“…ദേവു പ്ലീസ് അന്ന് ഞാൻ ചെയ്തത് തെറ്റ് ആണ്. ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ അന്നേ നിന്നെ…” പറഞ്ഞു മുഴുവക്കാൻ കഴിയാതെ തേജസിന്റെ ശബ്ദം പതറി.
“…കഴിഞ്ഞതിനെ പറ്റി ചിന്തിക്കാനോ വിഷമിക്കാനോ എനിക്ക് താല്പര്യം ഇല്ല…”
“…ദേവു ഞാൻ നിന്നെ കല്യാണം കഴിച്ചോട്ടെ…”മുഖവര ഇല്ലാതെ തേജസ് ചോദിച്ചു.
“…കല്യാണം…ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും വെറുക്കുന്ന വാക്കാണ് അത്. അല്ല ഇപ്പൊ എന്താ അങ്ങനെ തോന്നാൻ എന്റെ കഥകൾ അറിഞ്ഞപ്പോ തോന്നിയ സഹതാപമോ അതോ പണ്ട് ചെയ്ത തെറ്റിന്റെ കുറ്റബോധമോ…” ദേവുവിന്റെ ഓരോ വാക്കും മൂർച്ച കൂടിയ കത്തിയായി തേജസിനെ കുത്തിമുറിവേൽപ്പിച്ചു.
“… രണ്ടും അല്ല. നിന്നോട് ഉള്ള ഇഷ്ട്ടം കൊണ്ട് ചോദിക്കുന്നത…”
“…പണ്ട് ഇതുപോലൊരു ബസ് സ്റ്റോപ്പിൽ വച്ച് ഞാൻ ഏറെ കൊതിയോടെ കേൾക്കാൻ ആഗ്രഹിച്ച വാക്കാണ് നിങ്ങൾ ഇപ്പൊ പറഞ്ഞത്. എന്നാൽ ഇനി ഒരു കുടുംബ ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല…” അത്രമാത്രം പറഞ്ഞ് ബാഗിലെ കുട നിവർത്തി ആർത്ത് പെയ്യുന്ന മഴയിൽ ദേവു വീടിനെ ലക്ഷ്യമാക്കി നടന്നു.
മഴ നനഞ്ഞു തന്നെ ദേവുവിന്റെ പിന്നാലെ ഓടി അവളുടെ കൈയിൽ പിടിച്ച് തനിക്ക് നേരെ തിരിച്ച് തേജസ് പറഞ്ഞു. “… ദേവു നിന്നെയും കുഞ്ഞിനേയും ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്റൊപ്പം വന്നൂടെ നിനക്ക്…”
“…എന്ത് വിശ്വസിച്ച ഞാൻ നിങ്ങൾക്ക് ഒപ്പം വരേണ്ടത്. ഇഷ്ട്ടപെട്ട പെണ്ണിനെ കാട്ടാളനെ പോലുള്ള ഒരുത്തന് തിന്നാൻ എറിഞ്ഞു കൊടുത്ത നിങ്ങളെ എനിക്ക് അറപ്പ് ആണ്. നിങ്ങൾക്ക് അറിയോ കല്യാണം കഴിയും വരെ നിങ്ങളുടെ ഒരു വിളിക്കായി ഞാൻ കാതോർത്ത് ഇരുന്നിട്ടുണ്ട്. എന്റെ വീട്ടുകാർ എന്നോട് ചെയ്തത് ഞാൻ ക്ഷമിക്കും കാരണം നിരഞ്ജനെ പറ്റി അവർക്ക് അറിയില്ലല്ലോ. പക്ഷെ എല്ലാം അറിയാവുന്ന നിങ്ങൾ…” വിഷമത്താൽ ദേവുവിന് വാക്കുകൾ മുഴുവപ്പിക്കാൻ കഴിഞ്ഞില്ല.
