ഈ ഫോട്ടോ… എന്നെ നോക്കി നീ വരച്ചത് അമലയെ മനസ്സിൽ കണ്ടുകൊണ്ടായിരുന്നോ സാം?”
സാം ഒരു നിമിഷം തകർന്നുപോയി.
അയാളുടെ കണ്ണുകളിലെ ആ തീക്ഷ്ണത മാറി, അവിടെ വല്ലാത്തൊരു വേദന നിറഞ്ഞു. അയാൾ പതുക്കെ നതാഷയുടെ അടുത്തേക്ക് വന്നു.
”നതാഷാ…”
സാം കിതച്ചുകൊണ്ട് പറഞ്ഞു.
“പ്രതികാരം എന്ന രൂപത്തിൽ തന്നെയാണ് ഞാൻ നിന്റെ ജീവിതത്തിലേക്ക് വന്നത്.
മാത്യുവിന് ഏറ്റവും പ്രിയപ്പെട്ടതിനെ തകർക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം.
പക്ഷേ… എന്തോ എനിക്ക് അതിന് കഴിഞ്ഞില്ല.
നിന്നോടൊപ്പം ചിലവഴിച്ച ഓരോ നിമിഷവും എന്നിൽ പ്രണയം നിറയുകയായിരുന്നു.
അമല പോയതോടെ എന്നിൽ മരിച്ചുപോയ ആ പഴയ സാം നിന്നിലൂടെ തിരിച്ചു വരികയായിരുന്നു. അറിയില്ല നതാഷാ…
എന്റെ പ്രതികാരമൊക്കെ എപ്പോഴാണ് ആവിയായി പോയതെന്ന് എനിക്ക് പോലും അറിയില്ല. ഞാൻ നിന്നെ ശരിക്കും സ്നേഹിച്ചു പോയി…”
നതാഷ ആകെ തകർന്നുപോയി.
ജീവിതം അവളെ ഒരു വലിയ കെണിയിൽ പെടുത്തിയിരിക്കുന്നു.
ഒരു വശത്ത്, താൻ ജീവന് തുല്യം സ്നേഹിച്ച ഭർത്താവ് മാത്യു.
അയാളെ താൻ വഞ്ചിച്ചു എന്ന കുറ്റബോധം അവളെ വേട്ടയാടുന്നു.
പക്ഷേ ആ ചതിക്ക് പിന്നിൽ സാമിന്റെ തന്ത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ അവൾക്ക് ആരോടാണ് ദേഷ്യം തോന്നേണ്ടത് എന്ന് മനസ്സിലാകുന്നില്ല.
മറുവശത്ത് സാം… മരണം തൊട്ടുമുന്നിൽ നിൽക്കുന്ന ഒരാൾ.
കാൻസർ അയാളുടെ ശരീരത്തെ കാർന്നുതിന്നുമ്പോഴും, അയാൾ തന്നോട് കാണിച്ച ആ സ്നേഹത്തിൽ മായം ഉണ്ടായിരുന്നില്ല എന്ന വെളിപ്പെടുത്തൽ അവളെ കൂടുതൽ തളർത്തിക്കളഞ്ഞു.
