയിൽവച്ച് പൂട്ടി മുത്തച്ഛന്റെകൂടെ മനസില്ലാമനസോടെ ഇറങ്ങിത്തിരിച്ചു.
ശിവക്ഷേത്രത്തിലെ മണ്ഡപത്തിൽ സന്ധ്യാസമയങ്ങളിൽ കലാമണ്ഡലം ശ്രീമതി രേണുകയുടെ സംഗീത ക്ലാസ് നടക്കുന്നുണ്ട്. അമ്മുവിനെയും ഗൗരിയെയും പരിചയപ്പെടുത്തി,സംഗീതം അഭ്യാസിപ്പിക്കുവാൻ രേണുകയോട് തിരുമേനി കല്പിച്ചു.
"നിയിപ്പ അതിന്റെ ഒരു കുറവേ ണ്ടായിരുന്നൊള്ളു."
വിരസതയോടെ അമ്മു പറഞ്ഞു.
ദീപാരാധന കഴിഞ്ഞ് അവർ മഹാദേവനെ തൊഴുത് മനയിലേക്ക് തിരിച്ചു.
പാടവരമ്പിലൂടെ നടന്നുപോകുമ്പോഴായിരുന്നു എതിരെനിന്ന് ഒരു സ്ത്രീ വരുന്നത് കണ്ടത്.
തിരുമേനിയെ കണ്ടമാത്രയിൽ അവർ വേഗം വരമ്പിൽനിന്നും ചളിയിലേക്ക് ഇറങ്ങി വഴിയൊരുക്കി.
"എന്താ നീല്യേ..സുഖല്ലേ..?"
പൗരുഷമാർന്ന ശബ്ദത്തിൽ തിരുമേനി ചോദിച്ചു.
"അതെ മ്പ്രാ.."
തലതാഴ്‍ത്തി അവർ പറഞ്ഞു.
"നിനക്കുള്ള അരീം സാധനങ്ങളും അംബികയെ ഏല്പിച്ചിട്ടുണ്ട്. അത്രേടം വരെ വന്ന് അതൊന്നുവാങ്ങിച്ചോണ്ടു പൊയ്ക്കോളൂ."
"ഉവ്വമ്പ്രാ. "
അവർ അപ്പോഴും തല താഴ്ത്തിതന്നെ നിൽക്കുകയായിരുന്നു.
തിരുമേനി നടന്നുനീങ്ങി.
കൂടെ അമ്മുവും,ഗൗരിയും.
"മുത്തശ്ശാ, ആരാ അത് ?.."
സംശയത്തോടെ ഗൗരി ചോദിച്ചു.
"നീല്യാ... പറമ്പില് പണിയെടുക്കുന്നോളാ.."
തിരിഞ്ഞുനോക്കാതെ തിരുമേനി പറഞ്ഞു.
അരുണൻ വിടപറയാൻ നിന്നു.
അന്തിച്ചോപ്പ് നെൽവയലിനെ കൂടുതൽ വർണ്ണാലങ്കാരമാക്കി. വിണ്ണിൽ തിങ്കൾ ഒളികണ്ണിട്ട് അവരെ നോക്കുന്നുണ്ടായിരുന്നു.
വയലിനുനടുവിലുള്ള ആർമരത്തിൽ കിളികളും വവ്വാൽ കൂട്ടങ്ങളും കലപില ശബ്ദമുണ്ടാക്കി.
കൂടെ ശിവക്ഷേത്രതിൽനിന്നും കേൾക്കുന്ന ഭക്തിഗാനങ്ങളും.
ദീർഘശ്വാസമെടുത്ത് ഗൗരി ശുദ്ധവായുവിനെ സ്വാഗതം ചെയ്തു.
മനയിലേക്ക് വന്നുകയറിയ തിരുമേനി ഉമ്മറത്ത് കിണ്ടിയിൽവച്ച ജലമെടുത്ത് കൈകാലുകൾ കഴുകി ശുദ്ധിവരുത്തി ഉമ്മറത്തേക്ക് കയറിയിരുന്നു.
"മുത്തശ്ശാ, നേരത്തെ കണ്ട ആ സ്ത്രീക്ക് ഇവിടെനിന്നാണോ ഭക്ഷണം പാകംചെയ്യാനുള്ള സാധനങ്ങൾ കൊടുക്കുന്നത്."
ഉമ്മറത്തെ തിണ്ണയിൽ കയറിയിരുന്ന് ഗൗരി ചോദിച്ചു.
അമ്മുവും അവളോടൊപ്പം കയറിയിരുന്നു.
"അംബികേ, ഇച്ചിരി വെള്ളം ഇങ്ങെടുക്കൂ.."
അകത്തേക്ക് നോക്കിക്കൊണ്ട് തിരുമേനി പറഞ്ഞു.
"ചോദിച്ചതിന് ഉത്തരം താ മുത്തശ്ശാ.."
അരിശംമൂത്ത ഗൗരി ചോദിച്ചു.
"ഹഹഹ, ഒരു കാലത്ത് നാടിനെ വിറപ്പിച്ച ഇരുട്ടിന്റെ രാജാവ് താമിയുടെ ഭാര്യയാണ് നീലി."
💬 Comments
View all comments