പിന്നാലെ ആ മെഡിക്കൽ റിപ്പോർട്ടിലെ ‘അഡ്വാൻസ്ഡ് സ്റ്റേജ് കാൻസർ’ എന്ന വാക്കുകൾ കണ്ടപ്പോൾ അവളുടെ ശ്വാസം നിലച്ചുപോയി.
മാത്യുവിന്റെ ശബ്ദം ഇടറിയിരുന്നു:
“എന്നെ കേൾക്കണ്ട നതാഷാ… ഇയാൾ തന്നെ പറയും. പ്രതികാരത്തിന്റെ കഥയും സത്യങ്ങളും എല്ലാം.
നിന്നെ സ്നേഹിക്കാനല്ല, എന്നെ തകർക്കാൻ വേണ്ടിയാണ് ഇയാൾ നിന്നെ കൂടെക്കൂട്ടിയത്.
ഇയാൾ മരിക്കാൻ പോവുകയാണ് നതാഷാ… ഒരു വർഷം! അതിൽ പാതിയിൽ കൂടുതൽ സമയം കഴിഞ്ഞിരിക്കുന്നു…അതിനുള്ളിൽ നിന്നെക്കൂടി നശിപ്പിക്കാനാണ് ഇയാളുടെ നീക്കം.”
നതാഷ സാമിനെ നോക്കി. അവളുടെ കണ്ണുകളിൽ ചോദ്യങ്ങളായിരുന്നു. പക്ഷേ സാം ഒട്ടും പതറിയില്ല. അയാൾ ചുമരിൽ ചാരിനിന്ന് ഒരു വിചിത്രമായ പുഞ്ചിരിയോടെ അവളെ നോക്കി.
മാത്യുവിന്റെ വാക്കുകൾ ആ മുറിയിൽ ശൂന്യത പടർത്തി.
താൻ ഇത്രയും കാലം അറിഞ്ഞ സത്യങ്ങളെല്ലാം നതാഷയ്ക്ക് മുന്നിൽ അടിയറവ് വെച്ച്, ഒരു തോറ്റവനെപ്പോലെ മാത്യു പടിയിറങ്ങി.
“വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിക്ക് നതാഷാ…”
എന്ന അയാളുടെ അവസാന വാചകം ആ മലഞ്ചെരിവിലെ കാറ്റിൽ അലിഞ്ഞുപോയി.
മാത്യു ഇറങ്ങിയതോടെ ആ വീട് ഒരു ശ്മശാനതുല്യമായി.
നതാഷയുടെ കൈകളിൽ നിന്ന് ആ മെഡിക്കൽ റിപ്പോർട്ടും അമലയുടെ ചിത്രവും നിലത്തു വീണു. അവളുടെ കണ്ണുകളിൽ നിന്ന് പ്രളയം പോലെ കണ്ണുനീർ ഒഴുകി.
നതാഷ വിറയ്ക്കുന്ന ശബ്ദത്തിൽ സാമിനെ നോക്കി ചോദിച്ചു:
“സാം… അപ്പോൾ എന്നോട് കാണിച്ച സ്നേഹമൊക്കെ…
അതൊക്കെ ആ പ്രതികാരത്തിന്റെ ഭാഗമായിരുന്നോ?
എന്നെ ചേർത്തുപിടിച്ചപ്പോഴും എന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോഴും നീ കണ്ടിരുന്നത് മാത്യുവിനോടുള്ള പക മാത്രമായിരുന്നോ?
