“അതെ സാർ…”
പുഞ്ചിരി മായാതെ തന്നെ എസ്ഐ ആൾക്കൂട്ടത്തിനു നേരെ തിരിഞ്ഞു.
“ അതേയ്, ആരാ ഈ വിവരം കൃത്യമായി പോലീസിനെ അറിയിച്ചത്? ഒന്ന് മുന്നിലേക്ക് വന്നാട്ടെ.”
ആ ചോദ്യം കേൾക്കെ ഒരു വിജയിയുടെ ഭാവത്തോടെ സതീശന്‍ പതിയെ മുന്നിലേക്ക് വന്നു.
“ സാർ.. ഞാനാണ് വിളിച്ചത്.. അതെന്റെ പൗരധർമ്മമാണല്ലോ.”
“ ഓഹോ, എന്താ ഒരു പൗരധർമ്മം! ആട്ടെ.. ഈ വീടിനുള്ളിൽ എന്ത് അനാശാസ്യമാണ് സാർ കണ്ടത്?”
ആ അപ്രതീക്ഷിത ചോദ്യത്തിന് മുന്നിൽ സതീശന്‍ ഒന്ന് പതറി..
“അത് പിന്നെ സാർ… ഈ ചെക്കൻ എന്നും രാത്രി ഇവിടെ…..”
അയാളുടെ പതർച്ച അൽപനേരം നോക്കി നിന്ന ശേഷം എസ്ഐ ചുറ്റും കൂടിയവർക്ക് നേരെ തിരിഞ്ഞു.
“ ഈ വീട്ടിൽ ഇവർ ഈ പയ്യനുമായി എന്ത് അവിഹിതം നടത്തിയെന്നാണ് നിങ്ങൾ പറയുന്നത്? അനാവശ്യമായ എന്തെങ്കിലും നേരിൽ കണ്ടവർ ഇക്കൂട്ടത്തിൽ ഉണ്ടോ?”
ആ ചോദ്യത്തിന് മുന്നിൽ ആർക്കും തന്നെ മറുപടിയില്ലായിരുന്നു. അത് കണ്ടപ്പോൾ വീണ്ടും അംബികയ്ക്ക് നേരെ തിരിഞ്ഞു അയാൾ.
“ ടീച്ചർ കഴിഞ്ഞയാഴ്ച എസ് പി ഓഫീസിലും വനിതാ കമ്മീഷനിലും ഒരു പരാതി കൊടുത്തിരുന്നല്ലോ. സതീശന്‍ എന്നൊരാൾ ഫോണില്‍ വിളിച്ച് നിരന്തരമായി ഭീഷണിപ്പെടുത്തുന്നെന്ന് കാണിച്ച്… അന്ന് മുതൽ ഇവൻ ഞങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. ഇവൻ നിങ്ങളോട് അപമര്യാദയായി സംസാരിച്ചതിന്റെ ഫോൺരേഖകളുണ്ട്. ഉടൻ വേണ്ട ആക്ഷൻ എടുക്കാനാണ് മുകളീന്നുള്ള ഇൻസ്ട്രക്ഷൻ..”
എസ്ഐയുടെ മറുപടിയിൽ സതീശൻ വിറളി പോകവേ കണ്ണന്റെയും അംബികയുടെയും മിഴികളിൽ പ്രതീക്ഷയുടെ തിളക്കം വച്ചു. അപ്രതീക്ഷിതമായ വാക്കുകൾ കേട്ട് ഒരു നിമിഷം ആശ്വാസത്തോടെ പരസ്പരം നോക്കി നിന്നുപോയി അവർ. പണി പാളിയെന്നറിഞ്ഞ് പതിയെ പിന്നിലേക്ക് ചുവടുകൾ വച്ച സതീശനെ പോലീസ് കോളറിന് പിടിച്ച് പൊക്കി. നിമിഷങ്ങൾക്കകം അംബികയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയാളെ വിലങ്ങു വച്ചു.
“ സാറേ, ഞാൻ ഒന്നും ചെയ്‌തിട്ടില്ല. ഇവളുടെ തൊലിവെളുപ്പും മേനിക്കൊഴുപ്പും കണ്ട് സാറിന്റെയും കണ്ണ് മഞ്ഞളിച്ചോ?”
ചെകിടു പൊട്ടുമാറ് ഒരടിയായിരുന്നു അതിന് എസ്ഐയുടെ മറുപടി. അതോടെ ആൾക്കൂട്ടം നാലുപാടും ചിതറിയോടി.
“ നീയിവർക്ക് വാട്ട്സാപ്പിൽ അയച്ച അശ്ശീലചിത്രങ്ങളും ഭീഷണി സന്ദേശങ്ങളും നാളെ കൃത്യമായി മജിസ്ട്രേറ്റിന്റെ മുന്നില്‍ എത്തിക്കുന്നുണ്ട്. ജാമ്യം കിട്ടുമെന്ന് പോലും വിചാരിക്കണ്ട നീ.. വനിതാകമ്മീഷന്‍ ഇടപെട്ട കേസാ… രാഷ്ട്രീയക്കാര്‍ പോലും പൊങ്ങില്ല.”
40 page kazhinju, 50 page ezhuthi tharam ennu paranju poya aala.